നാട്ടിന്‍പുറങ്ങളില്‍ കറമൂസ എന്ന് വിളിക്കും. ശരിയായ പേര് പപ്പായ. ഈ പപ്പായ വര്‍ഗത്തില്‍ ചില കേമന്മാരുണ്ട്. അതിലൊന്നാണ് റെഡ് ലേഡി പപ്പായ. ഈ വിദേശജനുസ്സിന്റെ വിളവെടുപ്പ് തുടങ്ങിയിരിക്കയാണ് ഇരിങ്ങല്‍ സര്‍ഗാലയ കരകൗശലഗ്രാമത്തില്‍. പേരിലെ റെഡ് ലേഡി എന്താണെന്ന് വ്യക്തമല്ല. നമ്മുടെ പപ്പായ പഴുത്താല്‍ മഞ്ഞനിറമാണെങ്കില്‍ റെഡ് ലേഡി പപ്പായയുടെ ഉള്‍വശം ചുവപ്പാണ്. ഇതായിരിക്കും പേരിന് കാരണമെന്ന് കരുതുന്നു.

രണ്ടരമീറ്റര്‍ ഉയരമുള്ള ഈ ചെടിയുടെ അടിമുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്. സര്‍ഗാലയയിലും പുറത്തുള്ള കൃഷിസ്ഥലത്തുമായി 2000 തൈകളാണ് നട്ടത്. ആറുമാസംകൊണ്ട് പപ്പായയുണ്ടായി. ചുരുങ്ങിയത് 50 പപ്പായ ഒന്നിലുണ്ട്. ആ കണക്കുവെച്ച് ഒരുലക്ഷം പപ്പായയെങ്കിലും വിളവെടുക്കാന്‍ കഴിയും.

എണ്ണത്തിന്റെ എത്രയോ അധികമായിരിക്കും ആകെ തൂക്കം. കാരണം നല്ല വലുപ്പമാണ് റെഡ് ലേഡിക്ക്. 3.7 കിലോഗ്രാം തൂക്കമുള്ളതുവരെ പറിച്ചിട്ടുണ്ട്. 50 ലക്ഷംരൂപയെങ്കിലും വിളവെടുപ്പില്‍ സര്‍ഗാലയ പ്രതീക്ഷിക്കുന്നുണ്ട്. 300 പപ്പായവരെ ഉണ്ടാകുന്ന തൈകളുണ്ട്. ഒന്നരക്കൊല്ലത്തോളം ഒരു ചെടിയില്‍നിന്ന് കായ പറിക്കാനും കഴിയും.

തീര്‍ത്തും വിഷരഹിത-ജൈവ പപ്പായയാണ് ഉണ്ടാക്കിയത്. ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് റെഡ്ലേഡി പപ്പായ. 10 തൈവെച്ചാല്‍ ഒരു കുടുംബത്തിന് ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു. 10,000 രൂപയെങ്കിലും മാസത്തില്‍ കൈയില്‍വരും. തെങ്ങിന്‍തൈ നോക്കുന്നതുപോലെ നോക്കിയാല്‍ മതി. വന്‍കിട ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിക്കാര്‍ ഇത്തരം പപ്പായ വീടുകളില്‍ എത്തിക്കുന്നുണ്ട്. അതിന് വിലകുറവാണെങ്കിലും ജൈവകൃഷിയില്‍ ഉണ്ടാക്കിയതല്ല അതൊന്നും.

വിലനിലവാരം

പച്ചയ്ക്ക് കിലോഗ്രാമിന് 50 രൂപയും പഴുത്തതിന് 60 രൂപയുമാണ് ഈടാക്കുന്നത്. ശരിയായ പഴുപ്പ് വരാന്‍ പത്തുദിവസമെങ്കിലും എടുക്കുന്നതിനാല്‍ ദൂരെദിക്കിലേക്ക് കൊണ്ടുപോകാന്‍ കഴിയും.

പോഷകസമ്പന്നം

ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ് പപ്പായ. സങ്കരയിനമായ ഇതിന്റെ ഉറവിടം തയ്വാനാണ്. കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ടില്‍നിന്നാണ് സര്‍ഗാലയയില്‍ തൈകളെത്തിയത്.

നല്ല വിപണി പ്രതീക്ഷിക്കുന്നു

പപ്പായകൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഇനി നടത്താന്‍ പോകുന്നത്. ഡ്രൈഫ്രൂട്സ്, ടൂട്ടി ഫുഡ്സ്, ജാം, ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ എന്നിവയുണ്ടാക്കാന്‍ കഴിയും. പഴുക്കാന്‍ പത്തുദിവസമെടുക്കുന്നതിനാല്‍ വിദേശത്തുള്‍പ്പെടെ കയറ്റിയയക്കാനും കഴിയും. ഇപ്പോള്‍ത്തന്നെ ഇവിടെത്തെ സന്ദര്‍ശകര്‍ വലിയരീതിയില്‍ വാങ്ങിപ്പോകുന്നുണ്ട്.- പി.പി. ഭാസ്‌കരന്‍ (സര്‍ഗാലയ സി.ഇ.ഒ.)

പരിപാലനം പ്രധാനം

ലാഭകരമായി ചെയ്യാന്‍കഴിയുന്ന കൃഷിയാണിത്. നല്ല വെയില്‍ കിട്ടുന്നതും നീര്‍വാര്‍ച്ചയുള്ള സ്ഥലവുമായിരിക്കണം.- ഹീര നെട്ടൂര്‍(റിട്ട. ജോയന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്)

മുള്ളന്‍പന്നി ഭീഷണി

പപ്പായത്തൈകളെ കുട്ടികളെപ്പോലെ വളര്‍ത്തിക്കൊണ്ടുവരണം. മുള്ളന്‍പന്നി വലിയ ഭീഷണിയാണ്.- കെ.സി. വിജയന്‍ (ഗാര്‍ഡ്നര്‍)

മികച്ച തൈകള്‍

സങ്കരയിനം തൈയാണിത്. ഓരോ തവണയും സങ്കരയിനം വിത്തുതന്നെ ഉപയോഗിക്കണം- പി. നാരായണന്‍ (റിട്ട. കൃഷിഓഫീസര്‍)

നല്ല സ്വാദ്, ഗുണം

വിപണിയില്‍ വാങ്ങുന്ന റെഡ് ലേഡി പപ്പായയുടെയും സര്‍ഗാലയയില്‍നിന്ന് വാങ്ങുന്ന പപ്പായയുടെയും സ്വാദ് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ജൈവകൃഷിയിലൂടെ വളര്‍ന്നതുകൊണ്ടായിരിക്കാം.- മമ്പറം ടി. പ്രകാശന്‍ (ഉപഭോക്താവ്).

Content Highlights: Red lady papaya farming in kozhikode