ണ്ണിനെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനസ്സുണ്ടെങ്കില്‍ ഏതുകൃഷിയിലും വിജയഗാഥ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കൃഷ്ണന്റെ പക്ഷം. വാണിയമ്പാറ ചുങ്കത്തൊടി വീട്ടില്‍ സി.വി. കൃഷ്ണന്‍ എന്ന 51-കാരന്‍ മുഴുവന്‍സമയ കര്‍ഷകനാണ്. മേരിഗിരിയില്‍ പാട്ടത്തിനെടുത്ത മൂന്നരയേക്കറില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കോവല്‍ (കോവയ്ക്ക) കൃഷ്ണന്റെമാത്രം സ്വപ്നങ്ങളല്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതപച്ചപ്പാണ്.

മികച്ച ക്ഷീരകര്‍ഷകന്‍ കൂടിയാണ് കൃഷ്ണന്‍. ജൈവരീതിയാണ് കോവല്‍ക്കൃഷിയില്‍ അവലംബിച്ചിരിക്കുന്നത്. മൂന്നരയേക്കറില്‍ 300 തടം കോവല്‍ വള്ളികള്‍ നട്ടിട്ടുണ്ട്. സ്വന്തമായി വിത്തുവള്ളികളുണ്ടാക്കിയാണ് നടീല്‍ നടത്തിയിരിക്കുന്നത്. ആഴ്ചയില്‍ 60 കിലോ കടലപ്പിണ്ണാക്ക്, 40 കൊട്ട ചാണകം എന്നിവ വളമായി ചേര്‍ക്കുന്നു. ജലസേചനസൗകര്യമുള്ളിടത്താണ് കൃഷി. ആറുമാസംവരെ വിളവെടുപ്പ് നടത്താന്‍ കഴിയും. ഒരു തടത്തിലെ വള്ളിയില്‍നിന്ന് നാലോ അഞ്ചോ കിലോ കോവല്‍ ആഴ്ചയില്‍ ലഭിക്കും.

കൃഷ്ണന്റെ മൂന്നരയേക്കറില്‍നിന്നായി ഒന്നര ടണ്ണോളം കോവല്‍ ആഴ്ചയില്‍ അങ്ങാടികളിലെത്തുന്നുണ്ട്. വിളവെടുപ്പിന് കൃഷ്ണനും ഭാര്യ ഗിരിജയ്ക്കും ഒപ്പം മക്കളായ ജിഷ്ണുവും ജ്യോതിഷും ജിതീഷുമുണ്ട്. ചില സമയത്ത് കുടുംബാംഗങ്ങള്‍ക്കുപുറമേ രണ്ടുമൂന്ന് സ്ത്രീ തൊഴിലാളികളുമുണ്ടാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവലിന്റെ പ്രധാന വിപണനകേന്ദ്രമായ തൃശ്ശൂര്‍ അങ്ങാടി അടച്ചത് കോവല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ ചെറുകിട വില്പനക്കാര്‍ വിലകുറച്ചാണ് വാങ്ങിക്കുന്നത്. സാധാരണ 25-30 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. പൊതുവിപണിയില്‍ കിലോയ്ക്ക് 50 രൂപയാണ് കോവലിന്റെ വില.

Content Highlights: Success story of a Palakkad native farmer in Ivy Gourd Farming