ലിമിന് മഞ്ഞള്‍ വെറുമൊരു വസ്തുവല്ല, ജീവിത ഔഷധമാണ്. ഒമ്പതുവര്‍ഷം മുമ്പാണ് വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി കാട്ടകത്ത് സലിം മുഴുവന്‍സമയ മഞ്ഞള്‍ക്കര്‍ഷകനായത്. ആദ്യവര്‍ഷം 200 കിലോഗ്രാം വിളവാണ് ലഭിച്ചത്. ക്രമേണ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 'പ്രതിഭ' വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്.

തെങ്ങിന്‍തോട്ടത്തിലെ ഇടവിളയായും മഞ്ഞള്‍ ഉള്‍പ്പെടുത്തി. ചെറിയ രീതിയില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ അഞ്ചേക്കറിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞവര്‍ഷം 20 ടണ്ണോളം വിളവു ലഭിച്ചു. ഉത്പാദിപ്പിച്ച മഞ്ഞള്‍ സ്വന്തമായിത്തന്നെ സംസ്‌കരിച്ച് പൊടിയാക്കി വിപണനം നടത്തും. വിത്തായും നല്‍കും.

കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ഉപഭോക്താക്കളാണുള്ളത്. കമ്പനികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും മഞ്ഞള്‍ സലിം നല്‍കാറില്ല. രണ്ടു കിലോഗ്രാം മാത്രമേ ഒരാള്‍ക്ക് ഒരു സമയം നല്‍കൂ. വളവും ജൈവരീതിയില്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നു. കീടങ്ങള്‍ക്കെതിരേ ജൈവരീതിയിലാണ് പ്രതിരോധം.

ശ്രീനിവാസന്‍, അനൂപ് ചന്ദ്രന്‍, സലിംകുമാര്‍ തുടങ്ങിയ താരങ്ങളും സലിമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ധനമന്ത്രി തോമസ് ഐസക്കും സലിമിന്റെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയിരുന്നു.

ജൈവകൃഷിയില്‍ തനതുശൈലി വികസിപ്പിച്ചെടുത്ത സലിമിനെ തേടി ആത്മമിത്ര പുരസ്‌കാരം, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, വനമിത്ര അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തി. ഭാര്യ ഷരീഫയും മകന്‍ അന്‍സാറുമാണ് കൃഷികാര്യങ്ങളില്‍ എഴുപതുകാരനായ സലീമിന് പിന്തുണ.

Content Highlights: Success story of a turmeric farmer from Thrissur