'ഒത്തുപിടിച്ചാല്‍ മലയും പോരും' എന്നത് കാസര്‍കോട്, പൊയിനാച്ചി പറമ്പിലെ ഹരിതം സ്വയംസഹായ സംഘക്കാര്‍ വെറുതെ പറയുന്നതല്ല. കോവിഡ് കാലത്ത് കൃഷിയില്‍ ഒത്തുപിടിച്ചതിന്റെ നേട്ടങ്ങളും സന്തോഷവും അറിഞ്ഞുതുടങ്ങിയിരിക്കുകയാണ് ഇവര്‍. 38 മുതല്‍ 70 വയസ്സുവരെയുള്ള കൂട്ടായ്മയാണ് ഒരു ഗ്രാമത്തിലെ തരിശുനിലങ്ങള്‍ ഇളക്കിമറിച്ച് നെല്ലും ജൈവപച്ചക്കറികളും വിളയിക്കുന്നത്.
പറമ്പ് പാടശേഖരസമിതിയുടെയും ജയ്കിസാന്‍ കര്‍ഷക സംഘത്തിന്റെയും രാജീവ്ജി ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തകരായ 10 പ്രധാന കര്‍ഷകര്‍ ഉള്‍പ്പെട്ടതാണ് ഹരിതം. കര്‍ഷകരായ എം.കുമാരന്‍ നായര്‍ കപ്പണക്കാല്‍, പി.രാഘവന്‍ നായര്‍ വളപ്പുംകുണ്ട്, രത്‌നാകരന്‍ വടക്കേവീട്, കുഞ്ഞിരാമന്‍ വടക്കേകണ്ടം, ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമയായ സുകുമാരന്‍ തോട്ടം, ഓട്ടോ ഡ്രൈവര്‍മാരായ നാരായണന്‍ മുണ്ട്യക്കാല്‍, ജനാര്‍ദനന്‍ വലിയവീട്, ഇലക്ട്രിക്കല്‍ കരാറുകാരനായ രാഘവന്‍ വലിയവീട്, വാര്‍പ്പ് മേസ്ത്രിമാരായ തമ്പാന്‍ വലിയവീട്, കൃഷ്ണന്‍ മുണ്ട്യക്കാല്‍ എന്നിവരാണിവര്‍.
പ്രവര്‍ത്തനമേഖലയില്‍ കോവിഡ് നിര്‍ജീവത കൊണ്ടുവന്നപ്പോള്‍ കൃഷിയിലൂടെ അത് മറികടക്കുകയാണ് സംഘം. സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചെമ്മനാട് പഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡില്‍ മുഴുവന്‍ തരിശുനിലങ്ങളും കണ്ടെത്തിയാണ് ഇവര്‍ കൃഷി തുടങ്ങിയത്. ഏഴരയേക്കറില്‍ വെള്ളരി, കുമ്പളം എന്നിവയും ആറേക്കറില്‍ നെല്‍ക്കൃഷിയും കൂടാതെ മഞ്ഞളും കപ്പയും ചേനയും വെണ്ടയും കൂടി വിളയിച്ച് വിപണനത്തിന് തയ്യാറെടുക്കുകയാണ് കൂട്ടായ്മ.
മൂന്നുഘട്ടമായി വിളവെടുക്കാന്‍ ഉദ്ദേശിച്ചാണ് വെള്ളരിക്കൃഷി. 500 ക്വിന്റല്‍ വിളവാണ് പ്രതീക്ഷ. ആദ്യഘട്ട വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കിലോവിന് 18-20 രൂപയ്ക്ക് മുഴുവനും വിറ്റഴിച്ചു. കടകളില്‍ 30 രൂപ വരെയാണ് വെള്ളരിക്ക് കിലോവിന് വില. ഓഗസ്റ്റില്‍ ഒരിക്കല്‍ കൂടിയും സെപ്തംബറിലും ഒക്ടോബറിലും വീണ്ടും ഇവര്‍ വിളവെടുപ്പ് ലക്ഷ്യമിടുന്നു.
വെള്ളരി മുറിച്ച് തീരുമ്പോഴേക്കും കുമ്പളവള്ളികള്‍ പൂവിടും. ഒക്ടോബറിലാണ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിത്ത് എത്തിച്ച് ചെറുകൂടകളില്‍ ഉണ്ടാക്കിയ ഒരുമാസം പാകമായ തൈകളാണ് നട്ടത്. 32 ഹെക്ടര്‍ വരുന്നതാണ് പറമ്പ് പാടശേഖരം.
പലപ്പോഴും ഇവിടെ പകുതിഭാഗം പോലും നെല്‍ക്കൃഷിയിറക്കാറില്ല. ഇപ്രാവശ്യം പാടശേഖരം മുഴുവനും കതിരണിയുകയാണ്. ഹരിതം കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളുടെ വ്യക്തിഗത കൃഷി വേറെയുമുണ്ട്.
സംശയം വിപണിയെ
കോവിഡ് കാലമായതിനാല്‍ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയേയുള്ളൂ. ഓഡിറ്റോറിയങ്ങളിലും ക്ഷേത്രങ്ങളിലും പരിപാടികള്‍ നടക്കാത്തതിനാല്‍ കുമ്പളത്തിനും വെള്ളരിക്കും മൊത്തവില്‍പ്പന കുറഞ്ഞിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ള ഹൈദരാബാദ് ഇനമായ ഹിരണ്യ എന്ന വെള്ളരിവിത്തും നാടന്‍ വെള്ളരിവിത്തുമാണ് കൃഷിക്കുപയോഗിച്ചത്. നാടന്‍ വെള്ളരിവിത്തിന് കിലോവിന് 1200 രൂപയുള്ളപ്പോള്‍ ഹിരണ്യക്ക് കിലോവിന് 12,000 രൂപ നല്‍കിയാണ് വാങ്ങിച്ചത്.- രാഘവന്‍ വലിയവീട് പറമ്പ്, ഹരിതം സ്വയംസഹായസംഘം പ്രവര്‍ത്തകന്‍.
Content Highlights: Success Story of a Farmers Group that grows rice and organic vegetables