കറുകച്ചാല്‍ പുളിക്കല്‍കവല കൊടുന്തറ തോമസുകുട്ടിക്ക് കൃഷി ജീവിതമാര്‍ഗമാണ്. കൃഷിയിടം ഒരു പരീക്ഷണശാലയും. ഇദ്ദേഹം വിളയിച്ച ഭീമന്‍ കാര്‍ഷികോത്പന്നങ്ങള്‍ കണ്ടാല്‍ ആരും അമ്പരക്കും. മുന്നൂറുകിലോയുള്ള ഭീമന്‍ കാച്ചില്‍, 65 കിലോയുള്ള ചേന, നൂറുകിലോ തൂക്കമുള്ള ഒരുമൂട് കപ്പ, 35 കിലോയുള്ള ഏത്തക്കുല എന്നിങ്ങനെ നീളുന്നു, വിളകളുടെ പട്ടിക. സ്വന്തമായി ആകെ 25 സെന്റ് സ്ഥലമാണുള്ളത്. പക്ഷേ, കൃഷി ജീവിതമാര്‍ഗമായതിനാല്‍ മൂന്നരയേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ പാട്ടക്കൃഷി. ചേന, ചേമ്പ്, കാച്ചില്‍, വാഴ, പച്ചക്കറി തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്.

സാധാരണ കൃഷിക്കൊപ്പം പരീക്ഷണങ്ങളും പതിവാണ്. ഇക്കുറി ചേനത്തോട്ടത്തില്‍ ഒരുമൂട് ഗജേന്ദ്രചേനയിലാണ് പരീക്ഷണം നടത്തിയത്. ഉയരം പത്തടിയിലേറെ. ഭാരം 60 കിലോയ്ക്കുമുകളില്‍ വരുമെന്നാണ് തോമസുകുട്ടിയുടെ കണക്കുകൂട്ടല്‍. മൂന്നുവര്‍ഷം മുമ്പ് വിളവെടുത്ത കാച്ചിലിന്റെ തൂക്കം മുന്നൂറുകിലോയോളം. ഇതിനിടയില്‍ രണ്ട് വ്യത്യസ്തയിനം കപ്പയും തോമസുകുട്ടി കണ്ടുപിടിച്ചു. ഒന്നിന് മലയനെന്നാണ് പേര് നല്‍കിയത്. മറ്റൊന്നിന് പേരിടാനുള്ള ശ്രമത്തിലാണ്.

ഭീമന്‍വിളകള്‍ക്കുപിന്നിലെ രഹസ്യംതേടി പലരും തോമസുകുട്ടിയെ കാണാന്‍ എത്താറുണ്ട്. എന്നാല്‍, കൃത്യമായ പരിചരണവും വെള്ളവും വളവും നല്‍കുന്നത് മാത്രമാണ് ഭീമന്‍വിളകള്‍ ഉത്പാദിപ്പിക്കുന്നതിന്റെ പിന്നിലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനുപുറമേ, ചെറുകിഴങ്ങ്, വന്‍കിഴങ്ങ്, നനകിഴങ്ങ്, ചേമ്പിന്റെ വിവിധയിനങ്ങളായ താരമക്കണ്ണന്‍, ആറ്റുകണ്ണന്‍, ആറാട്ടുപുഴ, ചുവന്ന ഇഞ്ചി, ഇസ്രായേല്‍ മഞ്ഞള്‍, അടതാപ്പ് തുടങ്ങിയവയും നൂറുമേനി വിളവോടെ നില്‍ക്കുന്നു.

തോമസുകുട്ടി ബ്രാന്‍ഡ് കപ്പ

തോമസുകുട്ടിയുടെ കപ്പകള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. വലിപ്പത്തിനുപുറമേ രുചിയും വ്യത്യസ്തമാണ്. തോമസുകുട്ടിതന്നെ കള്‍ച്ചര്‍ ചെയ്തെടുത്ത ഇനമാണ് മലയന്‍ കപ്പ. മലയോരത്ത് കൃഷി ചെയ്യുന്നതിനാലാണ് ഈ പേരു നല്‍കിയത്. ഇത് വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. ശ്രീരാമന്‍കപ്പയും ചുവന്നതൊലിയുള്ള മറ്റൊരു കപ്പയുടെ അരിയുമെടുത്താണ് പുതിയ ഇനം കപ്പ സൃഷ്ടിച്ചത്. പുതിയയിനം കപ്പയുടെ കുരുവെടുത്ത് ആറുമാസകപ്പയുടെ കുരുവുമായി ചേര്‍ത്ത് മറ്റൊരു ഇനം കൂടി ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിന് വ്യത്യസ്തമായ രൂചിയാണുണ്ടാകുക.

Content Highlights: Story of a farmer from Kottayam