വിനയചന്ദ്രന്റെ പുരപ്പുരം നിറയെ താമരപ്പൂക്കളാണ്. മുറ്റംനിറയെ ആമ്പലും. കടുംചുവപ്പുനിറത്തിലെ പൂക്കളുള്ള റാണി റെഡ്, ആയിരം ഇതളുകളുള്ള സഹസ്രദളപദ്മം, തൂവെള്ളപ്പൂവ് വിരിയുന്ന വൈറ്റ് പിയോണി, ചുവപ്പന്‍പൂക്കളോടുകൂടിയ റെഡ് പിയോണി, പരന്ന പാത്രംപോലെ വലിയ ഇലകളുള്ള ആനത്താമര (വിക്ടോറിയ ക്രൂസിയാന). ഇങ്ങനെ 46 ഇനത്തിലെ താമരകളാണുള്ളത്. ആമ്പലില്‍ വ്യത്യസ്തവും അപൂര്‍വവുമായ 28 ഇനങ്ങളും.

മണ്ണാറശാല ക്ഷേത്രത്തിനടുത്ത് പാളയത്തില്‍ ചന്ദ്രന്റെയും രാജമ്മയുടെയും മകനായ വിനയചന്ദ്രന്‍ (29) ഐ.ടി.ഐ.പഠനത്തിനുശേഷം കൊച്ചി കപ്പല്‍ശാലയില്‍ താത്കാലികമായി ജോലിചെയ്യുകയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ താമരയുമായി ഇഷ്ടംകൂടിയതാണ്. വീടിനടുത്തുള്ള കുളത്തില്‍ നാടന്‍ ഇനമാണ് ആദ്യം വളര്‍ത്തിയത്. പിന്നീട് ഒരെണ്ണം വീട്ടില്‍ വളര്‍ത്തിനോക്കി. അതും വിജയിച്ചു. 

ഒരുവര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആളില്‍നിന്ന് 500 രൂപ കൊടുത്താണ് താമരക്കിഴങ്ങ് വാങ്ങുന്നത്. രണ്ടുമാസത്തിനകം വീട്ടില്‍ താമരപൂവിട്ടു. അതോടെ താമരവളര്‍ത്തല്‍ ഗൗരവത്തോടെ എടുത്തുതുടങ്ങി. കിട്ടാവുന്നിടത്തുനിന്നെല്ലാം തൈകള്‍ ശേഖരിച്ചു. കൂടുതലും സങ്കര ഇനങ്ങളാണ്. വിനയചന്ദ്രന്റെ പുരപ്പുറത്തെ താമരത്തോപ്പില്‍ ഇപ്പോള്‍ സഹസ്രദളപദ്മം പൂവിട്ടുനില്‍ക്കുകയാണ്. അള്‍ട്ടിമേറ്റ് എന്നറിയപ്പെടുന്ന ഈ ഇനം അത്യപൂര്‍വമായാണു പൂക്കുന്നത്.

lotus
വിനയചന്ദ്രന്റെ പുരപ്പുരം നിറയെ താമര ചെടികള്‍

4,000 രൂപമുതല്‍ ആയിരംവരെ വിലയുള്ള താമരകള്‍ വിനയചന്ദ്രന്റെ കൈവശമുണ്ട്. വില്‍ക്കുന്നത് അപൂര്‍വമാണ്. സാമൂഹികമാധ്യമ കൂട്ടായ്മകളിലൂടെയുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെയാണ് ഇദ്ദേഹം തന്റെ തോട്ടം വിപുലമാക്കുന്നത്. സ്‌കര്‍ലെറ്റ് ഫ്‌ളേയിം, പൂള്‍സ് സബ്, മൊറാഡ ബേ തുടങ്ങിയ ആമ്പലുകളാണ് വിനയചന്ദ്രന്‍ പരിപാലിക്കുന്നത്. മുറ്റത്ത് വലിയകുളം തയ്യാറാക്കി അതില്‍ വളര്‍ത്തുന്ന ആനത്താമരയും പൂവിട്ടുനില്‍ക്കുകയാണ്.

വെള്ളംമുതല്‍ ശ്രദ്ധവേണം

വീട്ടിലുള്ളത് ഇരുമ്പിന്റെ അംശം കൂടുതലുള്ള വെള്ളമാണ്. ഇതിനാല്‍ ശുദ്ധീകരിച്ച വെള്ളമാണ് വിനയചന്ദ്രന്‍ താമരവളര്‍ത്താന്‍ എടുക്കുന്നത്. വലുപ്പമുള്ള പ്ലാസ്റ്റിക് പാത്രത്തിലാണ് താമരയും ആമ്പലും വളര്‍ത്തുന്നത്. കമ്പോസ്റ്റും എല്ലുപൊടിയും ചേര്‍ത്തു തയ്യാറാക്കുന്ന മിശ്രിതത്തില്‍ ഇരട്ടി മണ്ണുംചേര്‍ത്ത് പാത്രത്തിന്റെ അടിയില്‍ ഒരിഞ്ചു കനത്തില്‍ വിതറും. ഇതിനുമീതെ പാത്രത്തിന്റെ പകുതിയോളം ഭാഗത്ത് വളംചേര്‍ക്കാത്ത ചുവന്ന മണ്ണും നിറയ്ക്കും.

തുടര്‍ന്നാണ് വെള്ളം ഒഴിക്കേണ്ടത്. താമരക്കിഴങ്ങ് പാത്രത്തിന്റെ അരികിനോടുചേര്‍ത്ത് വെള്ളത്തിലിടണം. കുഴിച്ചുവെക്കേണ്ടതില്ല. മണ്ണില്‍ മുട്ടിനില്‍ക്കുന്നവിധത്തില്‍ വെച്ചാല്‍ മതി. രണ്ടാഴ്ച കൂടുമ്പോള്‍ വെള്ളംമാറ്റണം. അഴുക്കുവെള്ളം താമരയ്ക്കും ആമ്പലിനും നല്ലതല്ല. കൊതുകുശല്യം ഒഴിവാക്കാന്‍ ഗപ്പിയെ വളര്‍ത്താം. താമരയ്ക്കു ദിവസം എട്ടുമണിക്കൂറെങ്കിലും വെയില്‍ വേണം. ആമ്പല്‍ തണലില്‍ വെച്ചാല്‍മതി.

Content Highlights: Success story of a lotus farmer form haripad