ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലാതെ നടക്കുമ്പോള്‍ കൗമാരം വിട്ടിട്ടില്ലാത്ത മൂന്നു വിദ്യാര്‍ഥികള്‍ക്ക് തലയ്ക്കുപിടിച്ചത് കൃഷിപ്രേമം. നാട്ടുകാരനായ കര്‍ഷകന്‍ തന്റെ പാടത്ത് പണിയെടുക്കുന്നതു പതിവായി കണ്ടതില്‍നിന്നുണ്ടായ കൗതുകം.

വൈകാതെ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് സംഘം ചേറിലിറങ്ങി. പ്രാഥമിക കൃഷി പാഠങ്ങള്‍ പഠിച്ചശേഷം അദ്ദേഹം വിട്ടുനല്‍കിയ ഒരേക്കര്‍ പാടത്ത് മൂന്നരമാസം തനിയെ അധ്വാനം. ഒടുവില്‍ നൂറുമേനി 'മനുരത്‌ന' നെല്ലുവിളയിച്ച് അംഗീകൃത കര്‍ഷകരായി.

പുനലൂര്‍, ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ ഈട്ടിവിള പുത്തന്‍വീട്ടില്‍ ബാബു മാത്യുവിന്റെയും ഷേര്‍ളിയുടെയും മക്കളായ ബിബിന്‍ ബാബു (22), ഷോബിന്‍ ബാബു (20), അയല്‍ക്കാരായ മണലില്‍ പറങ്കിമാംവിള ജോബിറ്റ് ഭവനില്‍ ജോസ് തോമസിന്റെയും ജയിനമ്മയുടെയും മകന്‍ ജോബിറ്റ് ജോസ് (16) എന്നിവരാണ് ഈ യുവകര്‍ഷകര്‍.

കോവിഡിന്റെ ആരംഭകാലത്താണ് സംഘം കൃഷിയുടെ ലോകത്തെത്തിയത്. നാട്ടുകാരനായ കര്‍ഷകന്‍ ബാബു തോമസ് പാടത്തു പണിയെടുക്കുന്നത് കാണാനെത്തിയ ഇവര്‍ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെ കൃഷിയിലേക്ക് തിരിയുകയായിരുന്നു. ബാബുവിനെ സഹായിച്ച് ഒപ്പം കൂടി. 

മൂന്നരമാസം മുന്‍പാണ് സ്വയം കൃഷിയിറക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. കരവാളൂര്‍ പഞ്ചായത്തിലെ ബ്ലാവടി ഏലായില്‍, കൃഷിചെയ്യാതെകിടന്ന തന്റെ ഒരേക്കര്‍ നിലം ബാബു സംഘത്തിനു വിട്ടുകൊടുത്തു. ഉഴാന്‍ ട്രാക്ടറും നടാന്‍ ഞാറും നല്‍കി. ഞാറുനടാനും ആദ്യവട്ട കളപറിക്കാനും മാത്രമേ കുട്ടികള്‍ക്ക് സഹായം ആവശ്യമായി വന്നുള്ളൂ. ബാക്കിയെല്ലാം സ്വയം ചെയ്തു. ജൈവവളമാണ് കൂടുതലും ഉപയോഗിച്ചത്.

ബുധനാഴ്ച രാവിലെ വാര്‍ഡ് പ്രതിനിധി യോഹന്നാന്‍കുട്ടിയുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ മുരളി കൊയ്ത്തുദ്ഘാടനം നിര്‍വഹിച്ചതോടെ കുട്ടിക്കര്‍ഷകരുടെ ഒന്‍പതുമാസംനീണ്ട അധ്വാനം സാര്‍ഥകമായി.

കൃഷി തുടരും

കൗതുകംകൊണ്ടാണ് നെല്‍ക്കൃഷി തുടങ്ങിയത്. ഇത്രയും വിജയിക്കുമെന്ന് കരുതിയില്ല. തുടര്‍ന്നും കൃഷിചെയ്യാനാണ് തീരുമാനം. അടുത്തതവണ വാഴക്കൃഷിയും പരീക്ഷിക്കാന്‍ ആലോചിക്കുന്നുണ്ട്. - ബിബിന്‍, ഷോബിന്‍, ജോബിറ്റ്

താത്പര്യം വിജയംകണ്ടു

എന്റെ കൃഷികണ്ടു താത്പര്യപ്പെട്ടാണ് മൂന്നുപേരും എത്തിയത്. ആത്മാര്‍ഥത തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഓരോ കുട്ടിയുടെയും യഥാര്‍ഥ താത്പര്യം തിരിച്ചറിഞ്ഞ് ആ വഴിക്ക് തിരിച്ചുവിട്ടാല്‍ ഇതേപോലെ വിജയങ്ങളുണ്ടാകും.- ബാബു തോമസ്, കര്‍ഷകന്‍

സഹായിക്കും

ഇവരുടെ പ്രായത്തിലുള്ള കുട്ടികള്‍ കാര്‍ഷികരംഗത്തേക്കു വരുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കൃഷി തുടര്‍ന്നാല്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സബ്സിഡി ഉള്‍പ്പെടെ സര്‍ക്കാരില്‍നിന്നുള്ള സഹായങ്ങളും ലഭ്യമാക്കും.- ജൂലി അലക്‌സ്, കൃഷി ഓഫീസര്‍, കരവാളൂര്‍

Content Highlights: Success story of three students in Paddy Cultivation