വേണമെങ്കില്‍ ചൊരിമണലിലും വിളയും ഉള്ളി. യുവകര്‍ഷകനായ ചെറുവാരണം സ്വാമി നികര്‍ത്തില്‍ എസ്.പി. സുജിത്താണ് ഉള്ളി കൃഷിചെയ്ത് കരപ്പുറത്തെ പഞ്ചാരമണലില്‍ നേട്ടമുണ്ടാക്കിയത്. ചേര്‍ത്തല മതിലകം പ്രത്യാശ കേന്ദ്രത്തില്‍ പാട്ടത്തിനെടുത്ത അരഏക്കര്‍ ഭൂമിയില്‍ ഉള്ളിക്കൃഷി നടത്തി. 36 കിലോ ഉള്ളിവിത്ത് പാകി. ഏകദേശം 500 കിലോ ഉള്ളി കിട്ടി.

ഉള്ളിക്കൃഷി ചെയ്യുന്ന വിധം

മണ്ണ് ഇളക്കി അടിവളമായി ചാണകപ്പൊടിയും കോഴിവളവും പച്ചിലക്കമ്പോസ്റ്റും ചേര്‍ത്ത് തടം ഉണ്ടാക്കി. തടത്തിലെ ചൂടുമാറ്റാന്‍ രണ്ടാഴ്ച നനമാത്രം മതി. നന്നായി തണുത്തശേഷം ഉള്ളിനടാം. മണ്ണിനുമുകളില്‍ ഉള്ളി കാണുംവിധം നടണം. വേരുള്ളഭാഗം മണ്ണിനുതാഴെ വരത്തക്കവിധമാണു നടേണ്ടത്. 

മാര്‍ക്കറ്റില്‍നിന്നുതന്നെ ഉണങ്ങിയ മൂത്ത ഉള്ളി വാങ്ങി നട്ടാല്‍മതി. ഈര്‍പ്പം നിലനില്‍ക്കുന്നവിധം ജലസേചനം നടത്തണം. ഇത് ഉള്ളിനട്ട് 50 ദിവസം മാത്രംമതി. 65- 70 ദിവസം വിളവെടുപ്പു നടത്താം. വളര്‍ന്നശേഷം കൂടുതല്‍ ജലസേചനം പാടില്ല. ഉള്ളി അഴുകിപ്പോകാതെ നോക്കണം.

ഇടവിളയായി ചീരയുംനടാം

ഉള്ളിത്തടത്തില്‍ നടുന്ന ചീരയ്ക്കു മികച്ചവിളവ് കിട്ടും. 25- 30 ദിവസംകൊണ്ട് ചീര പാകമാകും. പിന്നെ, ഉള്ളി തഴച്ചുവളരും.

വില 60 രൂപ

ഇലയോടുകൂടി ഉള്ളി 60 രൂപയ്ക്കാണു സുജിത്ത് വില്‍ക്കുന്നത്. നവമാധ്യമങ്ങളില്‍ പ്രോത്സാഹനം നല്‍കിയ അമ്പതോളം സുഹൃത്തുക്കള്‍ക്ക് അരക്കിലോവീതം സമ്മാനമായി നല്‍കി.

കൃഷി ആദായകരം

മറ്റു പച്ചക്കറികളുമായി താരതമ്യംചെയ്യുമ്പോള്‍ ഉള്ളിക്കൃഷി ആദായകരമാണ്. കീടബാധ ഉണ്ടാകില്ല. ഒന്നര ഏക്കര്‍ സ്ഥലത്തുകൂടി ഉള്ളിക്കൃഷി ചെയ്യുന്നുണ്ട്. എസ്.പി .സുജിത്ത്, കര്‍ഷകന്‍.

 

Content Highlights: Success story of an Alappuzha native in Onion Cultivation