കാര്‍ഷിക പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രമാണ് വയനാടിനുളളത്. ഒരു കാലത്ത് കൃഷിക്കാര്‍ ഈ നാടിന്റെ രാജക്കന്മാരായിരുന്നു. നാട്ടുപ്രമാണികള്‍ മക്കളെ കര്‍ഷകരായി വഴിച്ചു. കാലം പിന്നെയും മുന്നോട്ടുപോയപ്പോള്‍ കൃഷിയെന്നത് ദുരന്തമായി. പിന്‍തലമുറകളെയെല്ലാം മറ്റ് തൊഴിലെടുക്കാന്‍ പഠിപ്പിക്കലായി കര്‍ഷകരുടെ ജോലി. ഈ തലമുറയില്‍നിന്നാണ് വയനാട്ടിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ഇളപ്പുപ്പാറ ഷാജി എന്ന യുവകര്‍ഷകന്‍ മണ്ണില്‍ പണിയെടുക്കാന്‍ തൂമ്പയുമായി ഇറങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം 2014-ല്‍ രാജ്യതലസ്ഥാനത്തുനിന്നും ഷാജിയെ തേടി ഒരു കത്തുവന്നു. തന്റെ പ്രയത്‌നങ്ങളെ മനസിലാക്കിയ സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപയുടെ നാഷണല്‍ പ്ലാന്റ്  ജീനോം സേവിയര്‍ പുരസ്‌കാരം നല്‍കിയാണ് ഈ യുവാവിനെ ആദരിച്ചത്. 

ഇപ്പോഴിതാ വിവിധങ്ങളായ കിഴങ്ങുവിളകളുടെ സംരക്ഷണം മുന്‍ നിര്‍ത്തി വ്യക്തിഗത ഇനത്തില്‍ ഷാജി വീണ്ടും ദേശീയ അവാര്‍ഡിനര്‍ഹനായിരിക്കുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ഓണ്‍ലൈനിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2021 ലെ പ്ലാന്റ് ജീനോം അവാര്‍ഡും ഷാജിയെ തേടിയെത്തി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഇടകലര്‍ന്ന ജീവിതത്തില്‍ ഷാജി ഈ പുരസ്‌കാരം സ്വീകരിക്കുന്നത് വയനാട്ടിലെ പുറംലോകമറിയാത്ത മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണ്.

shaji

സ്വന്തമായുള്ള ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ 200 ലധികം കിഴങ്ങ് വര്‍ഗ്ഗങ്ങളാണ് ഷാജിയെന്ന യുവകര്‍ഷകന്‍ കൃഷിചെയ്യുന്നത്. നീലക്കാച്ചില്‍, നീണ്ടിക്കാച്ചില്‍, ചോരക്കാച്ചില്‍ എന്നിവയെല്ലാമുണ്ട്. കിഴങ്ങുകള്‍ക്കായുള്ള വലിയൊരു ജനിതക സംഭരണിയാണിത്. ഗോത്രവംശജര്‍ കാടിനുള്ളില്‍നിന്നും കണ്ടെടുത്ത അമൂല്യമായ കിഴങ്ങ് വര്‍ഗ്ഗങ്ങളും ഈ കര്‍ഷകന്റെ 'കേദാരം' എന്നു പേരിട്ട കൃഷിയിടത്തിലുണ്ട്. മാറുന്ന കൃഷിരീതിയിലും ഏറെക്കാലം മനുഷ്യതലമുറയ്ക്ക് ആരോഗ്യദായകമായി ഭക്ഷണ ശീലം നല്‍കിയ ഈ കിഴങ്ങുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഷാജിയുടെ ലക്ഷ്യം. 

