മുറ്റത്തേയ്ക്ക് വിരല്‍ച്ചൂണ്ടിയാണ് ഓമന പറഞ്ഞത് - കൃഷിയോടുള്ള പ്രണയമാണ് ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം ജനിപ്പിക്കുന്നതെന്ന്. അഞ്ചുസെന്റ് പുരയിടത്തില്‍ വീടിനു ചുറ്റിലുമുള്ള ഇത്തിരിമുറ്റത്തും മട്ടുപ്പാവിലും നിറയെ പച്ചക്കറികളും പഴങ്ങളും പൂച്ചെടികളും വളരുന്നത് ഓമനയുടെ പ്രണയപ്രകാശത്തിലാണ്.
രജിസ്ട്രേഷന്‍ വകുപ്പിലെ ഓഫീസ് അറ്റന്‍ഡറായ ഓമന മൂന്നുവര്‍ഷംമുന്‍പാണ് പാറേക്കാട്ടുകരയ്ക്കടുത്ത് കുമ്പളംതറ വീട്ടുമുറ്റത്ത് കൃഷി തുടങ്ങിയത്. പയറും വെണ്ടയും വാഴയും നല്ല വിളവ് നല്‍കിയതോടെ ഉത്സാഹമേറി. കാലാവസ്ഥയനുസരിച്ച് കൃഷിചെയ്യാനും കീടങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും പഠിച്ചതോടെ നട്ടതെല്ലാം പൊന്നായി. കൃഷിയുടെ കൗതുകങ്ങള്‍ അറിയാന്‍ കൂട്ടുകൂടിയവര്‍ നല്‍കിയ സമ്മാനച്ചെടികളാണ് ഓമനയുടെ മുറ്റത്ത് ഏറെയും.

വേരുപിടിച്ച സമ്മാനങ്ങള്‍
ബ്രസീലിയന്‍ കിഴങ്ങായ സണ്‍ചോക്ക്, ജര്‍മന്‍ റെഡ് മത്തന്‍, തായ്ലാന്‍ഡ് ചാമ്പയ്ക്ക, ജര്‍മന്‍ പര്‍പ്പിള്‍ മധുരക്കിഴങ്ങ്, ഹോഴ്സ് റാഡിഷ്, ചൈനീസ് കാബേജ്, ജര്‍മന്‍ തക്കാളി, ജര്‍മനിയിലെ കെയില്‍ ചീര, ഒമാനിലെ പുതിന, ജര്‍മന്‍ കുക്കുമ്പര്‍, ഖത്തര്‍ കുമ്പളം, ജര്‍മനിയിലെ ബുഷ് തക്കാളി, മെക്സിക്കന്‍ ചീരയായ ചായമന്‍സ, തായ്ലാന്‍ഡ് മുത്തിള്‍ തുടങ്ങി വിവിധ ഇനങ്ങള്‍.
കൃഷി അഗ്രികള്‍ച്ചര്‍ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലും കേരള ജൈവകര്‍ഷകസമിതിയിലുമുള്ള കര്‍ഷകസുഹൃത്തുക്കളില്‍നിന്നാണ് കൃഷിയറിവുകളും വിത്തും തൈകളും തണ്ടും കിട്ടിയത്. കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വിത്ത് ബാങ്കിലേയ്ക്ക് മടക്കത്തപാല്‍ സ്റ്റാമ്പൊട്ടിച്ചയച്ചാല്‍ എല്ലാം സൗജന്യമായി കിട്ടുമെന്നത് ഉണര്‍വായി. സ്ഥലം തികയാതെ വന്നപ്പോള്‍ ജ്യേഷ്ഠന്റെ വീട്ടുമുറ്റത്തും അനുവാദത്തോടെ ഓമന കൃഷി തുടങ്ങി.
പഞ്ചസാരയേക്കാള്‍ പത്തിരട്ടിമധുരമുള്ള മധുരത്തുളസിയും ഏറ്റവും എരിവുള്ള നാഗമിര്‍ച്ചി മുളകും ഇവിടത്തെ കൗതുകങ്ങളില്‍ ചിലതുമാത്രം. ജര്‍മനിയില്‍നിന്ന് കൊണ്ടുവന്ന സൂര്യകാന്തിയും കശ്മീരി റോസ് ഉള്‍പ്പെടെ പലതരത്തിലുള്ള റോസുകളുമുള്ള പൂന്തോട്ടവും പ്രത്യേകതയാണ്. നീലഅമരി, കച്ചോലം, തിപ്പലി, അയ്യമ്പന, കേശവര്‍ധിനി തുടങ്ങിയ ഔഷധസസ്യങ്ങളും ഒടിച്ചുകുത്തി, നാരകം, കിലോ പേര തുടങ്ങിയ ഫലവര്‍ഗങ്ങളും കൂട്ടത്തിലുണ്ട്.

ചാണകവും ഗോമൂത്രവും മാത്രം വളമിട്ട് ജൈവകീടനാശിനി തളിച്ച് ഉണ്ടാക്കുന്ന വിളവൊന്നും ഓമന വില്‍ക്കാറില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന ഓമനയുടെ വിഭവങ്ങള്‍ ഇവയൊക്കെയാണ്. ശേഷിച്ചവ സഹോദരങ്ങള്‍ക്കും അയല്‍വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി നല്‍കും.
കൂലിപ്പണിക്കാരിയായ അമ്മയ്‌ക്കൊപ്പം പാടത്ത് പണികള്‍ക്ക് പോയിരുന്ന ഓമനയ്ക്ക് ചെറുപ്പത്തിലേ കൃഷിയോട് കമ്പമാണ്. കൃഷിയാവേശം പകര്‍ന്ന അമ്മയിന്നില്ല. സ്വയം കണ്ടെത്തിയ ജീവിതപങ്കാളിയും വഴിപിരിഞ്ഞതോടെ നിശ്ശബ്ദമായിപ്പോയ ജീവിതത്തില്‍ ചെടികളോട് പ്രണയം പങ്കിടുകയാണ് ഈ നാല്‍പ്പത്തിയേഴുകാരി.
Content Highlights: Success story of a farmer from thrissur