ല്‍ദോ നിന്നെ സിനിമയില്‍ എടുത്തു എന്നു പറയുന്നപോലെയായിരുന്നില്ല എല്‍ദോസ് എന്ന പ്രവാസിയോട് നാട് കാണിച്ചത്. ഖത്തറില്‍നിന്ന് മടങ്ങിവന്നപ്പോള്‍ ഒരു ജോലിക്കുവേണ്ടി ഒരുപാട് അലയേണ്ടിവന്നു. പ്ലസ്ടു പാസായശേഷം നാടുവിട്ട എല്‍ദോസ് രാജു മലയാളികളായ പ്രവാസികളുടെ ഉദാഹരണങ്ങളിലൊന്നാണ്. സാഹചര്യങ്ങള്‍ എല്ലം എല്ലാരെയും പോലെ. നാടുംവീടും വിട്ടു ഏറെക്കാലം കൊല്‍ക്കത്തയിലും മുംബൈയിലും പിന്നീട് ഗള്‍ഫിലും കഴിഞ്ഞശേഷം നാട്ടിലെത്തി. നാട്ടില്‍ ഒരു ബിസിനസ് തുടങ്ങാനും അതു പച്ചപിടിപ്പിക്കാനുമുള്ള സാമ്പത്തികശേഷിയില്ല. പണി അന്വേഷിച്ച് നടന്നിട്ടൊന്നും പഠിച്ചപണി കിട്ടാനുമില്ല. കിട്ടിയ പണിയാകട്ടെ കോവിഡ് കൊണ്ടുപോകുകയും ചെയ്തു. 
 
അവിടെ നിന്നാണ് പിറവത്തെ രാമമംഗലം പഞ്ചായത്തിലെ മാമലശേരിക്കാരനായ എല്‍ദോസ് രാജു എന്ന പ്രവാസി ജീവിതം തിരിച്ചുപിടിക്കുന്നത്. കോവിഡ് തുടങ്ങിയപ്പോള്‍ പണിപോയ എല്‍ദോസ് പതിയെ ടെറസിന്റെ മുകളിലേക്കുകയറി, പിന്നെ പറമ്പിലേക്കും. താമരയ്ക്ക് നല്ലകാലമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു എല്‍ദോസിന്റെ നീക്കം. നേരത്തെതന്നെ താമരപ്പൂവിനോട് താല്‍പര്യമുള്ളയാളാണ്. കൃഷിചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരട്ടിസന്തോഷം. ചെറിയ പ്ലാസ്റ്റിക് ബൗളുകളിലും ചെടിച്ചട്ടികളിലും നിരന്ന താമരച്ചെടികള്‍ പൂവിട്ടതിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ വിശേഷസഹിതം വിളമ്പിയപ്പോള്‍ അങ്ങു ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ അന്വേഷണം വന്നു. 
 
Eldho with flower
എല്‍ദോസ് രാജുവിന്റെ വീട്ടിലെ താമര |ഫോട്ടോ: മാതൃഭൂമി
വിലയെത്രയായാലും താമരച്ചെടി വീട്ടില്‍ ഒരെണ്ണമെങ്കിലും നട്ടുപിടിപ്പിക്കണമെന്ന് ഉത്തരേന്ത്യക്കാര്‍ വാശിവെച്ചതോടെ എല്‍ദോസിന്റെ ടെറസില്‍ നിന്നും പറമ്പില്‍ നിന്നും ഒരുപാട് താമരച്ചെടികളും അതിന്റെ കിഴങ്ങും പലസംസ്ഥാനങ്ങളിലേക്കും പോയി. വ്യത്യസ്തമായ ഇനങ്ങള്‍ പലപേരുകളിലും നിറങ്ങളിലുമുള്ളവയൊക്കെ ഫേസ്ബുക്കില്‍ ചിരിച്ചു. പിന്നാലെ വണ്ടികയറിപ്പോയി. ലോക്ക്ഡൗണ്‍ കഴിഞ്ഞ് വണ്ടികള്‍ ഓടിത്തുടങ്ങിപ്പോള്‍ തന്നെ താമരപ്പൊതികള്‍ നാനാദിക്കിലേക്കും പോയിത്തുടങ്ങി. 
 
