പത്തനംതിട്ട, മുറിഞ്ഞകല്‍ മൊട്ടപ്പാറ ഏലായിലെത്തിയാല്‍ പപ്പന്റെ കൃഷിയിടത്തില്‍ എത്താതെ പോകാനാകില്ല. കാര്‍ഷികവിളകള്‍ വാങ്ങാനായാലും കൃഷിയെപ്പറ്റി അറിയാനായാലും എന്തിനും ആളുകള്‍ എത്തുന്നത് പപ്പന്‍ എന്ന് വിളിക്കുന്ന സുനില്‍ വിലാസത്തില്‍ സുനിലിന്റെ കൃഷിയിടത്തിലാണ്.
സ്വന്തമായിട്ടുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്ന് ഏക്കര്‍ സ്ഥലത്ത് കിട്ടാത്ത കാര്‍ഷിക വിളകളില്ല. ഒപ്പം മീനും ക്ഷീരകൃഷിയും ചേര്‍ത്ത് സമ്മിശ്രമായ കൃഷിയാണ് പപ്പന്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. അഞ്ഞൂറ് മൂടിലധികം വാഴകള്‍, പയര്‍, പാവല്‍, പടവലം, മുളക്, ചേമ്പ്, ചേന, കാച്ചില്‍, മരച്ചീനി, തുടങ്ങി എല്ലാവിളകളും ഇവിടെ സമൃദ്ധമായി വളരുന്നു. ഇവിടെത്തന്നെ മീന്‍ വളര്‍ത്താന്‍ രണ്ട് വലിയ കുളങ്ങളും നിര്‍മിച്ചിട്ടുണ്ട്.
സിലോപ്പിയ, കാരി ഇനത്തിലുള്ള മീനുകളെയാണ് വളര്‍ത്തുന്നത്. വെച്ചൂര്‍ പശു ഉള്‍പ്പടെ നാല് പശുക്കളും പപ്പന്റെ ഈ ഹരിത സ്വര്‍ഗത്തിലുണ്ട്. പാക്കണ്ടത്തിലുള്ള ഒരു ക്രഷറിലെ മെക്കാനിക്കാണ് പപ്പന്‍. രാവിലെ പത്തുമുതല്‍ അഞ്ചുവരെ അവിടെ ജോലിക്ക് പോകും. ഇതിനുശേഷമുള്ള സമയത്തിലധികവും കൃഷിയിടത്തില്‍ തന്നെയാണ്.
വെളുപ്പിന് അഞ്ചിന് കൃഷിയിടത്തിലെത്തുന്ന പപ്പന്‍ ഒന്‍പതുവരെയും വൈകീട്ട് അഞ്ചരമുതല്‍ പതിനൊന്നുവരെയും കൃഷിസ്ഥലത്തുണ്ടാകും. കൃഷി ചെയ്യുന്നതിന് ഭാര്യ ജൂലിയുടെയും മകള്‍ സ്വാതിയുടെയും സഹായം മാത്രമാണ് ഉപയോഗിക്കുന്നത്.
ജോലിക്കാരെ ഇതിനായി നിയോഗിക്കാറുമില്ല. കൃഷിയിടത്തിലേക്ക് ആരുവന്നാലും ഒറ്റ നിബന്ധന മാത്രം പപ്പന്‍ വെയ്ക്കും. കൃഷിയിടത്തില്‍ കയറുന്ന ആരും ചെരിപ്പ് ഉപയോഗിക്കരുത്. കൃഷിയെ ദൈവീക പരിവേഷത്തോടെയാണ് ഇദ്ദേഹം കാണുന്നത്. മുപ്പത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ തന്നെയാണ് പപ്പനും കുടുംബവും കൃഷിയിടത്തിലേക്ക് കയറുന്നത്.
കൃഷി നഷ്ടമല്ല
മണ്ണിന്റെ മനസ്സറിഞ്ഞ് കൃഷിചെയ്താല്‍ കൃഷി ഒരിക്കലും നഷ്ടമാകില്ലെന്നാണ് പപ്പന്റെ അഭിപ്രായം. കഴിഞ്ഞവര്‍ഷം ഒരുടണ്ണിലേറെ പാവലും അത്രയും തന്നെ പയറും അഞ്ഞൂറിലധികം ഏത്തക്കുലയും ഇദ്ദേഹം സ്വാശ്രയ കര്‍ഷക വിപണിയില്‍ വില്‍പ്പന നടത്തി. ഇക്കുറിയും വിളവ് മോശമല്ലാത്ത രീതിയില്‍ തന്നെ ലഭിച്ചിട്ടുണ്ട്.
Content Highlights: Success story of farmer from pathanamthitta