ള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് പുഴയോരത്തായി തിരുതകള്‍ നിറഞ്ഞ പത്തേക്കര്‍ പാടം... നടുവില്‍ 20 പശുക്കളുള്ള ഫാം... എടവനക്കാട് അഴിവേലിക്കകത്ത് നിസാര്‍ എന്ന കര്‍ഷകന്റെ വിജയം ഈ പത്തേക്കറിലെത്തിയാല്‍ കാണാം. നിസാറിന്റെ കൃഷി പരിചയപ്പെടാനായി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വരെ ഇവിടെ പതിവുകാര്‍. സര്‍വകലാശാലാ പുസ്തകത്തില്‍ നിന്ന് കിട്ടാത്തത്ര അറിവുമായാകും അവര്‍ മടങ്ങുക.

തോല്‍വിയോടെ തുടക്കം

മുമ്പ് ഈ പാടം ഒരാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. കനത്ത നഷ്ടം വന്നതോടെ അയാള്‍ കൃഷി ഉപേക്ഷിച്ചു. തുടര്‍ന്ന് നിസാര്‍ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ ചെമ്മീന്‍ കൃഷി തുടങ്ങി. തൊഴിലാളികളുടെ സഹായത്തോടെ മൂന്നു മാസത്തോളം കഠിനാധ്വാനം. തുടക്കത്തില്‍ നേരിട്ടത് കനത്ത തിരിച്ചടി... മുടക്കുമുതല്‍ പോലും കിട്ടിയില്ല.

ഇനി സിങ്കപ്പൂര്‍ മോഡല്‍ ഞണ്ടുകൃഷി

സിങ്കപ്പൂര്‍ മോഡല്‍ ഞണ്ടുവളര്‍ത്തലിനുള്ള തയ്യാറെടുപ്പിലാണ് നിസാര്‍. 15 ലക്ഷം രൂപയുടെ പദ്ധതി. പ്രത്യേകം സജ്ജമാക്കിയ ഷെഡ്ഡില്‍ 14 ട്രേകളിലായി ഞണ്ടുകുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഭക്ഷണവും ഓക്‌സിജനും നല്‍കി, നിലവാരമുള്ള ഞണ്ടുകളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

വിജയമായത് ചാണകതന്ത്രം

നിസാറിന്റെ അടുത്ത ചുവടുവെപ്പ് മത്സ്യ കൃഷിയിലേക്കായിരുന്നു. ഏറെ ആവശ്യക്കാരുള്ള 'തിരുത' കൃഷിയാണ് തിരഞ്ഞെടുത്തത്. 5,000 കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് തുടക്കം. തിരുതക്കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടം ആല്‍ഗകളേയും സൂക്ഷ്മ ജലസസ്യങ്ങളേയുമാണ്. വളക്കൂറുള്ള വെള്ളമാണെങ്കില്‍ ചെറു ജലസസ്യങ്ങള്‍ നന്നായി വളരും.

fish
ഫാമില്‍ തിരുതയ്ക്കും ചെമ്മീനും ഭക്ഷണം കൊടുക്കുന്നു| ഫോട്ടോ:  മാതൃഭൂമി

ഇത് മുന്നില്‍ക്കണ്ട് പാടത്തിനു നടുവിലുള്ള ഫാമിലേക്ക് മൂന്നു പശുക്കളെ എത്തിച്ചു. തൊഴുത്തില്‍നിന്നുള്ള ചാണകം കുറേശ്ശെയായി വെള്ളത്തില്‍ കലര്‍ത്തി. ഇതോടെ ചെറു സസ്യങ്ങള്‍ സമൃദ്ധമായി വളര്‍ന്നു. തിരുതകള്‍ക്ക് പ്രകൃതിദത്ത ഭക്ഷണവും കിട്ടിത്തുടങ്ങി. കൃത്രിമ ഭക്ഷണം വാങ്ങുന്നതിനുള്ള ചെലവും ഒഴിവായി. ഇപ്പോള്‍ ഒറ്റത്തവണ നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 25,000.

പാടത്തുനിന്ന് കിട്ടുന്ന ചെറുമത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയില്‍ ചേര്‍ത്ത് പശുക്കള്‍ക്ക് കൊടുക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. മൂന്ന് പശുവില്‍ തുടങ്ങിയ നിസാറിന് ഇപ്പോള്‍ ഇരുപതിലേറെ പശുക്കളുണ്ട്. 250 ലിറ്ററിനോടടുത്ത് ദിനംപ്രതി പാലുത്പാദനമുണ്ട്. പാല്‍ ചില്ലുകുപ്പിയിലാക്കി സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നേരിട്ടു നല്‍കും.

പരീക്ഷണങ്ങള്‍ വിജയിച്ചതോടെ ഞണ്ട്, ചെമ്മീന്‍ കൃഷിയും ഇതോടൊപ്പം ചെയ്യുന്നുണ്ട്. ജില്ലയിലെ മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 2017-ല്‍ കിട്ടി. എല്ലാ പിന്തുണയുമായി ഭാര്യ വാഹിദയും മക്കളായ നെഹ്നയും നെഹാറുമുണ്ട്.

Content Highlights: Successful integrated farming practices by Nizar from Ernakulam