'കേരളത്തിന്റെ കല്പവൃക്ഷം തെങ്ങല്ല, പ്ലാവാണ്. റബ്ബര്‍ മണ്ണിന്റെ ഉര്‍വരത നശിപ്പിക്കും. അതുവെട്ടി പ്ലാവുനടണം. ലോകത്തിലെതന്നെ ഏറ്റവും നല്ല പഴം ചക്കയാണ് '-വാദിക്കുന്നത് മുതിര്‍ന്ന അഭിഭാഷകനാണ്. പ്രകൃതിയുടെ കോടതിയില്‍ തെളിവുസഹിതമാണ് വാദങ്ങള്‍. കൊല്ലം ബാറിലെ സീനിയര്‍ അഭിഭാഷകനായ വെളിയം രാജീവാണ് തന്റെ നാലരയേക്കര്‍ പുരയിടത്തില്‍ റബ്ബര്‍ വെട്ടി പ്ലാവുനട്ട് നമ്മളോടും അതിന്റെ മഹത്വംപറയുന്നത്. തെളിവെടുപ്പ് നേരിട്ടാകണമെങ്കില്‍ വെളിയത്തുള്ള 'തപോവന്‍ ജാക്സ്' എന്ന ഓര്‍ഗാനിക് ഫാം സന്ദര്‍ശിക്കാം.

തട്ടുതട്ടായി ഒരുക്കിയ ഭൂമിയില്‍ പന്ത്രണ്ടടി അകലത്തില്‍ നട്ട് നാലുവര്‍ഷമായ വരിക്കപ്ലാവുകള്‍ പച്ചപ്പിന്റെ തലയെടുപ്പോടെ നിരനിരയായി നില്‍ക്കുന്നു. 28 ചക്കവരെ ഉണ്ടായ പ്ലവുകളുണ്ടിവിടെ. ഇടയില്‍ അങ്ങിങ്ങായി ജാക്ക്ഡാങ്ങ്, സൂര്യ, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി തുടങ്ങിയ ഇനങ്ങളും. മൊത്തം 400 പ്ലാവുകള്‍. കേരളം ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും മുന്‍പുതന്നെ അതിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നു രാജീവ്.

ഇടവിളയായി മഞ്ഞളുണ്ട്. കുര്‍ക്കുമിന്‍ എടുത്ത ചണ്ടിയാണ് വിപണിയില്‍ മഞ്ഞളായി കിട്ടുന്നതെന്നു കണ്ടാണ് അതിലേക്കു തിരിഞ്ഞത്. വാഴയും പ്രത്യേകതരം തണ്ണിമത്തനും കുമ്പളവും കുരുമുളകുമെല്ലാം വേറെയും. നല്ല തേന്‍ നുകരാന്‍ തേനീച്ചക്കൂടുകളും. ജൈവവളമാണ് ഉപയോഗിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷന്‍ വഴിയാണ് ജലസേചനം. 

ചാണകംവാങ്ങാന്‍ കാശ് ഒത്തിരിയാകുന്നതു കണ്ടപ്പോള്‍ മൂന്നാല് പോത്തിനെയും വാങ്ങി. കുന്നിന്റെ ഏറ്റവും ഉയര്‍ന്നഭാഗത്ത് പടുതാക്കുളവും സിമന്റില്‍ തീര്‍ത്ത കുളവുമുണ്ട്. ഇതില്‍ നീന്തിത്തുടിക്കുന്ന മീനുകളും. റബ്ബറിന് കീടനാശിനിയും രാസവളവും ഇട്ട് ഒരു മണ്ണിരപോലും ഇവിടെയുണ്ടായിരുന്നില്ല. ഇപ്പോള്‍ മഴപെയ്താന്‍ മണ്ണിരകളുടെ 'കുരിച്ചിലുകള്‍' കൊണ്ട് മണ്ണുനിറയും.

ജൈവകൃഷിയെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും അറിയാനുള്ള ഒരിടമായതുകൊണ്ടാണ് തപോവന്‍ ജാക്‌സ് എന്നു പേരിട്ടത്. ഇടതൂര്‍ന്നുനില്‍ക്കുന്ന പ്ലാവിന്റെ പശ്ചാത്തലത്തില്‍ ധ്യാനനിമഗ്‌നനായ ശ്രീബുദ്ധനാണ് അടയാളചിത്രം. നഗരഹൃദയത്തില്‍ താമസിക്കുമ്പോഴും തിരക്കിട്ട അഭിഭാഷകവൃത്തിക്കിടയിലും കര്‍ഷകന്‍കൂടിയാവുക എന്നസ്വപ്നം സാക്ഷാത്കരിച്ച സന്തോഷമാണ് ഈ കേസിലെ വക്കീല്‍ ഫീസ്.

Content Highlights: Success story of a jackfruit farmer farm kollam