14 വര്‍ഷം മുമ്പ് കണ്ണൂര്‍, പെരളം കോട്ടക്കുന്നിലെ ഒന്നര ഏക്കര്‍ ഭൂമി ചിറയത്ത് ബേബിയെന്ന കര്‍ഷകന്‍ വിലയ്ക്ക് വാങ്ങുമ്പോള്‍ പലരും നെറ്റിചുളിച്ചു. പാറകള്‍ നിറഞ്ഞ സമീപത്തെ കുന്ന് ചൂണ്ടിക്കാട്ടി ഇവിടെയൊന്നും വിളയില്ലെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മലയാറ്റൂരിലെ കര്‍ഷക ദമ്പതിമാരായ അഗസ്റ്റിന്റെയും ത്രേസ്യാമ്മയുടെയും മകന് ആ മണ്ണ് കണ്ടപ്പോള്‍ തന്നെ മനസ്സിലായി, ഇവിടെ പൊന്ന് വിളയുമെന്ന്.

കോട്ടക്കുന്നിലെ കാടുമൂടിക്കിടന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്ന് കാണണം. ചുവപ്പും മഞ്ഞയും നിറമുള്ള റമ്പൂട്ടാന്‍ പഴങ്ങള്‍ നിറഞ്ഞ് തലകുനിഞ്ഞ് നില്‍ക്കുന്ന തോട്ടമാണ് നമ്മെ സ്വാഗതം ചെയ്യുക. നല്ല മണ്ണും നല്ല വെള്ളവും നല്ല വളവും ചേര്‍ന്നാല്‍ പൊന്ന് വിളയിക്കാമെന്ന് ബേബിയെന്ന കര്‍ഷകന്‍ നമുക്ക് കാണിച്ചുതരുന്നു. 

കഴിഞ്ഞ ആറു വര്‍ഷത്തോളമായി റമ്പൂട്ടാന്‍ വിളവെടുക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം മാത്രം 1500 കിലോഗ്രാം റമ്പൂട്ടാന്‍ പ്രാദേശിക വിപണിയില്‍ വില്പന നടത്തി. ഈ വര്‍ഷം 2000 കിലോഗ്രാമോളം ലഭിക്കുമെന്നാണ് ബേബിയുടെ കണക്കുകൂട്ടല്‍. തോട്ടത്തിലെ 150 റമ്പൂട്ടാന്‍ ചെടികളിലും ഇത്തവണ നിറയെ പഴങ്ങളുണ്ട്.

കണ്ടോത്ത് കിസാന്‍ ഗ്രൗണ്ടിനു സമീപമാണ് ബേബിയുടെ വീട്. കടകളില്‍ പ്ലമ്പിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുള്ള ബേബി ഒഴിവുസമയങ്ങളിലെല്ലാം കോട്ടക്കുന്നിലെ റമ്പൂട്ടാന്‍ തോട്ടത്തിലുണ്ടാകും. ഭാര്യ സ്റ്റാര്‍മിയും എപ്പോഴും ബേബിയെ സഹായിക്കാനുണ്ടാകും.

14 വര്‍ഷം മുമ്പ് ഒരു കിലോഗ്രാം റമ്പൂട്ടാന്‍ വിലകൊടുത്ത് വാങ്ങേണ്ടിവന്നപ്പോഴാണ് റമ്പൂട്ടാന്‍ കൃഷിയെന്ന ആശയം ബേബിയുടെ മനസ്സിലുദിച്ചത്. ആറുമാസത്തോളം കൃഷിരീതിയെക്കുറിച്ച് പഠിച്ചു. തുടര്‍ന്ന് മികച്ച വിളവും ഗുണമേന്മയുമുള്ള എന്‍-18 ചെടികള്‍ 20 അടി അകലത്തില്‍ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.

റമ്പൂട്ടാന്‍ ചെടിയില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളുണ്ട്. എല്ലാ പരിചരണങ്ങളും നല്‍കി എട്ടുവര്‍ഷം കഴിഞ്ഞ് പൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ചെടിയുടെ വേര്‍തിരിവ് മനസ്സിലാകുകയുള്ളൂ. പെണ്‍ചെടിയില്‍ മാത്രമേ പഴങ്ങള്‍ ഉണ്ടാകുകയുള്ളൂ. ബേബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇതായിരുന്നു. ഒന്നരവര്‍ഷം പ്രായമാകുമ്പോള്‍ നല്ല ഫലം തരുന്ന പെണ്‍ചെടിയുടെ തൊലി മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്ത് എല്ലാ ചെടികളെയും പെണ്‍വര്‍ഗത്തിലാക്കിയാണ് ബേബി ഈ വെല്ലുവിളി മറികടന്നത്.

പ്രാദേശിക മാര്‍ക്കറ്റില്‍ നേരിട്ട് പഴങ്ങള്‍ എത്തിച്ചാണ് വിപണനം നടത്തുന്നത്. തോട്ടത്തില്‍ നേരിട്ടെത്തി പഴങ്ങള്‍ വാങ്ങുന്നവരും ധാരാളം. ബേബിയുടെ കണ്ടോത്ത് കിസാന്‍ ഗ്രൗണ്ടിനു സമീപമുള്ള വീട്ടുപരിസരവും പഴച്ചെടികളുടെയും പച്ചക്കറിച്ചെടികളുടെയും വിളനിലമാണ്.

അപൂര്‍വങ്ങളായ നിരവധി സസ്യങ്ങളും പഴവര്‍ഗങ്ങളും വീട്ടുപറമ്പിലുണ്ട്. 15 സെന്റ് സ്ഥലത്ത് ഒരു കുടുംബത്തിനാവശ്യമായ പഴങ്ങളും പച്ചക്കറികളും എങ്ങനെ കൃഷി ചെയ്യാമെന്ന് ബേബിയുടെ വീട്ടുപറമ്പ് കണ്ടാല്‍ മനസ്സിലാകും. വിദ്യാര്‍ഥികളായ വിക്ടര്‍ ബേബിയും ചാള്‍സ് ബേബിയുമാണ് മക്കള്‍.

Content Highlights: Success story in Rambutan farming at Kannur