പതിനേഴിലധികം കാച്ചിലുകള്‍ ഷാജിയുടെ ശേഖരത്തിലുണ്ട്. ഇരുപതിനം ചേമ്പുകളും ഒട്ടേറെയിനം മധുരക്കിഴങ്ങും ഇവിടെ കൃഷിചെയ്യുന്നു. നീലക്കൂവ, കാട്ടുമഞ്ഞള്‍, നൂറോക്കിഴങ്ങ്, അരിക്കിഴങ്ങ്, നാരോക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ്, നനക്കിഴങ്ങ് തുടങ്ങി ഒട്ടേറെ വന്യകിഴങ്ങ് വര്‍ഗ്ഗങ്ങളും ഇവിടെ വളരുന്നു. പ്രകൃതിയുടെ സന്തുലിത ആവാസവ്യവസ്ഥയില്‍ കാലങ്ങളായി കാടിന്റെ നിഴല്‍പറ്റി വളര്‍ന്നവയാണിത്. വിവിധയിനം നാടന്‍ നെല്‍വിത്തിനങ്ങളും ഷാജി കൃഷി ചെയ്യുന്നുണ്ട്. ഇത് കൂടാതെ പശു, ആട്, കോഴി, തേനീച്ച തുടങ്ങി സമ്മിശ്രകൃഷിയിലും മുന്നേറുന്നു.

shaji

കിഴങ്ങുകള്‍ക്കായി ഒരു ജനിതകസംഭരണി 

കാട്ടുകിഴങ്ങുകള്‍ ഭക്ഷണമാക്കിയ പഴയ തലമുറകളുടെ ശീലങ്ങള്‍ തിരിച്ചുവിളിക്കുകയാണ് ഷാജിയുടെ ലക്ഷ്യം. രാസവളങ്ങളും കീടനാശികളും പരമ്പരാഗത ഭക്ഷണ ശീലങ്ങളെ മാറ്റിയെഴുതുമ്പോള്‍ മാരകരോഗങ്ങളുടെ പിടിയിലാണ് പുതിയ തലമുറകള്‍. വിഷരഹിത ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ഗോത്ര നാടിന്റെ തനത് രുചികളും വീണ്ടെടുക്കാനുളള ഷാജിയുടെ ശ്രമമാണിത്. ഭക്ഷ്യയോഗ്യമായ കാട്ടുകിഴങ്ങുകള്‍, കാച്ചിലുകള്‍, ചേമ്പ്, കപ്പ തുടങ്ങിയവയക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. എന്നാല്‍ കൃഷിചെയ്യാന്‍ ആളില്ല. നാരന്‍ കിഴങ്ങ്, നൂറന്‍ കിഴങ്ങ്, അരികിഴങ്ങ്, ഉണ്ടമുക്കന്‍ കിഴങ്ങ്, നാരപ്പുല്ലത്തി കിഴങ്ങ്, എരുമ നൂറന്‍ കിഴങ്ങ്, ശതാവരി കിഴങ്ങ്, മാറന്‍ ചേമ്പ്, ശീമചേമ്പ്, കറുത്തചേമ്പ്, ഊരാളി ചേമ്പ്, നനചേമ്പ്, പാല്‍ചേമ്പ്, നീലകാച്ചില്‍, ഗന്ധകശാല കാച്ചില്‍,  കുടചേമ്പ് ഇഞ്ചിക്കാച്ചില്‍, തൂണന്‍കാച്ചില്‍, മാട്ടുകാച്ചില്‍, അടതാപ്പ് കാച്ചില്‍, ചെറുകിഴങ്ങ്, ചേന, കൂര്‍ക്ക ഇങ്ങനെ നീളുകയാണ് കേദാരത്തിലെ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍.

