വെറും പതിനഞ്ച് സെന്റ് സ്ഥലത്താണ് സിന്ധു കാടക്കോഴിയെ മുതല്‍ പശുവിനെവരെ വളര്‍ത്തുന്നത്. അവിടെ എല്ലുമുറിയെ പണിയെടുത്ത് ഈ നാല്‍പ്പത്തിരണ്ടുകാരി സമ്പാദിക്കുന്നതോ.. മാസം അര ലക്ഷം രൂപ വീതം. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളെ മനക്കരുത്തോടെ തരണം ചെയ്താണ് ആലുങ്കല്‍ പീടികയില്‍ സിന്ധു ജീവിതവിജയം നേടിയത്.
ഒറ്റയ്ക്കുപൊരുതി
12 വര്‍ഷം മുമ്പ് ഭര്‍ത്താവ് വീടുവിട്ടുപോയപ്പോള്‍ തുടങ്ങിയ പോരാട്ടമാണ്. അന്ന് സിന്ധുവിന് വയസ്സ് 30. കൂടെ പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍. സിന്ധു തളര്‍ന്നില്ല. മക്കളെ ചേര്‍ത്തുനിര്‍ത്തി പോരാട്ടം തുടങ്ങി. ഇടുക്കി ആര്‍ച്ച് ഡാമിന്റെ സമീപത്തെ കുടുംബവീടിന്റെ മുറ്റത്ത് കൂടുകെട്ടി കാടക്കോഴിയെ വളര്‍ത്തിത്തുടങ്ങി. കാടമുട്ടയ്ക്ക് ആവശ്യക്കാരേറിയതോടെ കൂടുതല്‍ സൗകര്യമൊരുക്കി. കോഴികളുടെ എണ്ണം കൂട്ടി. ഇപ്പോള്‍ 1000 കാടക്കോഴികളുണ്ട്. ദിവസവും തൊള്ളായിരത്തിലധികം മുട്ട കിട്ടും. മാംസത്തിന്റെ ആവശ്യത്തിനായും കോഴികളെ വില്‍ക്കുന്നു.
ഇതിനിടെ മീനും വളര്‍ത്തിത്തുടങ്ങി. വീട്ടുമുറ്റത്ത് 15 അടിയില്‍ ഒരു പഴയ ടാങ്ക് വാങ്ങി വെച്ച് മീന്‍കുഞ്ഞുങ്ങളെ ഇട്ടു. 'അഡ്വാന്‍സ് ബയോ ഫ്‌ളോക്ക്' എന്ന രീതിയാണ് സ്വീകരിച്ചത്. ഈ രീതിയില്‍ മത്സ്യക്കൃഷി ചെയ്താല്‍ ഏഴുമാസം വരെ ടാങ്കിലെ വെള്ളം മാറേണ്ട. ഏഴ് മാസമായപ്പോള്‍ 700 മുതല്‍ 800 ഗ്രാം വരെ തൂക്കമുള്ള മീന്‍ കിട്ടി. ഇപ്പോള്‍ കിലോയ്ക്ക് 250 രൂപ വെച്ച് കിട്ടുന്നു.
ലാഭമേറിയ മുയല്‍കൃഷി
നാടന്‍കോഴി, ആട്, മുയല്‍ എന്നിവയെയും വളര്‍ത്തുന്നു. നാടന്‍ കോഴിക്കും വലിയ ഡിമാന്‍ഡാണ്. ആട്, മുയല്‍ എന്നിവയുടെ കുഞ്ഞുങ്ങളെയാണ് പ്രധാനമായും വില്‍ക്കുന്നത്. സങ്കരയിനം ആടുകളായതിനാല്‍ അവയുടെ കുഞ്ഞുങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നുണ്ട്. മുയല്‍കൃഷിയും നല്ല ലാഭത്തിലാണ്. ഒരു പെണ്‍മുയലിന് ഒറ്റ പ്രസവത്തില്‍ നാലുമുതല്‍ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.
രണ്ടെണ്ണത്തിന് ആയിരം രൂപ വെച്ചാണ് വില്‍ക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ മുയലുകള്‍ പ്രസവിക്കും. വീട്ടിലെ ആവശ്യത്തിനുവേണ്ടി ഒരു പശുവിനെയും വളര്‍ത്തുന്നു. കൂടുതല്‍ പശുക്കളെ വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥല പരിമിതി പ്രശ്‌നമാണ്. നിമ്മി, നിജി, ജിതിന്‍, ജീന എന്നിവരാണ് സിന്ധുവിന്റെ മക്കള്‍.
Content Highlights: Success story of a young woman farmer from Idukki