74-ാം വയസ്സിലും വീട്ടില്‍ വെറുതിയിരിക്കാറില്ല കോഴിക്കോട്, മേപ്പയ്യൂര്‍ കീഴ്പയ്യൂരിലെ കിഴക്കേകണ്ടംകുന്നുമ്മല്‍ ഗോപാലന്‍. മത്സ്യക്കൃഷിയും പക്ഷികളെ വളര്‍ത്തലും നഴ്സറി നടത്തിപ്പുമെല്ലാമായി വീട്ടുപറമ്പിലുണ്ടാകും. വീട്ടിനടുത്ത് പറമ്പില്‍ തന്നെയുള്ള പാറക്കുളത്തിലാണ് മത്സ്യംവളര്‍ത്തല്‍. കട്ല, ഗൗരാമി, ഗിഫ്റ്റ് തലാപ്പിയ എന്നിങ്ങനെ മത്സ്യങ്ങള്‍ നിരവധി.

രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ഓരോതവണയും വളര്‍ത്താറുണ്ട്. വീട്ടിലേക്കുള്ള ആവശ്യംകഴിഞ്ഞാല്‍ വില്‍ക്കും. വീട്ടുതൊടിയിലെ ടാങ്കിലും വളര്‍ത്തുന്നുണ്ട് മത്സ്യം. അലങ്കാര മത്സ്യങ്ങള്‍, പ്രാവ്, കോഴി, മുയല്‍, അലങ്കാര പക്ഷികള്‍ എന്നിവയെല്ലാം വേറെ.

നാലായിരത്തോളം തെങ്ങിന്‍തൈകള്‍ വളര്‍ത്തി വില്ക്കാറുണ്ട്. മറ്റിടങ്ങളിലടക്കം പോയി വിത്തുതേങ്ങ ശേഖരിച്ച് തൈകള്‍ തയ്യാറാക്കുകയാണ് പതിവ്. കുള്ളന്‍ തെങ്ങും വരദയും കുറ്റ്യാടി തെങ്ങിന്‍ തൈകളും വില്പനയ്ക്കായുണ്ട്. പച്ചക്കറികള്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിങ്ങനെ ഇടിവിള കൃഷികളും ചെയ്തുപോരുന്നു. 10 സെന്റില്‍ വര്‍ഷങ്ങളായി മുത്താറി കൃഷിയാണ്. കോഴിവളം, ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നിവയെല്ലാമാണ് പ്രധാന വളം. പശുവിനെ വളത്തുന്നതിനാല്‍ ചാണകവും വീട്ടില്‍നിന്നുതന്നെ ലഭിക്കും.

രണ്ടേക്കര്‍ കൃഷിയിടത്തില്‍ 150-ഓളം തെങ്ങും നൂറോളം വാഴകളും കവുങ്ങുമെല്ലാം തഴച്ചുവളരുന്നു. പാടത്ത് നെല്‍കൃഷിയും പറമ്പില്‍ തീറ്റപ്പുല്‍ കൃഷിയും കുരുമുളകും വെറ്റിലക്കൊടിയുമെല്ലാമുണ്ട്. മേലടി ബ്ലോക്കില്‍ ആത്മ പദ്ധതിയില്‍ സമ്മിശ്ര കൃഷിയിടമായും ഇവിടം തെരഞ്ഞടുക്കപ്പെട്ടിരുന്നു. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ചങ്ങരനൊപ്പം കാര്‍ഷികജോലികള്‍ ചെയ്തുതുടങ്ങിയതാണ് ഗോപാലന്‍.

ഇടയ്ക്ക് 20 വര്‍ഷത്തോളം വിദേശത്തും ജോലിക്കായി പോയി. തിരികെ വന്നപ്പോഴും കൃഷിയിലേക്കുതന്നെ മടങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഭാര്യ ദേവകിയും കുടുംബാംഗങ്ങളുമെല്ലാം കൃഷിയില്‍ എല്ലാപിന്തുണയുമായുണ്ട്.

Content Highlights: Success story of 74 year old farmer from Kozhikode