കൃഷി ആദായകരമല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഈ യുവാക്കളുടെ ജീവിതം കണ്ടാല്‍ ആ ധാരണ തിരുത്തേണ്ടിവരും. സഹോദരങ്ങളായ സന്തോഷും സനോജും കൃഷി നോക്കിനടത്തുന്നത് സ്വന്തം സ്ഥലത്തല്ല, അന്യരുടെ ഭൂമിയിലാണ്. തൃശ്ശൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളിലായി ഏകദേശം മൂന്നൂറേക്കര്‍ സ്ഥലത്താണ് ഇവരുടെ പാട്ടക്കൃഷിരീതി വിജയം കണ്ടത്. ഇതില്‍ നൂറേക്കര്‍ പാടശേഖരത്തില്‍ നെല്‍ക്കൃഷിയുണ്ട്. നഗരമധ്യത്തില്‍ ശക്തന്‍നഗറില്‍ അഞ്ചേക്കറില്‍ നിറയെ പച്ചക്കറികളും ഫാമും മത്സ്യകൃഷിയുമുണ്ട്. നഗരത്തിലെ പ്രമുഖ വ്യവസായികളില്‍ പലരും ഇവര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അത് തിരികെ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞുതന്നെ ഇവര്‍ സ്വന്തം ഭൂമിപോലെ നോക്കിനടത്തുന്നു. പ്രവാസികളില്‍ പലരും ഇതുപോലെ ഭൂമി നല്‍കിയിട്ടുണ്ട്. ഇടയ്ക്ക് സ്വന്തം സ്ഥലത്തെത്തുന്ന ഭൂവുടമകള്‍ കൃഷിയിടത്തിലെ പച്ചപ്പും സമൃദ്ധിയും കണ്ട് നിറഞ്ഞ മനസ്സോടെയാണ് മടങ്ങുക. തൃശ്ശൂര്‍ അതിരൂപതയുടെ ചേറൂരിലെ വിശാലമായ സ്ഥലം നല്‍കിയശേഷം പിന്നീട് അവിടെയെത്തിയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്തോഷിനെയും സനോജിനെയും അടുത്തുചേര്‍ത്തുനിര്‍ത്തി പറഞ്ഞു 'നിങ്ങള്‍ അനുഗൃഹതീരായ സന്തതികളാണ്, ഭൂമിയില്‍ പച്ചപ്പു തീര്‍ക്കുന്ന പ്രകൃതിയുടെ കാവലാളുകള്‍. 

കുഞ്ഞുനാളില്‍ ശീലിച്ച കൃഷിപാഠം

പാറളം പള്ളിച്ചാടത്ത് ചന്ദ്രന്റെയും ഉഷയുടെയും രണ്ടാണ്‍മക്കള്‍. മൂത്തവന്‍ സന്തോഷ്. സനോജിന് ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ബീഡിതറുപ്പു തൊഴിലാളിയായ അമ്മയുടെ വരുമാനം മാത്രം ആശ്രയം. അമ്മവീട്ടിലേക്ക് താമസം മാറി. കര്‍ഷകനായ അച്ഛാച്ചന്‍ കെ.പി. കരുണാകരനാണ് കൃഷി പരിശീലിപ്പിച്ചത്. സന്തോഷ് എം.ബി.എ.ക്കാരനാണ് സനോജ് ബിരുദധാരിയും. എന്നാലും ജീവിതത്തില്‍ ഉപജീവനത്തിന് കൃഷിതന്നെ മതിയെന്ന് ഇരുവരും തീരുമാനിച്ചു. 

പതിനൊന്നുവര്‍ഷംമുമ്പ് തൃശ്ശൂരിലെ പോള്‍ ചാക്കോളയാണ് അഞ്ചേരിയിലെ സ്ഥലം നല്‍കിയത്. ഇന്ന് ആ ഭൂമി സമ്മിശ്രകൃഷിയുടെ കേന്ദ്രമാണ്. ഇളംതുരുത്തി ചിലങ്കപ്പാടത്തെ അമ്പതേക്കര്‍ നെല്‍ക്കൃഷിക്ക് പാടശേഖരം നല്‍കിയത് തൃശ്ശൂരിലെ പ്രമുഖ വ്യവസായിയാണ്. ഇവിടെ ശനിയാഴ്ച കൊയ്ത്തുത്സവമാണ്. പുത്തൂര്‍ പഞ്ചായത്തില്‍ മാത്രം ഇവര്‍ക്ക് 'അറുപതേക്കറില്‍ നെല്‍ക്കൃഷിയുണ്ട്. പിന്നെ പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പാറളം, തുടങ്ങി വിവിധയിടങ്ങളില്‍ കരഭൂമിയിലും കൃഷിനടത്തുന്നു.

വളപ്രയോഗത്തിലെ രസതന്ത്രം

എവിടെ ഭൂമി ലഭിച്ചാലും ആദ്യം ഒരു താത്കാലിക ഫാം നിര്‍മിക്കും. അവിടെ പശുവിനെയും, ആടിനെയും വളര്‍ത്തും. കോഴി, താറാവ് എന്നിവയുമുണ്ടാകും. പത്തുഫാമുകളിലായി 80 പശുക്കളുണ്ട്. ഇരുനൂറ് ആടുകളും. ചാണകവും മൂത്രവും ഉപയോഗിച്ചാണ് ജൈവകൃഷിരീതി. ഞാറുനടീലിനുമുമ്പ് പാടത്തേക്ക് താറാവിന്‍കുഞ്ഞുങ്ങളെ ഇറക്കും.

