പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ ഗ്രൂപ്പ് എസ്റ്റേറ്റുകളിലെ പാഷന്‍ഫ്രൂട്ട് കൃഷി വന്‍ വിജയമാകുന്നു. കോരുവിളയില്‍ കൊടുമണ്‍ എസ്റ്റേറ്റ് ഓഫീസിന് സമീപം റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ കുറച്ച് സ്ഥലത്ത് അഞ്ച് വര്‍ഷം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷി തുടങ്ങിയത്.ഇത് വിജയിച്ചതിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് കോര്‍പ്പറേഷന് കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ലാഭം തരുന്ന കൃഷിയായി പാഷന്‍ഫ്രൂട്ട് മാറി.

കൊടുമണ്‍ എസ്റ്റേറ്റില്‍ അഞ്ച് ഹെക്ടറിലും ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ മൂന്ന് ഹെക്ടറിലും തണ്ണിത്തോട്ടില്‍ ഒരു ഹെക്ടറിലും ഉള്‍പ്പെടെ ആകെ ഒമ്പത് ഹെക്ടറിലാണ് കൃഷി. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപ പാഷന്‍ഫ്രൂട്ട് കൃഷിയിലൂടെ ആദായം ഉണ്ടായി. കിലോയ്ക്ക് 100 രൂപയ്ക്ക് വില്‍ക്കുന്നതോടൊപ്പം തന്നെ കൊടുമണ്‍ എസ്റ്റേറ്റ് ഓഫീസിലെ ജ്യൂസ് സംസ്‌കരണ യൂണിറ്റില്‍ ജ്യൂസ് ആക്കി വില്‍ക്കുന്നു. 500 മില്ലി ജ്യൂസിന് 100 രൂപയ്ക്ക് വില്‍ക്കുന്നു.

വളരെ ദൂരെനിന്നുപോലും ആളുകളെത്തി പെട്ടെന്ന് തന്നെ പാഷന്‍ഫ്രൂട്ട് പഴങ്ങളും ജ്യൂസും വാങ്ങുന്നു. പെട്ടെന്ന് വിറ്റുപോകുന്നുണ്ട്. ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ പാഷന്‍ഫ്രൂട്ട് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെ നല്ലതുപോലെ ആവശ്യക്കാരുണ്ട്. ഒരു ഹെക്ടറില്‍നിന്ന് അഞ്ച് ടണ്‍ ആദായം ലഭിക്കും.

പി.വണ്‍ മുപ്പത്തിനാല് എന്ന ഇനമാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത് .മഞ്ഞ, പര്‍പ്പിള്‍ ഇനങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കിസാന്‍ വികാസ് യോജന എന്ന കേന്ദ്രപദ്ധതിയില്‍ പത്തനംതിട്ട, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 30 ഹെക്ടറില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും 20 ഹെക്ടറില്‍ സാധാരണ കര്‍ഷകര്‍ക്കും പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നതിന് സബ്‌സിഡി കൊടുക്കാന്‍ രണ്ടുകോടി അനുവദിച്ചിട്ടുണ്ടെന്ന് കൊടുമണ്‍ എസ്റ്റേറ്റ് മാനേജര്‍ എം.സന്തോഷ് പറഞ്ഞു.

ഗുണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ്. ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. വൈറ്റമിന്‍ സി യും ഉണ്ട്. പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷന്‍ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം രക്തക്കുഴലുകളില്‍നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കാനും സഹായിക്കും. പാഷന്‍ഫ്രൂട്ടില്‍ മഗ്‌നീഷ്യം ധാരാളം ഉണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കുന്നു.

Content Highlights: Passion fruit cultivation in Kodumon