വശ്യക്കാരന്റെ പേരെഴുതിയ ഇളം മത്തങ്ങകള്‍, പച്ചക്കറി കൊണ്ടുപോകാന്‍ പുറകുവശം തയ്യാറാക്കിയ ബൈക്ക്, ജൈവസമ്പുഷ്ടിയില്‍ വിളഞ്ഞുനില്‍ക്കുന്ന പയറുംചീരയും. വയനാട്, വടുവന്‍ചാല്‍ വരിപ്രയിലെ ജോണ്‍സന്റെ കൃഷിരീതി വേറിട്ടതാണ്. കാര്‍ഷികവിളകള്‍ വില്‍ക്കാന്‍ പ്രയാസപ്പെടുന്ന കോവിഡ് കാലത്ത് സ്വന്തമായി വിപണി കണ്ടെത്തിയ ഇദ്ദേഹം പ്രതിന്ധിഘട്ടത്തിലും തലയുയര്‍ത്തി നില്‍ക്കുന്നു. ഹോം ഡെലിവറിയെന്ന വിപണനതന്ത്രം വര്‍ഷങ്ങളായി പിന്തുടരുന്ന ജോണ്‍സന്‍ രണ്ട് ലോക്ഡൗണിലും ലോക്കായില്ല.

പാര്‍ട് ടൈം കര്‍ഷകനാണെങ്കിലും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണ് ജോണ്‍സന്‍. വെല്‍ഡിങ് തൊഴിലാളിയായ ഇദ്ദേഹത്തിന് കൃഷി ജീവിതചര്യയാണ്. വിത്തിടുന്നതുമുതല്‍ വിപണനംവരെ സ്വന്തമായ ശൈലിയുണ്ട്. ഹോം ഡെലിവറി സേവനം പ്രചാരം നേടുന്നതിനുമുമ്പ് വടുവന്‍ചാലിലെ ഗ്രാമങ്ങളില്‍ ജോണ്‍സന്‍ പരീക്ഷിച്ചുവിജയിച്ചതാണ്. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ബുക്കുചെയ്ത് കാത്തിരിക്കുന്നു. മൂപ്പെത്താത്ത മത്തങ്ങയും പടവലങ്ങയുമെല്ലാം നേരത്തേ ബുക്കുചെയ്തിട്ടിരിക്കുകയാണ് ആവശ്യക്കാര്‍. ഉപഭോക്താവിന്റെ പേരും ബുക്കുചെയ്ത തീയതിയും കുറിച്ചിട്ട അപൂര്‍വകാഴ്ച ജോണ്‍സന്റെ കൃഷിയിടത്തില്‍ കാണാം.

രണ്ടുതവണ ലോക്ഡൗണ്‍ വന്നിട്ടും അതൊന്നും ഇദ്ദേഹത്തിന്റെ കൃഷിയെ ബാധിച്ചിട്ടില്ല. തോട്ടത്തില്‍ വിളയുന്ന പച്ചക്കറികളെല്ലാം ചൂടപ്പംപോലെ വിറ്റുപോകുന്നു. രാവിലെ അഞ്ചുമണിമുതല്‍ കൃഷിയിടത്തില്‍ സജീവമാണിദ്ദേഹം. വിളവെടുക്കുന്ന പച്ചക്കറികളുമായി പുലര്‍ച്ചെ ജോണ്‍സന്റെ വണ്ടി ആവശ്യക്കാര്‍ക്കരികിലെത്തും. വില്‍പ്പനകഴിഞ്ഞാണ് ജോലിക്കു പോകുന്നത്. ജോലികഴിഞ്ഞെത്തിയാല്‍ രാത്രി ഒമ്പതുമണിവരെ കൃഷിയിടത്തിലാണ്.

ചീര, പയര്‍, വെള്ളരി, പാവയ്ക്ക, കാന്താരിമുളക് തുടങ്ങി വീട്ടിലേക്കാവശ്യമായതെല്ലാം ജോണ്‍സന്റെ തോട്ടത്തിലുണ്ട്. രണ്ടുതവണ ലോക്ഡൗണ്‍ വന്നപ്പോഴും സാധാരണദിനങ്ങള്‍പോലെ കടന്നുപോയെന്ന് ജോണ്‍സന്‍ പറയുന്നു. പാരമ്പര്യ കര്‍ഷക കുടുംബത്തില്‍ എല്ലാവരും ഇദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു.

Content Highlights: Success story of a vegetable farmer from wayanad