ഗൃഹനാഥന്‍ എം.ഡി.ബേബി, ഗൃഹനാഥ ബേബി വി.നായര്‍; കോട്ടയം, പൊന്‍കുന്നം മുളയണ്ണൂര്‍ വീട്ടിലെ 'ബേബിമാര്‍' ഹാപ്പിയാണ് തങ്ങളുടെ വീട്ടുവളപ്പിലെ പക്ഷിമൃഗാദികള്‍ക്കൊപ്പം. ഇവയുടെ പരിപാലനം ഈ ദമ്പതിമാരുടെ ജീവിതചര്യയാണ്. എം.ഡി.ബേബി റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍, ഭാര്യ ബേബി ചിറക്കടവ് സഹകരണബാങ്കില്‍നിന്ന് അസി.സെക്രട്ടറിയായി വിരമിച്ചയാള്‍. ജോലിയുണ്ടായിരുന്ന കാലത്തും ഇവരുടെ ജീവിതത്തില്‍ ഈ പക്ഷിമൃഗാദികളുണ്ടായിരുന്നു.

തൊഴുത്തിലുണ്ട് 21 പശുക്കള്‍

വീടിന്റെ പിന്നില്‍ നാലുതൊഴുത്ത്. ഇവയിലെല്ലാംകൂടി 21 പശുക്കള്‍. ഗീര്‍, ജേഴ്സി, എച്ച്.എഫ്.തുടങ്ങിയ ഇനങ്ങള്‍. പാല്‍ വില്‍പ്പന വീട്ടില്‍ തന്നെ. നാട്ടില്‍നിന്ന് നിരവധി പേര്‍ എത്തി വാങ്ങും. വില്‍പ്പനയ്ക്കായി ബുദ്ധിമുട്ടേയില്ല. 15 ആടുകള്‍-ജമ്നാപ്യാരി, ഷിരോഗി, മലബാറി ഇനങ്ങള്‍. ആട്ടിന്‍പാല്‍ വാങ്ങാന്‍ പതിവായി 20 കിലോമീറ്റര്‍ അകലെനിന്നെത്തുന്നവരുണ്ട്.

മുട്ടക്കോഴി 350 എണ്ണം

തൊഴുത്തിന് പിന്നില്‍ കോഴിഫാം. ഇറച്ചിക്കായി വില്‍പ്പനയില്ല. 350 നാടന്‍ മുട്ടക്കോഴികള്‍. മുട്ടയുടെ ഉപഭോക്താക്കളും അയല്‍വാസികള്‍. കടകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കേണ്ടതില്ല. താറാവുകളുമുണ്ട്.

പാത്തയുണ്ട്, ഐശ്വര്യമായി

തൂവെള്ളനിറത്തില്‍ വീട്ടുമുറ്റത്തിന് അലങ്കാരമായി പാത്തകള്‍. അവയുടെ മുട്ട വില്‍ക്കുന്നില്ല. മുട്ടയ്ക്ക് ഒന്നിന് നൂറുരൂപയില്‍ കൂടുതല്‍ കിട്ടില്ല. എന്നാല്‍, അത് അടവെച്ച് വിരിഞ്ഞാല്‍ ഒരു പാത്തക്കുഞ്ഞിന് ആയിരം രൂപവരെ വിലകിട്ടും. വലിയ പാത്തകളെ വീടിന് അലങ്കാരമായി വളര്‍ത്താന്‍ മോഹവിലയ്ക്ക് ആള്‍ക്കാര്‍ വാങ്ങും. നാലായിരം രൂപവരെ പാത്തയൊന്നിന് കിട്ടും.

ബാലന്‍സ് ഷീറ്റില്‍ നഷ്ടക്കണക്കില്ല

കൂടുതല്‍ ജോലികളും ബേബിമാര്‍തന്നെ ചെയ്യും. രണ്ട് ജോലിക്കാരുമുണ്ട്. കൃഷിയും മൃഗപരിപാലനവും നഷ്ടമേയല്ലെന്ന കണക്കാണ് എം.ഡി.ബേബിയുടെ അനുഭവത്തില്‍. പശുവളര്‍ത്തലില്‍ പാലില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ ലാഭം ചാണകം, നെയ്യ് എന്നിവയില്‍നിന്നുണ്ട്. മഴനനയാതെയും വെയില്‍കൊള്ളാതെയും ചാണകം കിടക്കുന്നതിനാല്‍ വളക്കൂര്‍ കൂടുതലുള്ള ചാണകം. അതിന് നല്ല വില കിട്ടും. വീട്ടിലെ പാചകത്തിന് ആവശ്യമായ വാതകം ലഭിക്കുന്നത് ചാണകത്തില്‍നിന്ന്. എല്ലാ ചെലവും കഴിഞ്ഞ് പ്രതിവര്‍ഷം നാലരലക്ഷം രൂപ ആദായമുണ്ട്.

നാടന്‍കൃഷിയും

ചേമ്പും ചേനയും കാച്ചിലും തുടങ്ങി നടുതല ഇനങ്ങള്‍ എല്ലാം നാടന്‍ ഇനം. ചെറുകിഴങ്ങ്, അടതാപ്പ്, ശീമക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍ തുടങ്ങി നാട്ടിന്‍പുറങ്ങളില്‍ അത്ര സുലഭമല്ലാത്ത വിളകളെല്ലാം വളപ്പിലുണ്ട്. പച്ചക്കറികളുടെ കൂടെ വേറിട്ട് നില്‍ക്കുന്നത് ചതുരപ്പയര്‍, നിത്യവഴുതന, കറിച്ചേമ്പ് തുടങ്ങിയവ. എല്ലാറ്റിനും വളമായി ചാണകം. ഇതെല്ലാം അധികലാഭം.

Content Highlights: success story of integrated farming by a couple from Kottayam