താമര, ആമ്പല്‍, പത്തുമണി, മുല്ല, പിച്ചി, പിച്ചകം...നീളുന്നു പേരുകള്‍. തൃപ്രയാര്‍ പാലത്തിന് സമീപം 'പ്രയാഗ'യില്‍ എന്‍ജിനീയര്‍ ദമ്പതിമാര്‍ ചേര്‍ന്നൊരുക്കിയ വര്‍ണക്കാഴ്ചകള്‍ കാണേണ്ടതുതന്നെ. പ്രേംകുമാറും രാജശ്രീയുമാണ് കൃഷിയെയും പൂക്കളെയും സ്‌നേഹിക്കുന്ന എന്‍ജിനീയര്‍മാര്‍. രാജശ്രീ നര്‍ത്തകിയും ഗായികയും സംരംഭകയുമാണ്.

രണ്ടേക്കര്‍ സ്ഥലത്തുള്ള വീടും മുറ്റവും പറമ്പുമെല്ലാം അവര്‍ കൃഷിക്കായി വിനിയോഗിച്ചു. പൂക്കളും വൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറിയുമെല്ലാം ഇവിടെ തഴച്ചുവളരുന്നു. എവിടെത്തിരിഞ്ഞാലും താമരയും ആമ്പലും കാണാം. കുളങ്ങളില്‍, പ്ലാസ്റ്റിക് പാത്രങ്ങളില്‍, ടെറസില്‍, പഴയ ഫ്രിഡ്ജുകളില്‍. 60 ഇനങ്ങളുണ്ട് ഇവ. ഈയിടെ വിരിഞ്ഞ ആയിരം ഇതളുള്ള സഹസ്രദള പദ്മവുമുണ്ട്. 

പ്രേംകുമാറിന്റെ മകള്‍ മനുവും കൃഷിക്ക് കൂട്ടായുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം നടത്തുന്ന മനു എഴുത്തുകാരിയാണ്. മകന്‍ ഋതു സ്‌കോട്ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ ഫിസിക്‌സ് ആന്‍ഡ് മ്യൂസിക്കില്‍ ബിരുദപഠനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലും.

50 ഇനം ആമ്പലുകള്‍, 60 തരം പത്തുമണിയും

പല നിറത്തിലും വലുപ്പത്തിലുമുള്ള 50 ഇനം ആമ്പലുകളുണ്ടിവിടെ. പോര്‍ട്ടുലാക, പര്‍സ്ലെയ്ന്‍, ടൈഗര്‍ സ്ട്രിപ്പ് തുടങ്ങിയ 60 തരം പത്തുമണി ചെടികളുമുണ്ട്. മഴ തുടങ്ങിയതോടെ പൂക്കള്‍ കുറഞ്ഞെന്ന് മാത്രം. വര്‍ണവൈവിധ്യമാര്‍ന്ന ഇലകളോട് കൂടിയ 70-ല്‍പ്പരം കോളിയസ് ചെടികള്‍, പലതരം മുല്ലകള്‍, പിച്ചി, പിച്ചകം, മൂന്നിനം ആകാശമുല്ല, വിവിധയിനം ക്രീപ്പറുകള്‍, ടെകോമകള്‍, ഫിറ്റോണിയകള്‍, വിവിധതരം കള്ളിച്ചെടികള്‍, നാടന്‍ റോസുകള്‍, ജമന്തി, ചെണ്ടുമല്ലി... അങ്ങനെ ചെടികളുടെ നീണ്ട നിരതന്നെയുണ്ട്.

ഫലവൃക്ഷങ്ങളാലും സമൃദ്ധം

പറമ്പിലേക്കിറങ്ങിയാല്‍ നീര്‍മരുത്, ദന്തപ്പാല, ഇലഞ്ഞി, പുളി, കുടംപുളി തുടങ്ങിയ വന്‍വൃക്ഷങ്ങളും ലാങ്കി ലാങ്കി, റങ്കൂണ്‍ ക്രീപ്പര്‍, ഏഴിലംപാല, മാവ്, പ്ലാവ്, പേര എന്നിങ്ങനെ നാടനും അല്ലാത്തതുമായ പലതരം ചെടികളും ഫലവൃക്ഷങ്ങളും. വെറ്റില, പ്ലാശ്, ബ്രഹ്മി, മരമഞ്ഞള്‍, മഞ്ഞള്‍, ഇഞ്ചി, കസ്തൂരിമഞ്ഞള്‍, കരിമഞ്ഞള്‍ തുടങ്ങി ഔഷധസസ്യങ്ങളും ഏറെയുണ്ട്. മട്ടുപ്പാവിലും പറമ്പിലുമായി പച്ചക്കറിയും കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷിചെയ്യുന്നു.

പറമ്പിനോട് ചേര്‍ന്നാണ് കനോലി കനാല്‍ ഒഴുകുന്നത്. കരയിലെ കണ്ടലുകളും പന്നല്‍ ചെടികളുമൊക്കെ സ്വാഭാവികമായ രീതിയില്‍ സംരക്ഷിച്ച് പ്രകൃതിയോടിണങ്ങിയാണ് ഇവിടത്തെ ഓരോ പ്രവര്‍ത്തനവും. രണ്ടു വെച്ചൂര്‍ പശുക്കളും ഇവരുടെ പരിലാളനയിലുണ്ട്. രാജശ്രീയാണ് കൃഷിയുടെ പ്രധാന ചുമതലക്കാരി.

Content Highlights: Success story of a couple from Thrissur in gardening