പശുവളര്‍ത്തലും പാല്‍വില്‍പ്പനയും അസീം എന്ന ചെറുപ്പക്കാരന് ഇന്ന് ജീവിതമാണ്. കോവിഡ് കാലം തൊഴില്‍സാധ്യതകളുടെ വഴികളടച്ചപ്പോള് പ്രവാസിയും എഴുത്തുകാരനുമായ അസീം പള്ളിവിള നേരെയിറങ്ങിയത് മണ്ണിലേക്കാണ്. അഞ്ചു പശുക്കളെ വാങ്ങി വളര്‍ത്തിക്കൊണ്ട് അസീം പള്ളിവിള തുടങ്ങിയ ഫാമില്‍ ഇന്ന് മേഞ്ഞുനടക്കുന്നത് 16-പശുക്കളും നിരവധി ആടുകളും മറ്റു വളര്‍ത്തുമൃഗങ്ങളുമാണ്.
പ്രവാസജീവിതം പാതിയില്‍ അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ കോവിഡ് കാലത്ത് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച നാളുകളുണ്ടായിരുന്നു. ഉണ്ടായിരുന്ന പ്ലേസ്കൂള്‍ കോവിഡ് കാലത്ത് പൂട്ടിയതോടെ ആ വരുമാനവും നിലച്ചു. പിന്നെയാണ് പശുവളര്‍ത്തല്‍ ആരംഭിച്ചത്. തുടക്കം മോശമായില്ല, അധ്വാനം വരുമാനമായി. ഇപ്പോള്‍ പ്രതിദിനം 200-ലിറ്ററിലധികം പാല് ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ച് ജീവിതവും എഴുത്തും ആസ്വാദ്യകരമാക്കി പുതിയ കാലത്തിന് മാതൃകയാവുകയാണ് അസീം പള്ളിവിള.
വരുമാനം ഉണ്ടാക്കുക മാത്രമല്ല, ശുദ്ധമായ പാല് തനിക്കും നാടിനും നല്‍കണമെന്ന ചിന്തകൂടിയാണ് ഈ ബിരുദധാരിയെ കാലിവളര്‍ത്തലില്‍ എത്തിച്ചത്. മക്കളുടെ ഇഷ്ടപ്രകാരം പശുവിനോടൊപ്പം മുട്ടനാടും ജംനാപ്യാരിയും വെച്ചൂര്‍പശുവും വിവിധയിനം കോഴികളുമെല്ലാം പെരിങ്ങമ്മല പള്ളിവിള വീട്ടില്‍ ഇടംപിടിച്ചു. ഇപ്പോള്‍ എല്ലാം വരുമാനമാണ്. വീടിനു ചുറ്റും മലയാള സാഹിത്യത്തിലെ കാരണവന്മാരുടെ ഓര്‍മയ്ക്കായി അവരുടെ പേരുകളിട്ടു വളര്‍ത്തുന്ന ഓര്‍മമരങ്ങളും. എല്ലാം ചേരുമ്പോള്‍ സാഹിത്യത്തിന്റെ സുഗന്ധവും പച്ചപ്പിന്റെ തണുപ്പുമുണ്ട് പള്ളിവിള വീട്ടില്‍.
സ്കൂള്‍ തലത്തില്‍ തന്നെ അസീമിന് എഴുത്തില്‍ കമ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ജോലിത്തിരക്കുകള്‍ക്കിടയിലും എഴുത്തിനും വായനയ്ക്കും കുറവുവന്നില്ല. ഉടയോന്റെ വിശേഷങ്ങള്‍, ഹാജിറയുടെ കുതിരകള്‍, ഏഴാമന്റെ വികൃതി, കുരിശ്ശടിപ്പുഴ പറഞ്ഞത്..... തുടങ്ങി നിരവധി കഥാസമാഹാരങ്ങള്‍ ഈ തിരക്കുകള്‍ക്കിടയിലും അസീം പ്രസിദ്ധീകരിച്ചു. ചുറ്റുവട്ടത്തെ ആരും ശ്രദ്ധിക്കാത്ത മനുഷ്യരും പ്രകൃതിയുമാണ് ഓരോ കഥയിലെയും കഥാപാത്രങ്ങള്‍.
പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കുന്ന അസീമിന്റെ ജോലികള്‍ മിക്കപ്പോഴും അവസാനിക്കുന്നത് അന്തിമയങ്ങുമ്പോഴാണ്. രാവിലെയും വൈകുന്നേരവും അസീമിന്റെ പാല്‍വണ്ടിയുടെ മണിയൊച്ചയും കാത്ത് പാതയ്ക്കിരുവശവും പാത്രങ്ങളുമായി നില്ക്കുന്ന വീട്ടമ്മമാര്‍ ധാരാളമുണ്ട്. അവര്‍ക്കു മുന്നില്‍ അസീം വിളമ്പുന്നത് ശുദ്ധമായ പാല് മാത്രമല്ല, ഗ്രാമീണജീവിതത്തിന്റെ സ്നേഹവും നന്മയും കൂടിയാണ്.
Content Highlights: Success story of a farmer from Thiruvananthapuram