മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും സുരേഷ്‌കുമാര്‍ ഇപ്പോഴും കൃഷിയിടത്തിലും ഫാമിലും സജീവമാണ്. മാസങ്ങള്‍ക്കു മുമ്പ് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും നാലര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് 'തണല്‍' എന്ന സംരംഭം ആരംഭിച്ചത്. കൃഷി, ഫാം എന്നിവയാണ് ഇവിടെ തുടങ്ങിയത്. പ്രസിഡന്റായെങ്കിലും ഇപ്പോഴും രാവിലെ എട്ടുമണിവരെ സുരേഷ്‌കുമാര്‍ ഇവിടെ കൃഷിപ്പണിയുടെ തിരക്കിലായിരിക്കും.

പഞ്ചായത്തിലെ കുഴിവിള വാര്‍ഡില്‍ കാടുകയറി ഉപയോഗശൂന്യമായിക്കിടന്നിരുന്ന നാലര ഏക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. തരിശുഭൂമിയില്‍ കൃഷിയിറക്കി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. ഐ.ബി.സതീഷ് എം.എല്‍.എ.യും പ്രോത്സാഹനവുമായി എത്തി.

കാടുപിടിച്ചുകിടന്ന പ്രദേശം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തട്ടുകളായി തിരിച്ച് വേര്‍തിരിച്ചു. ഒരേക്കറില്‍ മരച്ചീനി, അഞ്ഞൂറോളം വാഴകള്‍, എന്നിവ നട്ടു. ഒന്നര ഏക്കറോളം സ്ഥലത്ത് തീറ്റപ്പുല്‍ കൃഷിയും മൂന്ന് മത്സ്യക്കുളങ്ങളും നിര്‍മിച്ചു. സംയോജിത കൃഷിയുടെ ഭാഗമായി നൂറുകണക്കിന് പോത്തിന്‍ കുട്ടികളെയും വിവിധ തരം ആടുകളെയും കൊണ്ടുവന്നു. സംസ്ഥാനത്തിനു പുറത്തുനിന്നാണ് പോത്തിനെയും ആടുകളെയും എത്തിച്ചത്.

മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ ജി.എസ്. അരുണ്‍കുമാര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സഹായത്തിനുണ്ട്. നിലവില്‍ അഞ്ഞൂറോളം കോഴികള്‍ ഇവിടെയുണ്ട്. മത്സ്യക്കുളത്തില്‍ ആസാം വാളയാണ് വളര്‍ത്തുന്നത്. ആറുപേരാണ് ഇവിടെ ജോലിക്കായുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് സുരേഷ്‌കുമാര്‍ പറയുന്നത്.

ദേവസ്വം ബോര്‍ഡില്‍ താത്കാലിക ജോലി നോക്കിയിരുന്ന ഭാര്യ സിന്ധുവിന് ഇടക്കാലത്ത് ജോലി നഷ്ടമായിരുന്നു. അതോടെ ഭാര്യയും പൂര്‍ണമായും ഫാമിന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ട്.

യുവാക്കളെ കാര്‍ഷികരംഗത്ത് എത്തിക്കും

പഞ്ചായത്തിലെ തരിശുഭൂമി കണ്ടെത്തി യുവാക്കളെ കൃഷിയിലേക്കെത്തിക്കുകയെന്നതാണ് പ്രസിഡന്റ് എന്ന നിലയില്‍ ആദ്യമായി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ കണ്ടെത്തി നല്ലൊരു വരുമാനമാര്‍ഗത്തിന് വഴി കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം- സുരേഷ്‌കുമാര്‍

Content Highlights: Success story of a Grama Panchayat Presidents in Mixed farming