Representative Image | Photo: Canva.com
ചൂടുള്ള വേനലും അമിതമാകാത്ത മഞ്ഞുകാലവുമാണ് കുറ്റിമുല്ല (കുടമുല്ല) കൃഷിക്ക് അനുയോജ്യം. വേരുപിടിപ്പിച്ചതോ മണ്ണില്‍ പതിവെച്ചെടുക്കുന്ന തൈകളോ, മുറിച്ചെടുക്കുന്ന തണ്ടുകളോ നടാനെടുക്കാം. പുതുതായി കൃഷി തുടങ്ങുന്നവര്‍ക്ക് കേരള കാര്‍ഷിക സര്‍ലകലാശാലയുടെ മണ്ണുത്തിയിലെ സെന്‍ട്രല്‍ നഴ്‌സറി, കൃഷി വിഞ്ജാനകേന്ദ്രങ്ങള്‍, കൃഷിവകുപ്പിന്റെ കൃഷിത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് നല്ല വേരുപിടിപ്പിച്ച തൈകള്‍ മിതവിലയ്ക്ക് വാങ്ങാം. മേയ്-ജൂണ്‍ മുതല്‍ ഓഗസ്റ്റു വരെയുള്ള മാസങ്ങളാണ് കുറ്റിമുല്ലയുടെ മുഖ്യനടീല്‍കാലം. 45 സെന്റീമീറ്റര്‍ നീളം, വീതി, ആഴം എന്ന അളവില്‍ കുഴികളെടുത്ത് ഒരാഴ്ച മൂടാതെയിടുക. കുഴികള്‍ തമ്മില്‍ 1.2 മീറ്റര്‍ ഇടയകലം വേണം. ഈയകലത്തില്‍ ഒരു സെന്റ് സ്ഥലത്ത് 25 കുഴി കുത്താം. കുഴിയൊന്നിന് മൂന്നുമുതല്‍ 15 കിലോവരെ ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, 150 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 100 ഗ്രാം കടലപ്പിണ്ണാക്ക് എന്നിവചേര്‍ത്ത് കുഴിമൂടണം.
ഒപ്പം മേല്‍മണ്ണും മണലും ചേര്‍ക്കുക. ഒരു കുഴിയില്‍ വേരുപിടിപ്പിച്ച രണ്ട് തൈവീതം നടാം. വേനലില്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നന നിര്‍ബന്ധം. 10 കിലോ ചാണകം, പത്തുലിറ്റര്‍ ഗോമൂത്രം, രണ്ടുകിലോ ശര്‍ക്കര, രണ്ടുകിലോ ചെറുപയര്‍ മുളപ്പിച്ചത്, ഒരുപിടി മേല്‍മണ്ണ്, 200 ലിറ്റര്‍ വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന 'ജീവാമൃതം' മുല്ലച്ചെടികള്‍ക്ക് ഉത്തമ പുഷ്പിക്കല്‍ പ്രേരകമാണ്.
പുഷ്‌പോത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ കൊമ്പുകോതല്‍ അഥവാ പ്രൂണിങിന് വലിയ സ്വാധീനമുണ്ട്. വളര്‍ച്ച തീര്‍ന്ന കമ്പുകള്‍, ഉണങ്ങി രോഗം ബാധിച്ച ശിഖരങ്ങള്‍ തുടങ്ങിയവ മുറിച്ചുനീക്കണം. 45-60 സെന്റിമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുന്നു. ഇങ്ങനെ മുറിച്ച കൊമ്പുകളുടെ അഗ്രഭാഗത്ത് ബോര്‍ഡോ കുഴമ്പ് പുരട്ടണം. ഒപ്പം നനയ്ക്കുകയും വളങ്ങള്‍ ചേര്‍ക്കുകയും വേണം. നട്ട് ആറുമാസത്തിനകം പൂവിടാന്‍ തുടങ്ങും. നാലാം മാസം ഉണ്ടാകുന്ന പൂങ്കുലകള്‍ നുള്ളിക്കളയണം. ഇടയ്ക്ക് വള്ളി പടര്‍ന്ന് വളരാന്‍ അനുവദിക്കരുത്. രണ്ടാംവര്‍ഷം മുതല്‍ ഏഴാം വര്‍ഷം വരെയാണ് ചെടികള്‍ പരമാവധി പൂക്കള്‍ തരുക.
Content Highlights: all you need to know about jasmine farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..