മടങ്ങിവരവ്
 
ഖത്തറില്‍ 10 വര്‍ഷം ഇന്‍ഡസ്ട്രിയല്‍ നഴ്‌സായിരുന്നു എല്‍ദോസ്. അപകടമുണ്ടാകുമ്പോള്‍ ഫസ്റ്റ് എയ്ഡ് കൊടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന നഴ്‌സ്. തിരിച്ചുനാട്ടിലെത്തി ഇവിടെ കാലുറപ്പിക്കാമെന്നുവെച്ചപ്പോഴാണ് ബെഡ് സൈഡ് നഴ്‌സ് അല്ലാത്തതിനാല്‍ ജോലികിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ബോധ്യമായത്. നാട്ടില്‍ നഴ്‌സിങ് രജിസ്‌ട്രേഷന്‍ കിട്ടാനും ഏറെ ബുദ്ധിമുട്ടി. അത് എടുത്തുകഴിഞ്ഞിട്ടും എങ്ങും ജോലി കിട്ടിയില്ല. 
 
ഇഷ്ടവും വരുമാനവും
 
ചെറുപ്പംതൊട്ടേ എല്‍ദോസിന് ചെടികള്‍ ഇഷ്ടമായിരുന്നു. താമരയായിരുന്നു അതില്‍ ഏറെയിഷ്ടം. എന്തുകൊണ്ട് ഇതില്‍ നിന്ന് ഒരുവരുമാനം ഉണ്ടാക്കിക്കൂടാ എന്ന ചിന്ത കോവിഡ് കാലത്താണ് ശക്തമായത്. അതിന് ഉപാധിയാക്കിയത് ഫേസ്ബുക്കാണ്. അതില്‍ രാജ് ഫ്‌ളോറല്‍സ് എന്ന ബ്ലോഗിലൂടെയാണ് എല്‍ദോസ് താമരയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പാന്‍ ഇന്ത്യ എന്നത് ഇവിടെയാണ് ഗുണമായത്. കൂടുതല്‍ കസ്റ്റമറും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രമോഷന്‍ തൊട്ട് വില്പന വരെ  എല്ലാ ഇടപാടുകളും നടക്കുന്നത് ഓണ്‍ലൈനില്‍. ഒരു നല്ലപൂവ് ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ കിഴങ്ങ് തയ്യാറുണ്ട് എന്ന് ഫേസ്ബുക്കില്‍ കുറിക്കും. അതോടെ ആവശ്യക്കാരുടെ ഇടിതുടങ്ങും. 
 
Eldho with flower
എല്‍ദോസ് ചെടിപരിപാലനത്തില്‍| ഫോട്ടോ: മാതൃഭൂമി
എങ്ങനെയാണ് കൃഷിരീതി എന്നത് കൃത്യമായി വിശദീകരിച്ചുകൊടുക്കും. ഒരുചെടി നട്ട് അതില്‍ പൂവുണ്ടാകുന്നതുവരെ കൃത്യമായി ഇടപെട്ട് വിശദീകരിച്ചുകൊണ്ടിരിക്കും. വലിയ വിലകൊടുത്തു വാങ്ങുന്ന കിഴങ്ങുകളാണ്. അതിന്റെ വളര്‍ച്ച ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് എല്‍ദോസ് പറയുന്നു. കിഴങ്ങുകളേക്കാന്‍ ഇപ്പോള്‍ ചെടികള്‍ക്കാണ് ആവശ്യക്കാര്‍ ഏറിയിരിക്കുന്നത്. ബൗളുകളില്‍ നട്ടിരിക്കുന്ന ചെടി ചെളിയും വെള്ളവും കളഞ്ഞ് അയച്ചുകൊടുക്കും. 10-12 ദിവസം ചെടിക്ക് ഒന്നും സംഭവിക്കില്ല. കിഴങ്ങാണെങ്കില്‍ അതില്‍ കൂടുതല്‍ദിവസം നില്‍ക്കും. ഫംഗസ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടാണ് അയക്കുന്നത്. നേരേ നട്ടാല്‍ മതി.
 