ഇവ കീടങ്ങളെ തിന്നൊടുക്കും. പുത്തൂരിലെ പാടശേഖരങ്ങളില്‍ വളപ്രയോഗം വേണ്ടിവന്നില്ല. നല്ല ഫലഭൂയിഷ്ഠമായ സ്ഥലമായതിനാല്‍ നല്ല വിളവാണ് ലഭിച്ചത്. ചാണകം കോരി നിലത്ത് പരത്തിയിടും. താറാവിനും കോഴിക്കും ഇതിലാണ് തീറ്റയിടുക. രണ്ടു ദിവസം കൊണ്ട് ചാണകം ഉണങ്ങി പൊടിഞ്ഞുകിട്ടും. ഇതാണ് വളമായി നല്‍കുന്നത്. 

കുളങ്ങളുള്ള സ്ഥലങ്ങളില്‍ മത്സ്യം വളര്‍ത്തലുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കൃഷിരീതികളാണ് ചെയ്തുവരുന്നത്. 800 ലിറ്റര്‍ പാല്‍ പ്രതിദിനം ലഭിക്കും. ഇത് സമീപസ്ഥലങ്ങളില്‍ത്തന്നെ വില്‍ക്കും. തൃശ്ശൂര്‍ ജില്ലാ ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ജില്ലാതലത്തിലെ മികച്ച ക്ഷീരകര്‍ഷകനായി ഈ വര്‍ഷം തിരെഞ്ഞെടുത്തത് സന്തോഷിനെയാണ്. സന്തോഷിന് സ്പോര്‍ട്‌സിലും പാടവമുണ്ട്. മികച്ച ക്രിക്കറ്റുകളിക്കാരനാണ്. ബാസ്‌കറ്റ്‌ബോള്‍ താരവുമാണ്.

Sanoj and Santhosh
അഞ്ചേരിയിലെ ഫാമില്‍ പശുക്കളെ പരിപാലിക്കുന്നു

ലക്ഷ്യം കൃഷിയുടെ വ്യാപനം

പ്രതിഫലം മാത്രം നോക്കിയല്ല കൃഷിനടത്തുന്നതെന്ന് സന്തോഷും സനോജും പറയുന്നു. നെല്‍ക്കൃഷിയുള്ള സ്ഥലത്ത് ഇടവിളകളുമുണ്ട്. മത്ത, പയര്‍, വെണ്ട, ചീര, പച്ചമുളക്, കൈതച്ചക്ക, കപ്പ, സൂര്യകാന്തി തുടങ്ങി വിവിധയിനം കൃഷികളുണ്ട്. സ്ഥലവും സൗകര്യവും സമയവുമുള്ളവര്‍ കൃഷിയിലേക്കിറങ്ങണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

പ്രയത്‌നവും മനസ്സും നല്‍കിയാല്‍ എല്ലാം പിന്നാലെ ക്രമപ്പെട്ടുവരുമെന്നും ഉറപ്പുതരുന്നു. ഭൂവുടമകളുടെ സമീപനവും പിന്തുണയും സഹായവും എല്ലായിടത്തുനിന്നും ലഭിക്കുന്നുണ്ട്. കൂടാതെ പുത്തൂര്‍ പഞ്ചായത്ത്, നാട്ടുകാര്‍, കൃഷിമന്ത്രി, ചീഫ് വിപ്പ് ഇവരൊക്കെ എന്തിനും ഏതിനും വിളിച്ചാല്‍ നല്ല ഇടപെടലുകള്‍ നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു.

വിപണനത്തിനും സ്വന്തം രീതികള്‍

ഇവര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് കൃഷിയിടത്തില്‍വെച്ചു തന്നെ വിറ്റഴിക്കുന്നതാണ് രീതി. മറിച്ചുവന്നാല്‍ ഇവര്‍തന്നെ അരിയാക്കി വില്‍പ്പന നടത്തും. പത്തുവര്‍ഷമായി ഇത് തുടരുന്നു. പച്ചക്കറികളും ഇങ്ങനെതന്നെ വിറ്റഴിക്കുന്നു. ചിലങ്കപ്പാടം, ദേശീയ പാതയ്ക്ക് സമീപത്തായതിനാല്‍ കൃഷിയിടത്തില്‍നിന്ന് പച്ചക്കറികള്‍ ആവശ്യപ്രകാരം പറിച്ചെടുത്ത് വില്‍പ്പന നടത്താന്‍ പറ്റിയ ഒരു വിപണനകേന്ദ്രം തുറക്കുന്നതിനും ഇവര്‍ക്ക് താത്പര്യമുണ്ട്.

നാട്ടുകാര്‍ നേരിട്ടെത്തിയാണ് പച്ചക്കറികള്‍ വാങ്ങുന്നത്. കൃഷിയില്‍ നേരിടുന്ന പ്രതിസന്ധികള്‍ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. സഹായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടാറുണ്ട്. അതിനുപിറകെ പോയി ഇവര്‍ സമയം കളയാനും തയ്യാറല്ല. മണ്ണ് അമ്മയാണ്. അതിനെ നശിപ്പിക്കരുത്, അവഗണിക്കരുത്. കൃഷിയിടങ്ങളെ മാതൃത്വ മനോഭാവങ്ങളോടെയാണ് ഇവര്‍ പരിപാലിക്കുന്നത്.

Content Highlights: Success story of young farmers Santhosh and Sanoj