ലപ്പുറം, വേങ്ങര സ്വദേശിയായ സുധീഷ് ജനിച്ചത് കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ പഠനകാലംമുതലേ കൃഷിയിലും താത്പര്യം വളര്‍ന്നു. വൈകുന്നേരങ്ങളില്‍ പിതാവിനെ കൃഷിയിടങ്ങളില്‍ സഹായിക്കുന്നത് പതിവായി. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്നുവെങ്കിലും തന്റെ വഴി ഇതല്ലായെന്ന് തിരിച്ചറിഞ്ഞതോടെ കര്‍ഷകനാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷമായി വിജയകരമായി കൃഷി ഇറക്കുകയാണ് ഈ 30 കാരന്‍. സ്വന്തമായി കൃഷി ആവശ്യത്തിനായി സ്ഥലമില്ലാത്തതിനാല്‍ പാട്ടത്തിനെടുത്ത 35 ഏക്കറിലാണ് സുധീഷ് കൃഷിചെയ്യുന്നത്. പ്രധാന വിള നെല്ലാണ്. തണ്ണിമത്തന്‍, നേന്ത്രവാഴ, കപ്പ എന്നിവയുമുണ്ട്.

താത്പര്യമാണ് വിജയമന്ത്രം

സാമ്പത്തികലാഭം മാത്രം പ്രതീക്ഷിച്ച് കൃഷിയിലേക്കിറങ്ങുന്നവര്‍ പലരും പരാജയപ്പെടുന്നതായാണ് കണ്ടുവരുന്നത്. കൃഷിയോടുള്ള താത്പര്യമാണ് കാര്‍ഷികരംഗത്തേക്ക് ചുവടുെവക്കാന്‍ ആദ്യം വേണ്ടത്. എല്ലാം വിചാരിച്ച രീതിയില്‍ നടന്നാല്‍ മുടക്കുമുതലിന്റെ 25 ശതമാനം വരെ കൃഷിയില്‍നിന്ന് ലാഭം ലഭിക്കാറുണ്ടെന്ന് സുധീഷ് സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഷികവായ്പ എടുത്താണ് കൃഷിയിറക്കുന്നത്. നഷ്ടങ്ങളുടെ കഥകളും പറയാനുണ്ട് സുധീഷിന്. കഴിഞ്ഞവര്‍ഷം തണ്ണിമത്തന്‍ കൃഷിയില്‍ വലിയ നഷ്ടമാണ് ഉണ്ടായത്. വിളവെടുക്കുന്നതിന് വെറും പത്തുദിവസം മുന്‍പ് കാലാവസ്ഥ ചതിച്ചതിനെത്തുടര്‍ന്ന് തണ്ണിമത്തന്‍ നശിച്ചു പോയി. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാലാവസ്ഥയാണ് കൃഷിയില്‍ നായകനും വില്ലനും.

സപ്ലൈകോ സൂപ്പറാണ്

സുധീഷിന്റെ കൃഷിയിടത്തില്‍നിന്ന് സപ്ലൈകോ നേരിട്ടാണ് നെല്ല് സംഭരിക്കുന്നത്. കൃഷി ലാഭകരമാകുന്നതിനുള്ള പ്രധാനകാരണവും സപ്ലൈകോയുടെ നേരിട്ടുള്ള സംഭരണമാണ്. ഒരു കിലോയ്ക്ക് 27.45 രൂപനിരക്കിലാണ് സപ്ലൈകോ കഴിഞ്ഞവര്‍ഷം നെല്ല് സംഭരിച്ചത്. പൊതുവിപണിയില്‍ വില്‍പ്പന നടത്തിയാല്‍ 17 രൂപ മാത്രമാണ് ഒരു കിലോ നെല്ലിന് ലഭിക്കുക.

ഓപ്പറേറ്റര്‍ സുധീഷ്

ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തു യന്ത്രത്തിന്റെ ഓപ്പറേറ്ററായും പോകാറുണ്ട് സുധീഷ്. പത്തുവര്‍ഷമായി ഈ ജോലിയും ചെയ്യുന്നു. വര്‍ഷത്തില്‍ മൂന്നുമാസത്തോളം കൊയ്ത്ത് തന്ത്രത്തിന്റെ ഓപ്പറേറ്ററാകും. നിലമുഴുതാനും കൊയ്ത്തു നടത്താനും ജില്ലാ പഞ്ചായത്തിന്റെ യന്ത്രങ്ങള്‍ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്ന് സുധീഷ് പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് വരുന്ന യന്ത്രങ്ങള്‍ക്ക് മണിക്കൂറിന് 3,000 രൂപയാണ് നിരക്ക്. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തുയന്ത്രം മണിക്കൂറിന് 1,500 രൂപ നിരക്കില്‍ ലഭിക്കും.

യുവാക്കള്‍ കടന്നുവരണം

കാര്‍ഷികരംഗത്ത് നിലവില്‍ യുവാക്കള്‍ കുറവാണ്. കൂടുതല്‍ യുവജനങ്ങള്‍ മേഖലയിലേയ്ക്ക് കടന്നുവരണമെന്ന് സുധീഷ് പറയുന്നു. കോവിഡ് ലോക്ഡൗണ്‍ തണ്ണിമത്തന്‍ അടക്കമുള്ള കൃഷിയെ ബാധിച്ചെങ്കിലും സപ്ലൈകോ നെല്ല് സംഭരിക്കുന്നതിനാല്‍ നെല്‍കൃഷിയെ പ്രതിസന്ധി ബാധിച്ചിട്ടില്ല. കാര്‍ഷികരംഗത്ത് ഒട്ടനവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ആത്മാര്‍ത്ഥതയും താത്പര്യവുമുണ്ടെങ്കില്‍ ആര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയുമെന്നും സുധീഷ് തന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് ഉറപ്പിച്ചു പറയുന്നു. എല്ലാവിധ പിന്തുണയുമായി കൃഷിവകുപ്പും കൂടെയുണ്ട്. എന്നാല്‍ ലാഭം മാത്രം പ്രതീക്ഷിച്ച് കൃഷിയിലേയ്ക്ക് ഇറങ്ങരുത്. നഷ്ടവും കൂടി നേരിടാന്‍ മാനസികമായി തയ്യാറെടുക്കണമെന്നും സുധീഷ് പറയുന്നു. ഭാര്യ ശ്രുതിയും മകന്‍ അനയിയും അടങ്ങുന്നതാണ് സുധീഷിന്റെ കുടുംബം.

Content Highlights: Success story of a paddy farmer from vengara