തരിശായ കുന്നിന്‍മുകളില്‍ പപ്പായക്കൃഷി വിജയിക്കുമോ? ഈ ചിന്തയാണ് കോഴിക്കോട്, പൊറ്റശ്ശേരി അമ്പലത്തിങ്ങല്‍ മുഹമ്മദ് ബഷീറിനെ പപ്പായ കര്‍ഷകനാക്കിയത്. വര്‍ഷങ്ങളായി ചെയ്തിരുന്ന വാഴക്കൃഷിയില്‍നിന്നുള്ള ലാഭം കുറഞ്ഞതാണ് പുതിയ കൃഷിരീതിയിലേക്ക് മാറാന്‍ ബഷീറിന് പ്രേരണയായത്.
വൈകാതെ വെള്ളന്നൂരിലെ നഴ്‌സറിയില്‍നിന്ന് റെഡ് ലേഡി പപ്പായത്തൈകള്‍ കൊണ്ടുവന്ന് നട്ടു. ഒന്നും രണ്ടുമല്ല, 150 തൈകളാണ് ആദ്യഘട്ടത്തില്‍ കുഴിച്ചിട്ടത്. ഒന്നരയേക്കര്‍ സ്ഥലത്ത് പപ്പായത്തൈകള്‍ക്കിടയില്‍ മത്തനും കാന്താരിമുളകും കുരുമുളകുംകൂടി നട്ടുപിടിപ്പിച്ചു. തൊട്ടടുത്തുള്ള ഒന്നരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി തുടരുകയും ചെയ്തു.
പൊറ്റശ്ശേരിയിലെ ചെമ്പക്കോട്ട് മലയിലെ ബഷീറിന്റെ കൃഷിയിടം നാട്ടുകാര്‍ക്കിന്ന് ഒരു വിസ്മയമാണ്. കൃഷിയിടം കാണാന്‍ ദിവസേന ഒട്ടേറെപ്പേര്‍ ഇവിടെ എത്തുന്നു. തൊട്ടടുത്തുള്ള പാറക്കുളത്തില്‍ മത്സ്യക്കൃഷിയും ബഷീറിനുണ്ട്. കുളത്തിലെ വെള്ളമാണ് കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തിലോപ്പി ഇനത്തില്‍പ്പെട്ട 5000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ കുളത്തില്‍ നിക്ഷേപിച്ചത്.
ഒരു വര്‍ഷംമുമ്പാണ് ബഷീര്‍ കുന്നിന്‍മുകളില്‍ പപ്പായക്കൃഷി ആരംഭിച്ചത്. ഒരുതവണ വിളവെടുത്തു. രണ്ടാം തവണത്തെ വിളവെടുപ്പ് നടന്നുവരുകയാണ്. ഒരു പപ്പായ മരത്തില്‍നിന്ന് മൂന്നുതവണവരെ വിളവെടുപ്പ് നടത്താമെന്ന് ബഷീര്‍ പറയുന്നു.
പപ്പായയ്ക്ക് ഓണ്‍ലൈന്‍ വിപണി
വിളവെടുക്കുന്ന പപ്പായ ചന്തയില്‍ കൊണ്ടുപോയി കൊടുക്കുന്നതിനെക്കാള്‍ സ്വന്തം നാട്ടുകാര്‍ക്കുതന്നെ വില്‍ക്കാനാണ് ബഷീറിന് ഇഷ്ടം. പപ്പായ വിളവെടുക്കാന്‍ ആകുമ്പോള്‍ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശം പങ്കുവെക്കും. നിമിഷനേരംകൊണ്ട് ആവശ്യക്കാരുടെ വിളിയെത്തും. ശുദ്ധമായ പപ്പായ നാട്ടുകാര്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മൊത്ത വിപണിയില്‍നിന്ന് ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന ലാഭവും കിട്ടുമെന്ന് ബഷീര്‍ പറയുന്നു.
പരമ്പരാഗതരീതികള്‍ പിന്തുടരണം
കൃഷി ലാഭകരമാക്കാന്‍ കണ്ടതും കേട്ടതുമായ പരമ്പരാഗത രീതികള്‍ പിന്തുടരണമെന്ന് ബഷീര്‍ പറയുന്നു. പരമ്പരാഗത രീതികള്‍ ഉപയോഗിച്ചതാണ് തന്റെ കാര്‍ഷിക വിജയത്തിന് കാരണമെന്നും ബഷീര്‍ പറയുന്നു. കുളത്തിലെ മീനുകള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ മോട്ടോര്‍ സ്ഥാപിക്കുകയാണ് പതിവ്. എന്നാല്‍, ഇതിനായി താറാവുകൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബഷീര്‍. കുളത്തിലൂടെ താറാവുകള്‍ നീന്തുമ്പോള്‍ വെള്ളം ഇളകി, മീനുകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുമെന്ന് ബഷീര്‍ പറയുന്നു. താറാവ് കൃഷിയില്‍ നിന്നുള്ള വരുമാനവും ലഭിക്കും.

