ഞ്ചുവര്‍ഷം മുമ്പാണ് ശ്രീദേവി അഞ്ച് പശുക്കളെ വാങ്ങുന്നത്. അവയ്ക്കായി, വീടിനോട് ചേര്‍ന്ന് ഒരു തൊഴുത്ത് കെട്ടി. ഇന്ന് വീടും തൊഴുത്തുമടങ്ങുന്ന 20 സെന്റില്‍ അഞ്ചിന് പകരം 27 പശുക്കള്‍ നിരന്നുനില്‍ക്കുന്നു. ദിവസം 300 ലിറ്ററിലധികം പാലളക്കുമ്പോള്‍ ഈ പോലീസുകാരിയും കുടുംബവും സംതൃപ്തിയോടെ 'വെളുക്കെ' ചിരിക്കുകയാണ്. മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീദേവിയും കുടുംബവും വീടിനോട് ചേര്‍ന്ന് നടത്തുന്ന 'പശുഫാം' മാതൃകയാണ്. 2015-ലാണ് ശ്രീദേവിയും ഭര്‍ത്താവ് സാബുവും ചേര്‍ന്ന് പശുവളര്‍ത്തല്‍ തുടങ്ങിയത്.

ആദ്യവര്‍ഷം അഞ്ച് പശുക്കളായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തോടെ അത് ഇരുപതായി. അതോടുകൂടി സൗകര്യങ്ങള്‍ കൂട്ടേണ്ടിവന്നു. ഇപ്പോള്‍ മുറ്റത്തും ഷീറ്റിട്ട് വൈക്കോലും മറ്റുപകരണങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ശ്രീദേവി ജോലിക്ക് പോകുന്ന സമയം മുഴുവന്‍ സാബുവിനാണ് മൃഗങ്ങളുടെ പരിപാലനം. നാടന്‍ തീറ്റയാണ് പശുക്കള്‍ക്ക് പ്രധാനമായും നല്‍കുന്നത്. ഇതിനായി റോഡരികില്‍നിന്നു മറ്റ് പുരയിടങ്ങളില്‍ നിന്ന് ലഭിക്കാവുന്ന പുല്ലുകള്‍ പരമാവധി ശേഖരിക്കും.ഇത് കൂടാതെ തൃശ്ശൂരില്‍നിന്ന് വൈക്കോല്‍ എത്തിക്കും. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ മക്കളും അച്ഛനേയും അമ്മയേയും സഹായിക്കും.

മൂന്ന് വര്‍ഷമായി വാഴത്തോപ്പ് പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ഇവര്‍ക്കാണ്. മുന്നൂറ് നാടന്‍കോഴികള്‍, നൂറിലധികം മുയല്‍, അമ്പതോളം ഗിനിക്കോഴികള്‍, നൂറോളം താറാവുകള്‍ തുടങ്ങിയവയേയും ഈ ചെറിയ സ്ഥലത്ത് വളര്‍ത്തുന്നുണ്ട്. എല്ലാ ഇനത്തില്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നതിനായി നാല്‍പത് സെന്റ് സ്ഥലം വാങ്ങി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

Content Highlights: Success story of young dairy farmer from idukki