തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വഴുതനക്കൃഷിക്കിറങ്ങുമ്പോള്‍ തിരുവെങ്കിടത്തിന് കൂട്ടായുണ്ടായിരുന്നത് ആത്മവിശ്വാസംമാത്രം. എന്നാല്‍ വിളവെടുപ്പുകഴിഞ്ഞപ്പോള്‍ കൃഷി വന്‍വിജയമായതിന്റെ സന്തോഷമാണ് ആ മുഖത്ത് നിറയുന്നത്.
പാലക്കാട്, എരുത്തേമ്പതി ആര്‍.വി.പി. പുതൂര്‍ പത്താംനമ്പര്‍ കളത്തില്‍ തിരുവെങ്കിടത്തിന്റെ അഞ്ച് ഏക്കര്‍ തെങ്ങിന്‍തോപ്പിലാണ് ഇടവിളയായി ലോംഗ് ഗ്രീന്‍ എന്നറിയപ്പെടുന്ന നീളംകൂടിയ പച്ചവഴുതന വിളവെടുത്തത് (നാടന്‍ വഴുതന). ഇതിനുമുന്‍പ് തെങ്ങിന്‍തോട്ടത്തില്‍ പുതിന, കൊത്തമല്ലി, ചീര എന്നീ കൃഷികള്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തിരുവെങ്കിടം അഞ്ച് ഏക്കറില്‍ വഴുതന നട്ടത്.
ചെടിനട്ട് 50 മുതല്‍ 55 ദിവസംകൊണ്ട് പൂവിടുകയും 70 മുതല്‍ 75 ദിവസത്തില്‍ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതാണ് രീതി. പിന്നീട് തുടര്‍ച്ചയായി ആറുമാസംവരെ വിളവെടുപ്പ് തുടരും. വീണ്ടും ചെടിയുടെ തല വെട്ടിക്കളഞ്ഞ് മറ്റുഭാഗങ്ങളില്‍ മണ്ണുകൂട്ടി വളം ഇട്ടാല്‍ വീണ്ടും ആറുമാസംവരെ വിളവെടുപ്പ് നടത്താമെന്നും കര്‍ഷകന്‍ പറഞ്ഞു.
ഒരേക്കര്‍ തെങ്ങിന്‍തോപ്പില്‍ 1800 മുതല്‍ മുതല്‍ 2000 വഴുതനത്തൈകള്‍ വരെ നടാം. ഒരേക്കറില്‍ വഴുതനക്കൃഷി ചെയ്യാന്‍ 40,000 മുതല്‍ 50,000 രൂപവരെയാണ് ഒരുവര്‍ഷത്തില്‍ ചെലവ് വരുന്നത്. 80,000 രൂപ മുതല്‍ 1,20,000 രൂപവരെ ഇട കൃഷിയിലൂടെ ലാഭം കൊയ്യാമെന്ന് കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. 10 രൂപമുതല്‍ മുതല്‍ 20 രൂപവരെയാണ് ഒരു കിലോ വഴുതനയുടെ മാര്‍ക്കറ്റ് വില.
Content Highlights: Success story of farmer from palakkad