ണവും രുചിയും നിറങ്ങളുംകൊണ്ട് കൊതിപ്പിക്കുന്ന ഒരിടം. ഒന്നരയേക്കറില്‍ 600-ലധികം ഫലവൃക്ഷങ്ങള്‍ പൂത്തും കായ്ച്ചും നില്‍ക്കുന്നുണ്ട് ഇവിടെ. മരങ്ങളുടെയും ചെടികളുടെയും ചില്ലകളില്‍ നിറയെ അത്ര പരിചിതമല്ലാത്ത നിറങ്ങളിലും ആകൃതിയിലുള്ള പഴങ്ങള്‍. ദേശീയപാതയില്‍ കൊളവയല്‍ ജങ്ങ്ഷനില്‍നിന്ന് തിരിഞ്ഞ് കാര്യമ്പാടി റോഡിലൂടെ ഒന്നരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം- കിരണിന്റെയും സുവിജയുടെയും ഏദന്‍ തോട്ടത്തില്‍. ഫലവൃക്ഷങ്ങള്‍ തണല്‍വിരിച്ച വഴിയിലൂടെ വീട്ടുമുറ്റത്തെത്തുമ്പോള്‍ ചട്ടികളില്‍ പൂച്ചെടികള്‍ക്ക് പകരം ചെറുതുംവലുതുമായ പഴച്ചെടികള്‍.

എട്ടുവര്‍ഷം മുമ്പാണ് കിരണ്‍ ഫലവൃക്ഷങ്ങളുമായി ചങ്ങാത്തം കൂടുന്നത്. പിന്നീട് ദിവസം കഴിയുന്തോറും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വൈവിധ്യമാര്‍ന്ന നിറവുംരുചിയും മണവുമുള്ള അതിഥികള്‍ തോട്ടത്തിലെത്തി. 'വിദേശികള്‍' പോലും ദേശഭേദങ്ങള്‍മറന്ന് വയനാടന്‍ മണ്ണില്‍ പൂക്കാനും കായ്ക്കാനും തുടങ്ങി.

നാട്ടുമാവ് മുതല്‍ ഡ്രാഗണ്‍ പഴം വരെ

നാട്ടുമാവ് മുതല്‍ ഡ്രാഗണ്‍ പഴംവരെ കായ്ച്ചുനില്‍ക്കുന്ന നൂറുകണക്കിന് ഫലവൃക്ഷങ്ങളാണ് ഈ തോട്ടത്തിലുള്ളത്. ജബോട്ടിക്കാബ, പ്രീക്കോ, മാങ്കോസ്റ്റിന്‍, വിയറ്റ്‌നാം ചെറി, സ്പാനിഷ് ചെറി, നേപ്പാള്‍ ലെമണ്‍, പ്ലം, ക്യാറ്റ് ഫ്രൂട്ട്, ബ്ലാക്ക് ബെറി ജാം ഫ്രൂട്ട്, സപ്പോട്ട, ചാമ്പയ്ക്ക, റംബുട്ടാന്‍, ഓറഞ്ച്, സ്‌ട്രോബറി പേരും ഊരുംകൊണ്ട് അതിശയിപ്പിക്കുന്ന പഴങ്ങള്‍...

ബ്രസീല്‍, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, കമ്പോഡിയ, അമേരിക്ക, ആഫ്രിക്ക, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഫലവൃക്ഷങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. ജബോട്ടിക്കാബ (മരമുന്തിരി) യുടെ 30 ഇനങ്ങളും വെണ്ണപ്പഴത്തിന്റെ 10 ഇനങ്ങളുമുണ്ട്. വിദേശവാഴകള്‍ തന്നെ ആറിനങ്ങളില്‍. ഏറ്റവുംകുറഞ്ഞത് നാലോ അഞ്ചോ ഇനങ്ങളില്ലാത്ത ഒരു പഴവര്‍ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നില്ല. കറുത്തിരുണ്ട കൃഷ്ണമണികള്‍പോലെ ചെടികളുടെ ശിഖരങ്ങളില്‍ പതിഞ്ഞ് തിളങ്ങിനില്‍ക്കുന്ന മരമുന്തിരിപ്പഴങ്ങള്‍ കാണുമ്പോള്‍തന്നെ കൊതിയാവും. ലോംഗണ്‍ പഴം രണ്ടോമൂന്നോ നിറങ്ങളിലുണ്ട്. നിറങ്ങളും ആകൃതിയുമാണ് ഓരോ ഇനത്തെയും അടയാളപ്പെടുത്തുന്നത്.

