തൃശ്ശൂര്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ അഞ്ചാംകല്ലിനു സമീപം വൈക്കാട്ടില്‍ ഗോപാലകൃഷ്ണന്റെ മകന്‍ പ്രവീണ്‍ ആണ് പ്രവാസജീവിതം ഒഴിവാക്കി നാട്ടില്‍ അച്ഛന്‍ ഗോപാലകൃഷ്ണനൊപ്പം ചേര്‍ന്ന് ജൈവകൃഷിയും പശുവളര്‍ത്തലും തുടങ്ങി ലാഭകരമായി ജീവിതം നയിക്കുന്നത്. സിവില്‍ എന്‍ജിനീയറായ പ്രവീണ്‍ ദുബായില്‍ മെട്രോയില്‍ പ്രോജക്ട് എന്‍ജിനീയറായിരുന്നു. കോവിഡിന്റെ രംഗപ്രവേശത്തോടെ ജോലി തുടരാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. 

ഗുരുവായൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി. വൈകാതെ പിതാവിനൊപ്പം വീടിനു പിന്നിലെ 25 സെന്റ് തെങ്ങിന്‍പറമ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. ആദ്യം കൊള്ളികൃഷി (കപ്പ). വിളവായി ഒരു ടണ്‍ കൊള്ളി ലഭിച്ചു. അതിന്റെ വില്‍പ്പനയും കര്‍ഷക ബാങ്ക് വഴി നടന്നു. ഇതോടെ കൃഷിയുടെ സാധ്യതയെക്കുറിച്ചുള്ള കാര്യങ്ങള്‍ പഠിച്ചു. പിന്നീട്, പ്രവീണും പിതാവ് ഗോപാലകൃഷ്ണനും മുഴുവന്‍ സമയവും കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 

വീടിനു ചുറ്റുമുള്ള പറമ്പില്‍ പയര്‍, മുളക്, തക്കാളി, വാഴ തുടങ്ങിയവ കൃഷിചെയ്യാന്‍ ആരംഭിച്ചു. വളത്തിനായി സുഹൃത്തുക്കളുടെ ഫാമുകളില്‍ നിന്ന് ചാണകം ശേഖരിച്ചിരുന്നു. ചാണകം കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടില്‍ പശുക്കളെ വളര്‍ത്തുന്നത് ആലോചിച്ചത്. ഇതിനായി മൂന്ന് കാസര്‍കോട് തനി നാടന്‍ പശുക്കളെയും രണ്ടു വെച്ചൂര്‍ പശുക്കളെയും വാങ്ങി. വെച്ചൂര്‍ പശുക്കളുടെ പാല്‍ വളരെ ഗുണനിലവാരമുള്ളതാണെന്ന് പ്രവീണ്‍. 

നാടന്‍കോഴി വളര്‍ത്തല്‍, തുള്ളിനന (ഡ്രിപ്പ് ഇറിഗേഷന്‍) എന്നിവയും തുടങ്ങി. ഒരു കോളനി തേനീച്ചകളെ മുറ്റത്ത് വളര്‍ത്തുന്നുണ്ട്. 20 കിലോയോളം തേന്‍ ലഭിക്കും. പശുവിന് ആവശ്യമായ പുല്ല് പറമ്പില്‍ത്തന്നെ വളര്‍ത്തുന്നുണ്ട്. ഓസ്‌ട്രേലിയന്‍ റെഡ് ഇനത്തില്‍പ്പെട്ട പുല്ലാണിത്. പ്രോട്ടീനുള്ള മധുരം ഉള്ളതാണ് പുല്ല്. തൊഴുത്തില്‍നിന്നുള്ള ചാണകവും വെള്ളവും ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. ഇതില്‍നിന്ന് വളവും കീടനാശിനിയും ഉണ്ടാക്കും. 

സര്‍ക്കാരിന്റെ ജൈവഗൃഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ടെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. ജൈവഗൃഹം പശു, കോഴി, പച്ചക്കറി, പുല്‍കൃഷി എന്നിവ സംയോജിതമായി ഉള്‍പ്പെടുന്നതാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ വൈഗ കാര്‍ഷിക പ്രദര്‍ശനത്തിലും ഇവരുടെ കൃഷിയുണ്ട്. അമ്പതോളം നാടന്‍ കോഴികള്‍ ഇവിടത്തെ ഫാമിലുണ്ട്. ഇവയുടെ മുട്ട വില്‍ക്കും, കാഷ്ഠം കൃഷിക്ക് ഉപയോഗിക്കും. 

തികച്ചും ജൈവരീതിയിലാണ് കൃഷി. പ്രവീണിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അതിഥി തൊഴിലാളികളായ ബംഗാളി യുവാക്കളെയും ഇവിടെ കൃഷിയാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. അവിടെ കൃഷിചെയ്തിരുന്ന അവര്‍ക്ക് കൃഷിരീതിയെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കാതെ തന്നെ എല്ലാം ചെയ്യാനാവുന്നുണ്ടെന്ന് പ്രവീണ്‍ പറഞ്ഞു. വിളവുകള്‍ പഞ്ചായത്തിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വഴിയും വിപണനം നടത്തുന്നുണ്ട്.

ഇവരാണ് വഴികാട്ടി

യുവകര്‍ഷകന്‍ സുസ്ഥിരമായ സംയോജിത കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്കുള്ള വഴി കാട്ടിത്തരുകയാണ്. തരിശുഭൂമി കൃഷി, ജൈവഗൃഹം പദ്ധതികളുടെ ആനുകൂല്യം ഏങ്ങണ്ടിയൂര്‍ കൃഷിഭവന്‍ മുഖാന്തരം അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ട്. വി.എസ്. പ്രതീഷ്, കൃഷി ഓഫീസര്‍, ഏങ്ങണ്ടിയൂര്‍.

കൃഷി മികച്ച വഴി

ഒരു എന്‍ജിനീയര്‍ എന്ന മേലങ്കി മാറ്റിവെച്ച് കോവിഡ് കാലത്തെ തോല്പിച്ച് കാര്‍ഷികവൃത്തിയിലേക്കിറങ്ങിയ ഈ യുവാവ് പ്രതിസന്ധികാലത്തെ അതിജീവനത്തിന് കൃഷി മികച്ചൊരു ഉപാധിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഉദയന്‍ തോട്ടപ്പുള്ളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്,ഏങ്ങണ്ടിയൂര്‍.

Content Highlights: Success story of a farmer from thrissur