രോഗം ബാധിച്ച് രണ്ടു വര്‍ഷം തളര്‍ന്നുകിടന്നു, സാലി. പിന്നീട് ഒരുവിധം നടക്കാമെന്നായപ്പോള്‍ മുട്ടുകള്‍ തകരാറിലായി. രണ്ട് മുട്ടും ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച് സജീവമായപ്പോള്‍ അര്‍ബുദം പിടികൂടി. ചികിത്സ കഴിഞ്ഞ് വീണ്ടും തിരിച്ചെത്തി. പ്രതിസന്ധികളെ 'പുഷ്പം പോലെ മറികടന്ന' സാലി പിന്നീട് ചിന്തിച്ചത് പുഷ്പകൃഷിയെക്കുറിച്ചാണ്.

തൃശ്ശൂര്‍ നഗരത്തിനടുത്തുള്ള കുറ്റൂരില്‍ അരയേക്കറിലെ മുല്ലപ്പൂന്തോട്ടം ഈ ജീവിതവിജയത്തിന്റെ സുഗന്ധമാണ് പരത്തുന്നത്. പുഷ്പകൃഷി മാത്രമല്ല, സാലി ഇപ്പോള്‍ ചെയ്യുന്നത്. പറമ്പിലെ തേങ്ങ ഉപയോഗിച്ച് അവലോസ് പൊടി നിര്‍മിക്കുന്നു. ഒരു പശുവുണ്ട്. അതിന്റെ പാലില്‍നിന്ന് തൈരും നെയ്യുമുണ്ടാക്കി വിപണിയിലെത്തിക്കുന്നു. അച്ചാറുണ്ടാക്കിയും വില്‍ക്കുന്നു. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമൊക്കെയുണ്ടാക്കുന്നുണ്ട് ഈ വീട്ടമ്മയുടെ വക.

ജീവനും ജീവിതവും കൈവിട്ടുപോകാതെ സൂക്ഷിക്കുന്ന സാലി പത്താംക്ലാസ് ജയിച്ചിട്ടില്ല. അയ്യന്തോള്‍ പേള്‍ പാര്‍ക്കിലാണ് താമസമെങ്കിലും കര്‍മരംഗം കുറ്റൂരിലെ ഒരേക്കറാണ്. വിദേശത്ത് ഡ്രൈവറായിരുന്ന ഭര്‍ത്താവ് മോഹന്‍ വാങ്ങിയതാണ് ഒരേക്കര്‍ സ്ഥലം. ഇവരുടേത് മിശ്രവിവാഹമായിരുന്നു. ഒരേക്കറിലാണ് ഇവര്‍ ജീവിതം പച്ചപിടിപ്പിക്കുന്നത്. ജീവിതപ്പാതയില്‍ ചെരുപ്പ് നിര്‍മാണക്കന്പനിയിലും ബുക്ക് ബൈന്‍ഡിങ് സ്ഥാപനത്തിലും ജോലിചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കലശലായ വാതം പിടികൂടിയത്. ആരോഗ്യപ്രശ്‌നങ്ങളെല്ലാം തീര്‍ന്നതോടെ കൃഷിയിലേക്കിറങ്ങി. കാലത്തിനനുസരിച്ചുള്ള പുഷ്പകൃഷിയാണ് നല്ല വരുമാനം തരുന്നത്.

ഓണക്കാലത്ത് ചെണ്ടുമല്ലികൃഷിയാണ്. ഇപ്പോള്‍ മുല്ലപ്പൂവിന് നല്ല വിലയുള്ളതിനാല്‍ മുല്ലക്കൃഷിയാണ്. ദിവസം 1000 രൂപയില്‍ കൂടുതല്‍ മുല്ലപ്പൂവില്‍നിന്ന് കിട്ടുന്നുണ്ട്. ഒരേക്കറില്‍ത്തന്നെയാണ് തൊഴുത്തും പശുവും. ഇതിനെല്ലാം പുറമേ, ആവശ്യക്കാര്‍ക്ക് പ്രാതല്‍ മുതല്‍ അത്താഴം വരെ തയ്യാറാക്കി നല്‍കുന്നുമുണ്ട്. ഇത് കഴിഞ്ഞുള്ള സമയങ്ങളിലാണ് കൃഷിയും പശുപാലനവും. കോളനിയിലെ 12 വീട്ടമ്മമാരെ കൂട്ടുചേര്‍ത്ത് ഇപ്പോള്‍ ചെറുകിട കാറ്ററിങ്ങിലേക്കും ഇറങ്ങിയിട്ടുണ്ട്. ആവശ്യപ്രകാരം ഭക്ഷണം തയ്യാറാക്കി നല്‍കുകയാണ് രീതി. ഞായറാഴ്ചകളില്‍ ഈ കൂട്ടായ്മയ്ക്ക് മോശമല്ലാത്ത ഓര്‍ഡറുമുണ്ട്.

Content Highlights: Story of a housewife who was successful in Jasmine cultivation