കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയര്‍പ്പിന്റെ വിലയാണ് 2.6 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പച്ചക്കറിപ്പാടം. രണ്ടേക്കറില്‍ ഹൈബ്രീഡ് വെണ്ട, ബാക്കിസ്ഥലത്ത് കക്കിരി, മത്തന്‍, കുമ്പളം, മധുരക്കിഴങ്ങ് തുടങ്ങി വിവിധയിനം പച്ചക്കറികള്‍.
ഒന്നില്‍ പോയാല്‍ മറ്റൊന്നില്‍ നേടാമെന്ന ചങ്കുറപ്പിലാണ് ഇവര്‍ അഞ്ചാംകൊല്ലവും ഇതേസ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. കാസര്‍കോട്, പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിതമിത്ര സ്വയംസഹായ സംഘത്തിലെ എം.ശാന്ത, എം.കാര്‍ത്യായനി, എ.രാധ, എ.കാര്‍ത്യായനി എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്ക് എത്തിക്കുന്നത്.
വെണ്ടനട്ട ചാലിന് മണ്ണിടാന്‍ മാത്രമാണിവര്‍ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്. വേഗത്തില്‍ കള നീക്കംചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ വിളിച്ചതും ഒഴിച്ചാല്‍ ബാക്കി ജോലികളൊക്കെ ഈ നാല്‍വര്‍സംഘം ചെയ്യുന്നു.
പണിക്കാര്‍ക്കുള്ള കൂലിത്തുക വെണ്ടയുടെ ഇടയില്‍ നട്ട ചീര വിറ്റ് ഉണ്ടാക്കി. വെണ്ട വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മുന്‍കാലങ്ങളിലെ അനുഭവംവെച്ച് ഓണക്കാലമാകുമ്പോള്‍ ഒന്നിടവിട്ട ദിവസം 300 കിലോ വെണ്ടയ്ക്ക പറിക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ അമ്മമാര്‍. കിലോക്ക് 40 രൂപ തോതില്‍ വാങ്ങാന്‍ പാടത്തുതന്നെ ആളെത്തുന്നുണ്ട്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. നാലുപേര്‍ക്കും പശുവളര്‍ത്തലുമുണ്ട്. ഇതിനുപുറമെ പാക്കം പാടം വയലില്‍ നെല്‍ക്കൃഷി ചെയ്യുന്നു. നെല്‍ക്കൃഷി വിളവെടുത്തു കഴിഞ്ഞാല്‍ അവിടെ പയറും ചീരയും വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിര്‍ക്കും.
പെണ്‍മക്കളെ കെട്ടിച്ചയക്കാനും മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിര്‍പ്പുകള്‍ തങ്ങളുടെ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു. ഇവര്‍ക്കാവശ്യമായ സഹായവും ഉപദേശങ്ങളുമായി പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയും കൃഷി ഓഫീസര്‍ കെ.വേണുഗോപാലനും മറ്റ് ജീവനക്കാരും എപ്പോഴുമുണ്ട്.
Content Highlights: success story of a group of farmers from Kasaragod