തൃശ്ശൂർ, ശക്തന്‍ മാര്‍ക്കറ്റില്‍ കാടമുട്ട വിറ്റ് മടങ്ങുമ്പോഴാണ് അവിടെ കുന്നുകൂടിയ മാലിന്യം പ്രകാശന്‍ കണ്ടത്. അത് കിട്ടാനായി കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചു. മാലിന്യം കൊണ്ടുപോയാല്‍ കിലോഗ്രാമിന് ഒന്നര രൂപവീതം അങ്ങോട്ടുകൊടുക്കാമെന്നായി കോര്‍പ്പറേഷന്‍. ഏഴുവര്‍ഷം മുമ്പ് കുപ്പക്കൂനയില്‍ മാണിക്യം തേടിയ പ്രകാശന്‍ ഇന്ന് ആദായനികുതി ഒടുക്കുന്ന കര്‍ഷകനാണ്.

പാഞ്ഞാളിലെ പ്രകാശന്റെ താനിശേരി വീട്ടില്‍ വൈദ്യുതിയും പാചകത്തിനുള്ള വാതകവുംവരെ ഉണ്ടാക്കുന്നു. വെറുംകൈയുമായി ഗള്‍ഫിേലക്കുപോയി വെറുംകൈയോടെ മടങ്ങേണ്ടിവന്ന പ്രകാശന്‍ ഇപ്പോള്‍ കൃഷിചെയ്യുന്നത് 130 ഏക്കറില്‍. സ്വന്തമായുള്ളത് അഞ്ചേക്കര്‍മാത്രം.

19-ാം വയസ്സില്‍ ഒമാനിലെ സലാലയില്‍ പച്ചക്കറി-പഴക്കട നടത്തുകയായിരുന്നു പ്രകാശന്‍. കുവൈത്ത്-ഇറാഖ് യുദ്ധം കഴിഞ്ഞതോടെ വ്യാപാരം തകര്‍ന്നു. നാട്ടിലെത്തി പിന്നീട് ഭാര്യ ലതയുടെ വള വിറ്റ് 100 കാടകളെ വാങ്ങി വ്യാപാരം തുടങ്ങി. കാടമുട്ട വിറ്റ് ആദ്യം കിട്ടിയത് 70 രൂപ. അവിടുന്നായിരുന്നു തുടക്കം. കാടകളുടെ എണ്ണംകൂടി. ആ വരുമാനംകൊണ്ട് പശുവിനെ വാങ്ങി. പശുക്കളുടെ മൂത്രവും ചാണകവും ഉപയോഗിച്ച് ജൈവവളമുണ്ടാക്കാനാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ മാലിന്യം വാങ്ങിയത്. ഒന്നരരൂപ ഇങ്ങോട്ടുകിട്ടുന്ന മാലിന്യത്തില്‍നിന്ന് നിര്‍മിക്കുന്ന ജൈവവളം വില്‍ക്കുന്നത് കിലോഗ്രാമിന് 30 രൂപയ്ക്ക്.

prakasan
പ്രകാശന്‍ കൃഷിയിടത്തില്‍| ഫോട്ടോ: മാതൃഭൂമി

55-ാം വയസ്സിലെത്തിയ പ്രകാശന്റെ നേട്ടങ്ങളുെട പട്ടിക വിപുലമാണ്. തൊഴുത്തില്‍ ഇപ്പോള്‍ 30 പശുക്കളുണ്ട്. ജൈവവളനിര്‍മാണം നല്ലരീതിയില്‍ നടക്കുന്നു. പഞ്ചഗവ്യം, നെയ്യ്, വെണ്ണ, തൈര് തുടങ്ങിയവയും നിര്‍മിക്കുന്നുണ്ട്. മൂന്നുകുളങ്ങളില്‍ മൂന്നിനം മീനുകളുടെ കൃഷിയുണ്ട്. 10 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജപാനലില്‍നിന്ന് വൈദ്യുതി വില്‍ക്കുന്നുണ്ട്. 60 ഘനമീറ്റര്‍ ബയോഗ്യാസ് പ്ലാന്റില്‍ മിച്ചം ഉത്പാദനമാണ്.

കാട, കോഴി, ആട്, താറാവ്, വാത്ത തുടങ്ങിയവയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു. ആയിരത്തിലധികം പെട്ടികളില്‍ തേന്‍കൃഷി. 25 ഏക്കറില്‍ തീറ്റപ്പുല്ല്. 25 ഏക്കറില്‍ പത്തിനം വാഴകളും. 20 ഏക്കറില്‍ പത്തുതരം നാടന്‍ നെല്ലാണ്. പച്ചക്കറി, മലഞ്ചരക്ക്, സുഗന്ധവ്യഞ്ജനം, കപ്പ തുടങ്ങി എല്ലാമുണ്ട്. ഗ്രോബാഗ് നിര്‍മിച്ച് നല്‍കുന്നുണ്ട്. പുഷ്പകൃഷിയുമുണ്ട്.

പൈങ്കുളത്തെ ഇഷ്ടികക്കളമായിരുന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കുകയാണിപ്പോള്‍. പ്രശോഭ്, അശ്വിന്‍ എന്നിവര്‍ മക്കള്‍.

Content Highlights: Success story of a farmer from Thrissur