കഴിഞ്ഞ നാലുവര്‍ഷമായി കണ്ണൂര്‍ തെക്കിയിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കൃഷിയൊരുക്കുകയാണ് ഈ അധ്യാപകന്‍. ചേലോറ ഹൈസ്‌കൂള്‍ കായികാധ്യാപകന്‍ ഡി.ജിനല്‍കുമാറാണ് വെറുതെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒഴിവുസമയം ചെലവഴിച്ച് കൃഷിനടത്തുന്നത്. പച്ചക്കറിയാണ് പ്രധാനം. വെണ്ടയും വഴുതനയും മുളകും പയറും പാവലും ചീരയുമെല്ലാം ഇവിടെയുണ്ട്. കൂടാതെ 50-ല്‍ ഏറെ നേന്ത്രവാഴയും ഇവിടെയുണ്ട്. 54 കോഴികളുമുണ്ട്.

87 വീടുകളാണ് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ ഉള്ളത്. ഇപ്പോള്‍ മറ്റു പല വീട്ടുകാരും അവരുടെ വീട്ടു മുറ്റത്തും പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും മാതൃക ജിനല്‍ കുമാറാണ്. കോവിഡ് കാലം ആരംഭിച്ച ശേഷം കൃഷി ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു. ജിനല്‍കുമാറിന്റെ ഭാര്യ ജിപ്‌സി വടകര ജില്ലാ ആസ്പത്രിയില്‍ സ്റ്റാഫ് നഴ്സ് ആണ്. ഭാര്യയും മക്കളായ പത്താം ക്ലാസുകാരി പൊലിമയും, ആറാം ക്ലാസുകാരി തെളിമയും ഒഴിവുവേളകളില്‍ കൃഷിയില്‍ സഹായിക്കുന്നു.

വീട്ടാവശ്യത്തിലും കൂടുതല്‍ പച്ചക്കറികള്‍ ഇവര്‍ക്ക് കൃഷിയില്‍നിന്ന് ലഭിക്കുന്നു. കൗതുകത്തിന് ആറ് ലൗ ബേര്‍ഡ്‌സിനെയും വളര്‍ത്തുന്നുണ്ട്. പുറത്തുനിന്ന് പശുക്കള്‍ കയറി കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേലി കെട്ടിയിട്ടുണ്ട്. തെരുവുപട്ടികളുടെ ശല്യവും വേലി കെട്ടിയതുകാരണം ഇല്ലാതായി. കോഴികള്‍ക്ക് ഇവ ഭീഷണിയായിരുന്നു. 

ജിനല്‍ കുമാറിന്റെ വീടിന് തൊട്ട് തകര്‍ന്നു നശിച്ച ഒരു ക്വാര്‍ട്ടേഴ്‌സ് ഉണ്ട്. ഒരു മുറി മാത്രമാണ് ശേഷിക്കുന്നത്. അതിനകത്താണ് ഗ്രാമശ്രീ ഇനത്തില്‍ പെട്ട മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ദിനംപ്രതി 30-മുട്ട ലഭിക്കുന്നുണ്ട്. കുടുംബം ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത് നാല് വര്‍ഷം മുന്‍പാണ്. അന്നുമുതല്‍ കൃഷിയും തുടങ്ങി.

Content Highlights: This teacher from Kannur grow vegetables in his Quarters