കാക്കൂര്‍: ഓരോ പാടത്തും വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നെല്‍കൃഷി ചെയ്ത് വിജയഗാഥ തീര്‍ക്കുകയാണ് പൂക്കാട്ട് രാമചന്ദ്രന്‍ എന്ന കര്‍ഷകന്‍. കാക്കൂര്‍ പഞ്ചായത്തിലെ രാമല്ലൂര്‍ ആലാംപൊയില്‍താഴം വയലില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് ഈ കര്‍ഷകന്‍ ജൈവരീതിയില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇതില്‍ വ്യത്യസ്തങ്ങളായ അഞ്ചിനങ്ങളില്‍പ്പെട്ട നെല്ല് കൃഷി ചെയ്യുന്നുണ്ട്. സുപ്രിയ, വൈശാഖ്, സ്വര്‍ണപ്രഭ, കുഞ്ഞ് കുഞ്ഞ് വര്‍ണ, ഉമ എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇവയുടെ വിത്തുകള്‍ ശേഖരിച്ചത്.
തരിശ് ഭൂമിയിലെ ഹരിതവിപ്ലവം
വര്‍ഷങ്ങളോളം തരിശിട്ട വയലില്‍ കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി രാമചന്ദ്രന്‍ കൃഷിയിറക്കുന്നത്. കാക്കൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. ശ്രേയസ്സ് ഇനത്തില്‍പ്പെട്ട നെല്ലാണ് കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തത്. ഇതില്‍ നിന്ന് 1300 കിലോഗ്രാം നെല്ല് കൊയ്‌തെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷത്തില്‍ വ്യത്യസ്തങ്ങളായ അഞ്ച് നെല്ലിനങ്ങള്‍ കൃഷിയിറക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. പരമ്പരാഗത കര്‍ഷകന്‍ കൂടിയായ രാമചന്ദ്രന്‍ നില മൊരുക്കുന്നത് മുതല്‍ കൊയ്‌തെടുക്കുന്നതു വരെയുള്ള സകല പണികള്‍ക്കും ജോലിക്കാരോടൊപ്പം മണ്ണിലിറങ്ങുകയും ചെയ്യുന്നുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ ഒന്നര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഇവിടെ സ്വര്‍ണ്ണ നിറമാര്‍ന്ന നെല്ല് നൂറുമേനി വിളഞ്ഞ കാഴ്ച ഏറെ സന്തോഷം പകരുന്നതായി രാമചന്ദ്രന്‍ എന്ന കര്‍ഷകന്‍ പറയുന്നു.
പുതിയ നെല്‍വിത്തുകള്‍ തേടിയുള്ള യാത്രകള്‍
നെല്‍ക്കൃഷിയില്‍ പുത്തന്‍ വിത്തിനങ്ങള്‍ പരീക്ഷിക്കുവാന്‍ രാമചന്ദ്രന്‍ എന്ന കര്‍ഷകന്‍ എപ്പോഴും ഒരുക്കമാണ്. പുതിയ വിത്തുകള്‍ എത്ര ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കിലും നേരിട്ടു പോയി ശേഖരിക്കുകയാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്തശാലി ഇനത്തില്‍പ്പെട്ട നെല്ല് കൃഷി ചെയ്യുവാന്‍ ആഗ്രഹിക്കുകയും ഇതിനായി വിത്ത് കൈവശമുള്ള അന്യജില്ലക്കാരനായ കര്‍ഷകനെ നേരില്‍ കണ്ട് പല തവണ ചോദിച്ചിട്ടും നല്‍കുവാന്‍ ഇയാള്‍ തയ്യാറായില്ല. ഈ പ്രയാസത്തിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്തങ്ങളായ നെല്ലിനങ്ങള്‍ കൃഷി ചെയ്യുക എന്ന രീതി രാമചന്ദ്രന്‍ തുടങ്ങുന്നത്. നെല്‍വിത്തിനായി ആര് സമീപിച്ചാലും തന്റെ കൈവശമുള്ളവ നല്‍കുന്നതില്‍ ഈ കര്‍ഷകന്‍ സന്തോഷം കണ്ടെത്തുന്നു. രാമല്ലൂരിലെ വയലിലെ അഞ്ചിനത്തിന് പുറമെ കണ്ണങ്കരയിലെ സ്വന്തം വീടിനടുത്തായി പാട്ടത്തിനെടുത്ത ഒരേക്കര്‍ വയലില്‍ ജീരകശാല, സുപ്രിയ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ജൈവ നെല്‍കൃഷിയിലൂടെ വരുമാനത്തിന്റെ ലാഭനഷ്ടങ്ങള്‍ ഈ കര്‍ഷകന്‍ കാര്യമാക്കാറില്ല. കൃഷിയിലൂടെ സ്വന്തം ഭക്ഷ്യാവശ്യത്തിനുള്ള നെല്ല് ലഭിക്കുന്നുണ്ട്. ഒപ്പം സമീപത്തെ ക്ഷേത്രങ്ങളിലേക്കും, പ്രദേശവാസികള്‍ക്കുമെല്ലാം നല്‍കുകയും ചെയ്യുന്നു. നെല്ല് കൃഷിയിലെ പുതു പരീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി ഭാര്യ ബാലാമണിയും മകന്‍ അനന്തകൃഷ്ണനും രാമചന്ദ്രനൊപ്പമുണ്ട്.
ഫോണ്‍:- 9496229251
Content highlights: Paddy field, Agriculture, Organic farming