രാഷ്ട്രപതിഭവന്റെ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് കഴിഞ്ഞ മാസം വെള്ളയും പിങ്കും നിറം കലര്‍ന്ന ഒരു താമര വിരിഞ്ഞത് വാര്‍ത്തയായിരുന്നു. ആ താമരയുടെ വിത്തെത്തിയത് പിറവം മാമലശ്ശേരി പള്ളിയാനോട്ടോക്കുഴിയില്‍ എല്‍ദോസ് പി. രാജുവിന്റെ താമര നഴ്‌സറിയില്‍നിന്നാണ്. രാഷ്ട്രപതി ഭവനിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറും മലയാളിയുമായ ബിന്ദു ഷാജിയാണിത് അവിടെയെത്തിച്ചത്. വിവിധയിനം താമരകളുടെ വിത്തുകള്‍ ഉത്പാദിപ്പിച്ച് വില്‍ക്കുകയാണ് എല്‍ദോസ്.

എണ്‍പതോളം ഇനം താമരകളുണ്ട് എല്‍ദോസിന്റെ ശേഖരത്തില്‍. നഴ്സിങ് കഴിഞ്ഞ് കൊല്‍ക്കത്തയിലും മുംബൈയിലും ജോലി ചെയ്ത എല്‍ദോസ് പത്ത് കൊല്ലം ഖത്തറിലായിരുന്നു. 2019-ല്‍ മടങ്ങിയെത്തി. തിരികെ പോകാനിരിക്കുമ്പോഴാണ് കോവിഡ് പടര്‍ന്നത്. മടങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തില്‍ കുറച്ചുകാലം ക്ലാസെടുക്കാന്‍ പോയി. ആ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോവില്ലെന്ന് മനസ്സിലാക്കിയാണ് താമര കൃഷിയിലേക്കിറങ്ങിയത്.

താമര

വില 850-നു മേല്‍

വിത്തായി ഉപയോഗിക്കുന്ന കിഴങ്ങിന് 850 രൂപ മുതല്‍ 9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങളുണ്ട്. മുറ്റത്തെ ബൗളില്‍ വിരിഞ്ഞ താമരപ്പൂവ് 'രാജ് ഫ്‌ളോറല്‍സ്' എന്ന തന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ഇതു കണ്ട ഗുജറാത്തില്‍ നിന്നൊരു വീട്ടമ്മ വിളിച്ച് വളര്‍ത്താനായി ഇതിന്റെ കിഴങ്ങ് ആവശ്യപ്പെട്ടു. എല്‍ദോസ് താമരക്കിഴങ്ങ് അവര്‍ക്ക് അയച്ചുകൊടുത്തു. ഇതായിരുന്നു ബിസിനസിന്റെ തുടക്കം. അലങ്കാരത്തിനായി താമര വളര്‍ത്തുന്നവരിലേറെയും ഉത്തരേന്ത്യക്കാരാണ്.

ബൗള്‍ താമര

പൂക്കള്‍ക്കു വേണ്ടിയുള്ള താമരകൃഷിക്ക് വിശാലമായ ജലപ്പരപ്പ് വേണമെന്നിരിക്കേ അലങ്കാര താമരകൃഷി ചെയ്യാന്‍ ചെറിയൊരു ബൗളോ കപ്പോ മതിയാകും. ഒരു കിഴങ്ങിന് 9,000 രൂപ വരെ വിലയുള്ള നിലുംബോ അഖില മുതല്‍ വിലമതിക്കാനാകാത്ത സഹസ്രദള പത്മം വരെ എല്‍ദോസിന്റെ മുറ്റത്തും മട്ടുപ്പാവിലുമായി കൃഷിചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ടബ്ബുകളിലാണ് കൃഷി. ചാണകവും എല്ലുപൊടിയുമാണ് വളം.

Content Highlights: Success story of a lotus farmer form Piravom