പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പപ്പായച്ചെടികള്‍ നാലഞ്ചു കായ്കള്‍ വന്നശേഷം ഇലകള്‍ മുകളിലേക്ക് പോകും തോറും വിളറിച്ചെറുതായി വെളുത്തു ചുരുണ്ടുപോകുന്നു. വീട്ടിനടുത്തു 500 അടി ദൂരത്തു ഒരു ടവര്‍ ഉണ്ട്. അതാണോ കാരണം? കുരുടിപ്പ് മാറ്റാന്‍ എന്ത് ചെയ്യേണ്ടത്.?
കേരളത്തില്‍ പപ്പായക്കൃഷിക്ക് നിലവില്‍ ഏറ്റവുമധികം തലവേദന ഉണ്ടാക്കുന്നത് വൈറസ് രോഗങ്ങള്‍ ആണ്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് 'റിങ് സ്‌പോട്ട് വൈറസ്' വരുത്തുന്ന രോഗം. രോഗമുള്ള തൈകള്‍ നടുന്നത് വഴിയോ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ വഴിയോ ആണ് മിക്കവാറും രോഗം വ്യാപിക്കുന്നത്. മുഞ്ഞകളാണ് വൈറസിന്റെ വ്യാപനം നടത്തുന്നത്. വെള്ളീച്ചകളും വൈറസ് വാഹകരാണ്. ഇവയെ നിയന്ത്രിക്കാനായാല്‍ തന്നെ വലിയൊരു പരിധി വരെ രോഗം വ്യാപിക്കാതെ തടയാം.
ഇതിന് വേപ്പെണ്ണ-സോപ്പ് മിശ്രിതം (5 മില്ലി വേപ്പെണ്ണ, ഒരു ലിറ്റര്‍ വെള്ളം, 10 ഗ്രാം സോപ്പ്) തളിക്കുന്നതോടൊപ്പം, സ്യൂഡോമോണസ് ലായനിയും (20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) തളിച്ചുകൊടുക്കണം. ഇത് രോഗബാധ കാര്യമായി കുറച്ചുവെന്ന് പരീക്ഷണങ്ങളില്‍നിന്ന് തെളിഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ നിംബിസിഡിന്‍ രണ്ടുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് തളിക്കാം; തുടര്‍ന്ന് വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.
വൈറസ് ബാധ രൂക്ഷമെങ്കില്‍ തയോമെത്തോക്‌സാം അഞ്ചുഗ്രാം 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം. ഇതിനൊക്കെ പുറമേ ഇല ചുരുളലുണ്ടെങ്കിലും കായ് പിടിച്ചു നില്‍ക്കുന്ന മരങ്ങളില്‍ 10 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ലായനിരൂപത്തില്‍ തളിച്ച് ഇലകളുടെ ആരോഗ്യം നിലനിര്‍ത്താനും ശ്രമിക്കാറുണ്ട്. രോഗബാധ രൂക്ഷമായ ചെടികള്‍ നിര്‍ത്തിയാല്‍ അത് വൈറസ് വ്യാപനത്തിന് ഇടയാക്കും എന്നതിനാല്‍ അവ യഥാസമയം വേരോടെ നീക്കി കത്തിച്ചുകളയാന്‍ ശുപാര്‍ശ ചെയ്യുന്നുമുണ്ട്.
എന്തായാലും വീടിനടുത്തുള്ള ടവറും ഈ വൈറസ് രോഗവുമായി ഒരു ബന്ധവുമില്ല എന്നോര്‍ക്കുമല്ലോ.
തയ്യാറാക്കിയത് സുരേഷ് മുതുകുളം
Content Highlights: Control of Rringspot virus in papaya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..