നെല്‍ക്കൃഷിക്കാരനായ അച്ഛനെ സഹായിക്കാന്‍ അഞ്ചുവര്‍ഷംമുമ്പ് മണ്ണിലേക്കിറങ്ങിയതാണ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറായ പി.ജി. ജോഷി. സിമന്റും കല്ലും ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് രൂപംനല്‍കിയ ആ കൈകള്‍ ഇന്ന് നെല്ലുമാത്രമല്ല വിളയിക്കുന്നത്. എണ്ണിയാല്‍തീരാത്ത കൃഷികളാണ്. വെറും ആറേക്കറിലാണ് ജോഷിയുടെ കൃഷിവൈവിധ്യങ്ങള്‍...

ആദ്യം പരാജയത്തിന്റെ കയ്പ്

പാലക്കാട്, പട്ടഞ്ചേരി കന്നിമാരി പട്ടത്ത് വീട്ടില്‍ ജോഷി, ഡ്രാഫ്റ്റ്‌സ്മാന്‍ കോഴ്സ് പൂര്‍ത്തിയാക്കിയാണ് കോണ്‍ട്രാക്ടര്‍ ജോലിയിലേക്കിറങ്ങിയത്. നാട്ടിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലുമൊക്കെയായി 20 വര്‍ഷത്തോളം ഈ മേഖലയിലുണ്ടായിരുന്നു. അച്ഛന്‍ പി.കെ. ഗോപാലന്‍ എഴുത്തച്ഛന് പ്രായമായതോടെയാണ് നാലേക്കറിലെ നെല്‍ക്കൃഷി നോക്കിനടത്താന്‍ നാട്ടിലെത്തിയത്.

കൃഷിയില്‍ ശ്രദ്ധിക്കാന്‍ കോണ്‍ട്രാക്ടര്‍ ജോലി ഉപേക്ഷിച്ചു. വരുമാനം കുറഞ്ഞതോടെ പക്ഷേ, മറ്റുകൃഷികള്‍കൂടി നടത്തണമെന്നായി ചിന്ത. 18 പശുക്കളുമായി ആദ്യംഫാം തുടങ്ങിയെങ്കിലും തൊഴിലാളിക്ഷാമംമൂലം പരിപാലിക്കാന്‍ കഴിഞ്ഞില്ല. തളരാതെ, ഇന്റര്‍നെറ്റിലൂടെയടക്കം പഠിച്ച് മറ്റ് കൃഷികളിലേക്ക് കടന്നു.

70 ഇനം വിദേശ പഴങ്ങള്‍

ബൊളീവിയയില്‍ കാണുന്ന ചുവന്നുതുടുത്ത മാനില ടെനിസ് ചെറി, ബ്രസീലിലെ ജബൂട്ടിക്ക... വൈവിധ്യമാര്‍ന്ന എഴുപതോളം വിദേശപഴങ്ങള്‍ ഇന്ന് ജോഷിയുടെ വീട്ടുവളപ്പിലുണ്ട്. സുഹൃത്തുക്കളില്‍നിന്നടക്കം ശേഖരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വെച്ചുപിടിപ്പിച്ച ചെടികളില്‍ പലതും ഇന്ന് കായ്ച്ചുതുടങ്ങി. പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഇവയെല്ലാം പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. 

ഇതുകൂടാതെ ബയോഫ്‌ളോക്ക് മീന്‍കൃഷി, കോഴി, താറാവുവളര്‍ത്തല്‍, കൂണ്‍ ഉത്പാദനം എന്നിവയും നടത്തുന്നുണ്ട്. വെറും രണ്ടുസെന്റ് സ്ഥലത്ത് വലിയ വിളവെടുക്കാവുന്ന ബയോഫ്‌ളോക്ക് മീന്‍വളര്‍ത്തലിലൂടെ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയോളം വരുമാനമുണ്ടെന്ന് ജോഷി പറയുന്നു. രണ്ട് യൂണിറ്റുകളിലായി തിലോപ്പിയ മീനാണ് വളര്‍ത്തുന്നത്.

കൂട്ടിലിടാതെയാണ് കരിങ്കോഴികളെയും നാടന്‍കോഴികളെയും താറാവുകളെയും വളര്‍ത്തുന്നുണ്ട്. ഒരു കരിങ്കോഴിയെ 850 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്നൂറോളം കരിങ്കോഴികളും നാടന്‍കോഴികളും നാല്പതോളം താറാവുകളും ഇന്ന് ജോഷിയുടെ വീട്ടിലുണ്ട്. ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് ഇവയുടെ കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കുന്നുണ്ട്. 

പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിലാണ് ഒരുമാസം 60 കിലോ കൂണ്‍ വിളയുന്നത്. നേരിട്ടും അച്ചാറാക്കിയും, ഉണക്കിപ്പൊടിച്ചുമെല്ലാം കടകളിലേക്കും ആളുകള്‍ക്കും നല്‍കുന്നതിലൂടെ രണ്ടുമാസത്തിലൊരിക്കല്‍ 10,000 രൂപയോളം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ, തന്റെ കൃഷിക്കുള്ള ജൈവവളത്തിനായി രണ്ടുയൂണിറ്റ് മണ്ണിരകമ്പോസ്റ്റും കോഴികള്‍ക്കും മീനുകള്‍ക്കും തീറ്റനല്‍കാന്‍ അസോള കൃഷിയും ജോഷിക്കുണ്ട്. മിച്ചംവരുന്ന ജൈവവളം കിലോക്ക് 20 രൂപനിരക്കില്‍ വില്‍ക്കുന്നുണ്ട്. എല്ലാറ്റിനും പിന്തുണയുമായി അച്ഛനും അമ്മ ജയലക്ഷ്മിയും, ഭാര്യ ശുഭയും മകന്‍ അഭിജിത്തും ഒപ്പമുണ്ട്.

Content Highlights: Success story of integrated farming by a couple from Palakkad