പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരും വിജയനോട് ചോദിച്ചു -ഇനിയെന്താണു പരിപാടി? എല്ലാവര്‍ക്കും നല്‍കിയത് ഒറ്റ മറുപടി; വീണ്ടും കൃഷിയിലേക്ക്... പ്രവാസജീവിതത്തിനു മുന്‍പും കര്‍ഷകജീവിതം നയിച്ച പേരശ്ശനൂര്‍ കുണ്ടംകണ്ടത്തില്‍ വിജയന് സ്ഥിരമായി നാട്ടില്‍ നില്‍ക്കുമ്പോള്‍ കൃഷിയെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചു ചിന്തിക്കാനാകും?. വീട് നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ 45 ഏക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത പത്തേക്കര്‍ സ്ഥലത്തുമായാണ് വിജയന്‍ വിവിധ കൃഷികള്‍ ഒരുക്കിയിരിക്കുന്നത്.

വിജയന്റെ കൃഷിയിടത്തിലേക്ക്

വീടിന്റെ തെക്കുഭാഗത്തെ തൊഴുത്തില്‍ പത്ത് പശുക്കള്‍. ഏഴെണ്ണം കറവയുള്ളത്. അവിടന്ന് പടിഞ്ഞാറുഭാഗത്തേക്ക് 15 മീറ്റര്‍ നടന്നാല്‍ മത്സ്യകൃഷി നടത്തുന്ന കുളത്തിലെത്താം. കുളത്തില്‍ നിറയെ വിളവെടുപ്പിനുപാകമായ നെട്ടര്‍, ഗിഫ്റ്റ് ഫിലോപ്പിയ, വാള മത്സ്യങ്ങള്‍. തീറ്റ വെള്ളത്തിലേക്ക് ഇട്ടുകൊടുത്താല്‍ മത്സ്യങ്ങളുടെ തിരയിളക്കമാണ്. അതിനടുത്ത് നാടന്‍ വാഴത്തോട്ടം. പിന്നീട് പുഴവരെ അഞ്ചേക്കറോളം സ്ഥലത്ത് തെങ്ങാണ്.

മറ്റൊരുസ്ഥലത്തെ കൃഷിയിടത്തില്‍ രണ്ടരയേക്കറില്‍ പുല്‍കൃഷി. ഒരേക്കറില്‍ കപ്പക്കൃഷി. 30 ഏക്കറില്‍ നെല്‍ക്കൃഷി. മറ്റൊരു കൃഷിയിടത്തില്‍ കാപ്പി, കുരുമുളക്, കൊക്കോ, വാനില. അതിനടുത്ത് ഒരേക്കറില്‍ ചേന, ചേമ്പ്, പച്ചമുളക്, കൂര്‍ക്ക, മത്തന്‍ തുടങ്ങിയ പച്ചക്കറികളും നിറഞ്ഞതാണ് വിജയന്റെ കാര്‍ഷികലോകം.

ഇനി കോഴിയും ആടും

കോഴിവളര്‍ത്തലും ആടുവളര്‍ത്തലും ആരംഭിക്കുന്നതിനായി കൂടുകളുടെ നിര്‍മാണത്തിലാണ് വിജയനിപ്പോള്‍. നേരത്തേ 30 കറവപ്പശുക്കളുണ്ടായിരുന്നു. പണിക്കാരുടെ ലഭ്യത കുറഞ്ഞതോടെ പത്തിലേക്ക് ചുരുക്കി. ഭാര്യ പ്രീതിയും വിജയനൊപ്പം കൃഷിമേഖലയില്‍ സജീവമാണ്. സാമൂഹികപ്രവര്‍ത്തന രംഗത്തും വിജയനും പ്രീതയും സജീവമാണ്. കുറ്റിപ്പുറം മുന്‍ പഞ്ചായത്തംഗമായ പ്രീതി സി.പി.എം. പേരശ്ശനൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. മക്കള്‍ രണ്ടുപേരും കാനഡയില്‍ പഠിക്കുകയാണ്.

അതിരാവിലെ പശുത്തൊഴുത്തില്‍നിന്നാണ് ഈ കര്‍ഷകദമ്പതിമാരുടെ ഒരുദിവസം ആരംഭിക്കുക. മണ്ണില്‍നിന്ന് പൊന്നുവിളയിക്കുന്ന വിജയനെത്തേടി ഏറെ പുരസ്‌കാരങ്ങളും എത്തി. കുറ്റിപ്പുറം പഞ്ചായത്ത് കഴിഞ്ഞവര്‍ഷം മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തത് വിജയനെയാണ്. 2019-ല്‍ കര്‍ഷകസംഘത്തിന്റെ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും കുറ്റിപ്പുറം ബ്‌ളോക്ക് പഞ്ചായത്തിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡും വിജയന് ലഭിച്ചിട്ടുണ്ട്.

Content Highlights: Success story of a farmer from malappuram