രുമാനം മുട്ടിയ കൊറോണാക്കാലത്തെ ഫലപ്രദമായി നേരിട്ട് ജീവിതവിജയം നേടിയവരുടെ കഥയാണിത്. കഥാനായകര്‍ അധ്യാപകനും ചെത്തുതൊഴിലാളിയും. അതും വീടിനു മുകളില്‍ കാടയെ വളര്‍ത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ഇരുവരും.

കാന്തല്ലൂര്‍ ദെണ്ഡുകൊമ്പ് സ്വദേശികളായ കോട്ടക്കല്‍ വീട്ടില്‍ കെ.വി.അജയകുമാര്‍ (35), ശ്രീമൂലം ചിറയില്‍ വീട്ടില്‍ മനീഷ് കുമാര്‍ (44) എന്നിവരുടെ നേതൃത്വത്തിലാണ് അജയകുമാറിന്റെ വീടിന് മുകളില്‍ കാടക്കൃഷി തുടങ്ങിയത്. ശാസ്ത്രീയമായ രീതിയില്‍ 450 ചതുരശ്ര അടി സൗകര്യങ്ങള്‍ ഒരുക്കി നടത്തിയ കൃഷി പതുക്കെയെങ്കിലും വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

കൊറോണ കാലഘട്ടത്തിലെ തുടക്കം ദുരിതത്തിന്റേതായിരുന്നു. മറയൂര്‍ സ്വകാര്യ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ അജയനും ക്ലാസില്ലാത്തതിനാല്‍ വരുമാനം കുറഞ്ഞു. ചെത്ത് തൊഴിലാളിയായ മനീഷ് കുമാറിനാകട്ടെ കള്ളുഷാപ്പ് അടച്ചിട്ടതിനാല്‍ ബുദ്ധിമുട്ട് ഏറെയായി. ജീവിതം വഴിമുട്ടിയ സമയത്താണ് കാടക്കൃഷിയെക്കുറിച്ച് പഠിക്കുന്നത്. കാടക്കൃഷി ചെയ്തുവന്നിരുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവ് സമ്പാദിച്ചു.

ചേര്‍ത്തല പള്ളിപ്പുറത്ത് നിന്ന് 28 ദിവസം പ്രായമുള്ള 1200 കാടക്കുഞ്ഞുങ്ങളെ വാങ്ങി. മറയൂരില്‍ എത്തിച്ചപ്പോള്‍ 48 രൂപ വിലയായി. ഇപ്പോള്‍ നാലു മാസം പ്രായമായി. മറയൂരിലെ തണുപ്പിനെ പ്രതിരോധിക്കാന്‍ കാടകള്‍ക്ക് കഴിഞ്ഞതിനാല്‍ ഇരുവര്‍ക്കും വരുമാനമായി തുടങ്ങി. ദിവസം 1000 മുട്ട വരെ ലഭിച്ചുവരുന്നു. 

പ്രാദേശിക വിപണിയില്‍ രണ്ടരരൂപ വില ലഭിച്ചുവരുന്നു. 40-42 ദിവസം പ്രായമായ കോഴികള്‍ മുട്ടയിട്ടുതുടങ്ങി. അജയകുമാറിന്റെ ഭാര്യ ബ്യൂലയും കുട്ടികളായ അനന്യ, അഭിരാജ് എന്നിവരും മനീഷ് കുമാറിന്റെ ഭാര്യ സിന്ധുവും മക്കള്‍ സൂര്യയും ദേവനന്ദനയും കാടകളെ പരിചരിക്കുന്നു. അധ്യാപക-ചെത്തുതൊഴിലിനോടൊപ്പം കാടക്കൃഷി വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

Content Highlights: Success story of two friends in Kada or Quail Farming