വയനാട്ടില്‍ നിന്നും അന്യം നിന്നു പോകുന്ന കാട്ടുകിഴങ്ങു വര്‍ഗ്ഗങ്ങളെയും വംശീയ ഭക്ഷണങ്ങളെയും പുറം നാടിന് പരിചയപ്പെടുത്താനും ഈ സംരംഭത്തിന് ലക്ഷ്യമുണ്ട്. നാട്ടിന്‍പുറത്ത് മുമ്പൊക്കെ ഏവരും കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ പലയിനം പരമ്പാരാഗത കിഴങ്ങുവര്‍ഗ്ഗങ്ങളും കൈമോശം വന്നു. വീണ്ടെടുക്കാനാവാത്തവിധം ഇവ അരങ്ങൊഴിഞ്ഞു നീങ്ങുമ്പോള്‍ ഷാജി നടത്തിയ പരിശ്രമങ്ങള്‍ ചിലതിനെല്ലാം പുനര്‍ജന്മമായി. ആനക്കാച്ചില്‍ മുതല്‍ പന്നിക്കാച്ചില്‍ വരെയും കരിന്താളും ചൊറിയന്‍ കിഴങ്ങുവരെയും ഇവിടെയുണ്ട്. ഔഷധമായി മുന്‍തലമുറ ഉപോയോഗിച്ചിരുന്ന കിഴങ്ങുകളും ഇവിടെയുണ്ട്. കേദാരം ഒരു പാഠശാലകൂടിയാണ്. വിദ്യാര്‍ഥികളും കര്‍ഷകരുമടക്കം ഈ കൃഷിയിടം കാണാന്‍ എത്താറുണ്ട്. കൃഷികാര്യങ്ങളില്‍ അഗ്രി യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ച ഡോ.എല്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. 

shaji

വേറിട്ട വഴിയിലെ യുവകര്‍ഷകന്‍

കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ നല്ലവിളവിനും രോഗപ്രതിരോധത്തിനും ജൈവവളം തന്നെയാണ് ഉത്തമം. ചാണകം കൃഷിയിടത്തില്‍ വിതറിയാല്‍ തന്നെ മതിയാകും. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിയെ ആശ്രയിച്ച് ലാഭകരമാണ്. ഇത്തിരി മനസ്സുകൂടിയുണ്ടെങ്കില്‍ വലിയ ആനന്ദം കൂടിയാണ് ഈ കിഴങ്ങ്കൃഷിയെന്നും ഷാജി പറയും. കേരളത്തിലെ മുഴവന്‍ ജില്ലയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കിഴങ്ങുകളെല്ലാം കേദാരത്തില്‍ തണലൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഈ കര്‍ഷകന്‍ അംഗീകാരത്തിന്റെ നിറവിലും പങ്ക് വെക്കുന്നത്. മരച്ചീനിയും ചേമ്പും മറ്റുമായി അനേകയിനം വിളകള്‍ ധാരാളമായുണ്ട്. കുറഞ്ഞ ചെലവില്‍ കൃഷി നടത്തി വന്‍തോതില്‍ ഉത്പാദമുണ്ടാക്കാന്‍ കഴിയുന്നതാണ് കിഴങ്ങ് കൃഷി. സാധാരണ മറ്റുവിളകളേക്കാള്‍ മൂന്നിരിട്ടിയേളം വിളവ് ഇതില്‍ നിന്നും ലഭിക്കും. വിലനിലവാരം നോക്കി കിഴങ്ങുകളെ വിപണിയില്‍ എത്തിക്കാനും സാവകാശമുണ്ട്. 

shaji
Caption

ഒരേ കൃഷിയുടെ പിറകില്‍പോകുന്നതാണ് കര്‍ഷകരുടെ പരാജയം. സമ്മിശ്രമായി വയനാട്ടിലെ കാലാവസ്ഥയെയും മണ്ണിനെയും മനസ്സിലാക്കി കൃഷിയിലിറങ്ങിയാല്‍ സധൈര്യം മുന്നോട്ടു പോകാമെന്ന് ഷാജി അടിവരയിടുന്നു. കുടിയേറ്റ കര്‍ഷകനായ ജോസിന്റെയും മേരിയുടെയും മകനാണ് ഷാജി. ഭാര്യ ജിജിയും മക്കളായ ആന്‍മരിയയും ഇമ്മാനുവലുമെല്ലാം ഈ കര്‍ഷകന് കൃഷിപരിപാലനത്തില്‍ പിന്തുണയായുണ്ട്. ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ്, സംസ്ഥാന ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ഈ യുവകര്‍ഷകനെ തേടി എത്തിയിട്ടുണ്ട്.

Content Highlights: Wayanad farmer gets national laurel for rare tuber varieties