ഫിഷ് ഹണ്ടിങ്ങും
ചെമ്പക്കോട്ട് മലയിലെ മൂന്നേക്കര്‍ ഭൂമി വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ബഷീര്‍. തൊട്ടടുത്തുള്ള മറ്റൊരു പാറക്കുളത്തില്‍കൂടി മത്സ്യക്കൃഷി ഒരുക്കി ചൂണ്ടലിടാന്‍ സംവിധാനമൊരുക്കും. കോഴി-താറാവ് കൃഷി ആരംഭിച്ച് തത്സമയ ഭക്ഷണനിര്‍മാണം ഒരുക്കും. ആളുകള്‍ക്ക് താമസിക്കാന്‍ മലമുകളില്‍ ഹട്ടുകള്‍ (കുടില്‍) നിര്‍മിക്കാനും പദ്ധതിയുണ്ട്.
കീടങ്ങളെ തുരത്താന്‍ തുളസി
കൃഷിഭൂമിയില്‍ തുളസിച്ചെടി വെച്ചുപിടിപ്പിച്ചാണ് ബഷീര്‍ കീടങ്ങളെ ഇല്ലാതാക്കുന്നത്. തുളസിയുടെ തണ്ട് പൊട്ടിച്ചിടുമ്പോള്‍ നീര് കുടിക്കാനെത്തുന്ന കീടങ്ങളെ പ്രത്യേക രീതിയില്‍ കൊന്നൊടുക്കും. രാസകീടനാശിനിയുടെ ഉപയോഗം മിത്രകീടങ്ങളെക്കൂടി ഇല്ലാതാക്കുമെന്ന് ബഷീര്‍ പറയുന്നു.
സുഭിക്ഷ കേരളം പദ്ധതിക്ക് മുതല്‍ക്കൂട്ട്
നാട്ടിലെ സാമൂഹികപ്രവര്‍ത്തകനും ഇലക്ട്രീഷ്യനുമായ ബഷീര്‍ മികച്ച യുവകര്‍ഷകനാണ്. ഏതുതരം കൃഷിയും വിജയിപ്പിച്ചെടുക്കാന്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെ വിത്തിറക്കുന്നു. സുഭിക്ഷകേരളം പദ്ധതിയിലേക്ക് വലിയ ഒരു മുതല്‍ക്കൂട്ടാണ് ബഷീറിന്റെ അധ്വാനം. -ഗഫൂര്‍ ചേന്ദമംഗലൂര്‍, നഗരസഭാ കൗണ്‍സിലര്‍
കൃഷി ദിനചര്യയുടെ ഭാഗം
ബഷീറിന് കൃഷി ദിനചര്യയുടെ ഭാഗമാണ്. ജോലിത്തിരക്കുള്ള ഇലക്ട്രീഷ്യനായിട്ടും ഒട്ടേറെ ഇനങ്ങള്‍ കൃഷിനടത്തുന്ന ബഷീര്‍ മത്സ്യക്കൃഷിയിലും വിജയിച്ചിരിക്കുന്നു. ഇദ്ദേഹം നാടിന് മാതൃകയാണ്. -എന്‍.പി. അബ്ദുള്‍ കരീം, പ്രദേശവാസി
എല്ലാവിധ സഹായങ്ങളും ഉറപ്പാക്കും
ഉള്‍നാടന്‍ മത്സ്യക്കൃഷിയോട് താത്പര്യമുള്ള ആളാണ് മുഹമ്മദ് ബഷീര്‍. ഇദ്ദേഹത്തിന്റെ കൃഷിരീതികളും കാഴ്ചപ്പാടുകളും മാതൃകാപരമാണ്. കൃഷിഭവന്‍ മുഖേന സബ്‌സിഡി ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും ഉറപ്പാക്കും. -വി. കുഞ്ഞന്‍ നഗരസഭാ ചെയര്‍മാന്‍.
Content Highlights: Success story of a farmer from Kozhikode