ലോക്ക്ഡൗണിനെ തുടര്‍ന്ന് അയച്ചത് കിട്ടാതെ വന്നതിനാല്‍ ഈ മാസം വീണ്ടും കിഴങ്ങ് അയച്ചുകൊടുക്കേണ്ടിവന്നു. താല്‍പര്യത്തോടെ ചെടിയെ പരിചരിക്കുന്നവര്‍ക്കാണ് ഇത് നല്‍കുന്നത്. വെറുതെ നട്ടിട്ട് തിരിഞ്ഞുനോക്കാത്ത ആളുകളുണ്ട്. അത്തരത്തിലുള്ളവരെ മനസിലാക്കി അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നില്ല. 
 
മനസമാധാനം
 
ഈ പ്രവൃത്തി തുടങ്ങിയതോടുകൂടി ഏറ്റവും വലിയ ആശ്വാസം മനസമാധാനമുണ്ട് എന്നതാണെന്ന് എല്‍ദോസ് പറയുന്നു. ഇപ്പോള്‍ എനിക്ക് ഒരു ആത്മവിശ്വാസമുണ്ട്, താമര ഒരിക്കലും ചതിക്കില്ല. ഇതില്‍ പിടിച്ചുകയറാനുള്ള വരുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. കുറഞ്ഞത് 1000 രൂപയാണ് ഒരെണ്ണത്തിന്റെ വില. 1000 മുതല്‍ 3000 വരെ രൂപ വരെ വിലയ്ക്കുള്ളതുണ്ട്. സഹസ്രദള പത്മത്തിന് 3000-ന് മുകളിലാണ് വില. ബുദ്ധസൗണ്ട്, ബുദ്ധസീറ്റ് ഇങ്ങനെ കൂടുതല്‍ ഭംഗിയും വ്യത്യസ്തതകളുമുള്ള വിലക്കൂടിയ ഇനങ്ങളും വേറേയുമുണ്ട്. വിലയേറിയ ഇനങ്ങള്‍ വിറ്റുപോകുന്ന മാസത്തില്‍ എല്‍ദോസിന്റെ വരുമാനം 30000-ന് മുകളിലെത്തും.
 
വീട്ടുകാരുടെ പിന്തുണ
 
വീട്ടുകാരുടെ പിന്തുണയാണ് പ്രധാനം. അതില്ലായെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പണം മുടക്കി പഠിച്ച ഒരു പ്രൊഫഷന്‍ ഉപേക്ഷിച്ച് പരിചിതമല്ലാത്ത മേഖലയിലേക്ക് ഇറങ്ങുന്നു. വരുമാനം ഉറപ്പാണെന്ന് പറയാന്‍ ഒന്നുമില്ല. ഭാവി ജീവിതം എന്തുചെയ്യുമെന്ന ചിന്ത. ഇതൊക്കെയുള്ളപ്പോള്‍ വീട്ടുകാര്‍ പിന്തുണച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അവന് എന്താ പണി, ഒരു പണിയുമില്ല. അവന്‍ ചെടി വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയാന്‍ പറ്റില്ലല്ലോ.... ഇതായിരുന്നു ഇന്നലെവരെയുള്ള ചിന്ത. ഇപ്പോള്‍ ചെടിവളര്‍ത്തുന്ന ബിസിനസാണ് എന്നുപറയാന്‍ കഴിയും. എണീറ്റാലുടന്‍ പല്ലുപോലും തേക്കാതെ ചെടിയുടെ അടുത്തേക്ക് ഓടും. അതിനരികില്‍ നില്‍ക്കുമ്പോള്‍ ഭാവിയെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ മുളയ്ക്കും. അവയൊക്കെയും എത്തിപ്പിടിക്കാനാകുമെന്ന പ്രതീക്ഷ ആ പൂക്കള്‍ എനിക്ക് നല്‍കുന്നു- എല്‍ദോസിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.
 
ഫോണ്‍: 91 89439 11901
 
 
Content Highlights: Agriculture: success story of a lotus farmer