പാടം പ്രദേശത്തെ മിക്ക കൃഷിയിടങ്ങളും നടുവത്തുമൂഴി വനമേഖലയോട് ചേര്‍ന്നാണ്. കാട്ടാനയും കാട്ടുപന്നിയും കുരങ്ങും മയിലും എല്ലാം കര്‍ഷകര്‍ക്ക് ഉപദ്രവകാരികള്‍തന്നെ. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്നതും വനമേഖലയോട് ചേര്‍ന്ന പാടം പ്രദേശമാണ്.

ഇവിടെ നാല്‍പ്പത് വര്‍ഷമായി കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെ മനോബലംകൊണ്ട് മറികടന്ന് വിജയം നേടിയാണ് വിഷ്ണുഭവനില്‍ അശോകന്‍ മുമ്പോട്ട് പോകുന്നത്. കൃഷിയെപ്പറ്റി ആര് ചോദിച്ചാലും അത് ലാഭകരമാണെന്നും തന്റെ ജീവിതം അതിന് തെളിവാണെന്നുമാണ് അശോകന്‍ പറയുന്നത്. വെളുപ്പിന് കൃഷിയിടത്തിലെത്തുന്ന അശോകന്‍ ഇരുട്ടുവോളം ഈ ഹരിതഭൂമിയില്‍തന്നെയാകും.

വനത്തില്‍നിന്ന് നീര്‍ച്ചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ചാലുകീറി കൃഷിയിടത്തിലെത്തിച്ച് വരള്‍ച്ചയെ പ്രതിരോധിച്ചാണ് ഇപ്പോള്‍ മരച്ചീനി ഇട്ടിട്ടുള്ളത്. വെറ്റില, പച്ചക്കറികള്‍, വാഴ തുടങ്ങി എല്ലാമുണ്ട് ഈ മൂന്നേക്കര്‍ കൃഷിയിടത്തില്‍. കാട്ടുമൃഗങ്ങള്‍ കയറാതിരിക്കാന്‍ ടിന്‍ഷീറ്റ് കൊണ്ട് നിര്‍മിച്ച പ്രതിരോധവേലി ദിവസവും തകര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് ഓരോ ദിനവും ആരംഭിക്കുക.

അച്ഛന്‍ കരുണാകരന്‍ കര്‍ഷകനായിരുന്നു. അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ അശോകന്‍ അച്ഛന്റെ മരണശേഷവും കൃഷി ജീവിതമാര്‍ഗമായി കൊണ്ടുപോകുന്നു. ഭാര്യ അമ്പിളിയും മകന്‍ വിഷ്ണുവും സഹായത്തിനുണ്ട്.

കാര്‍ഷികമേഖലയില്‍ കാട്ടുമൃഗങ്ങള്‍ ഉണ്ടാക്കുന്ന വലിയ നഷ്ടം പരിഹരിക്കാന്‍ കിഴക്കന്‍ മലയോരമേഖലയില്‍ ഒന്നുമില്ലെന്നും അശോകന്‍ പറയുന്നു. നാല് പതിറ്റാണ്ടായി കൃഷി മാത്രമാണ് ഉപജീവനമാര്‍ഗമെങ്കിലും കൃഷിഭവനില്‍നിന്ന് വലിയ സഹായമൊന്നും ഉണ്ടായിട്ടുമില്ല.

ചിലപ്പോള്‍ കലഞ്ഞൂര്‍ കൃഷിഭവനില്‍നിന്ന് അളെത്തി കൃഷിയിടത്തിന്റെ ഫോട്ടോ എടുക്കാറുണ്ട്. സ്വന്തമായിട്ടുള്ളതും പാട്ടത്തിനെടുത്തതുമായ കൃഷിയിടങ്ങളില്‍ സ്വന്തം അധ്വാനം മണ്ണറിഞ്ഞ് നടത്തിയാല്‍ അവിടെ പൊന്നുതന്നെ വിളയുമെന്നും അത് ലാഭകരമാകുമെന്നും അശോകന്‍ പറഞ്ഞു.

Content Highlights: Success story of a farmer from Pathanamthitta