Longan
വെള്ള ലോംഗണ്‍

ജീവിത പാഠം, കൃഷിപാഠം

കിരണ്‍ 15-ാം വയസ്സിലാണ് കൃഷിയിലേക്കിറങ്ങിയത്. സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും ചേമ്പ്, ചേന, വാഴ തുടങ്ങിയ വിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങി. എന്നാല്‍ പഴക്കൃഷിയിലേക്ക് തിരിഞ്ഞതോടെ മറ്റുവിളകളുടെ കൃഷി ഉപേക്ഷിച്ചു. രാവിലെ ഏഴുമണിക്ക് കൃഷിയിടത്തിലേക്കിറങ്ങുന്ന കിരണ്‍ സന്ധ്യയോടെയാണ് തിരിച്ചു കയറുന്നത്. കൂടെ മക്കളായ ഋതുനന്ദയും ഋഷികേശുമുണ്ടാകും. വീട്ടുജോലി കഴിഞ്ഞ് ഭാര്യ സുവിജയും ഇവര്‍ക്കൊപ്പം കൂടും. കിരണിന്റെ അച്ഛന്‍ വി.കെ. ചന്ദ്രശേഖരനും കര്‍ഷകനായിരുന്നു. പാരമ്പര്യ നെല്‍ വിത്തിനങ്ങളുടെ സംരക്ഷകനായിരുന്നു അദ്ദേഹം.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ള സുവിജയ്ക്ക് ആദ്യമൊക്കെ കൃഷിയെ ഗൗരവമായി കാണാന്‍ പ്രയാസമായിരുന്നു. എന്നാല്‍ കിരണിന് കൃഷിയോടുള്ള അഭിനിവേശം മെല്ലെ അവരെയും പഴച്ചെടികളുടെ പ്രണയിനിയാക്കി മാറ്റി. ഫലവൃക്ഷങ്ങള്‍ക്കൊപ്പം ഇടപഴകുന്നതിനാല്‍ ലോക്ഡൗണ്‍ കാലത്തെ മാനസിക പിരുമുറുക്കങ്ങളൊന്നും കുട്ടികളെ ബാധിച്ചിട്ടില്ല. ഋതുനന്ദയ്ക്ക് അമ്മയെപ്പോലെ ഫല വൃക്ഷങ്ങളെക്കുറിച്ച് നല്ല അറിവാണ്. എന്നാല്‍ പ്രായോഗിക ജ്ഞാനത്തില്‍ ഋഷികേശാണ് കേമന്‍. അച്ഛനെ പിന്തുടരുന്ന ഋഷികേശ് തൈകള്‍ നടാനും പരിചരിക്കാനും മിടുക്കനാണ്.

fruits
ജബോട്ടിക്കാബ, ബിഗിന്‍, ബാര്‍ബഡോസ് നെല്ലിക്ക

വരുമാനം നഴ്‌സറിയില്‍ നിന്ന്

നല്ല വില ലഭിക്കുന്ന പഴങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരെണ്ണം പോലും ഈ കുടുംബം വില്‍ക്കാറില്ല. പഴങ്ങളുടെ വിത്തെടുത്ത് തൈകളുണ്ടാക്കി വില്‍ക്കുന്നു. ആവശ്യക്കാര്‍ തോട്ടത്തിലെത്തി തൈകള്‍ വാങ്ങുകയാണ് പതിവ്. ജബോട്ടിക്കാബയുടെ ഒരു തൈക്ക് ആയിരം രൂപയാണ് വില. മൂന്നുവര്‍ഷം കഴിഞ്ഞാലാണ് ഇതു കായ്ക്കുന്നത്. മൂപ്പെത്തിയ ഒരു ചെടിയില്‍ 500-ഓളം കായകളുണ്ടാകും. ഇവ തൈകളാക്കി മാറ്റിയാല്‍ നല്ലവരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ കായ്ച്ച ഒരു ജബോട്ടിക്കാബ ചെടിക്ക് 50,000 രൂപ മോഹവില പറഞ്ഞിട്ടും കിരണ്‍ കൊടുത്തിട്ടില്ല.

റൂബി ലോംഗൺ
റൂബി ലോംഗൺ

ഫലവൃക്ഷങ്ങളെ കുറിച്ചൊരു പാഠശാല

ഭാവിയില്‍ തന്റെ തോട്ടത്തെ പഴച്ചെടികളെക്കുറിച്ച് പഠിക്കാനും അനുഭവിച്ചറിയാനും കഴിയുന്ന ഒരു പാഠശാലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കിരണ്‍. ഒരാളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ മുഴുവന്‍ വൈറ്റമിനുകളും ഉള്‍പ്പെടുന്ന പഴച്ചെടികള്‍ ഓരോ വീടുകളിലും ലഭ്യമാക്കുന്ന ഒരു പദ്ധതിയും ഇദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.

സുവിജയും മറ്റൊരുപദ്ധതിയുടെ തയ്യാറെടുപ്പിലാണ്. ആരോഗ്യകരവും പ്രകൃതിസൗഹൃദവുമായ പഴയ ഭക്ഷ്യ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടു പോകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പഴയതലമുറ ഉപയോഗിച്ചിരുന്ന പച്ചിലകള്‍ തോട്ടത്തിലെത്തിച്ച് സംരക്ഷിക്കുകയും യുവ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് സുവിജ പറഞ്ഞു.

കിരണിന്റെ ഫോണ്‍: 9847321500.

Content Highlights: Wayanad couple earns decent income from garden of over 600 foreign fruit trees