അധ്വാനം കൂടുതല്‍, വിദഗ്ദ്ധ കര്‍ഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന കൃഷിച്ചിലവ്, പ്രകൃതിക്ഷോഭങ്ങള്‍, കീടരോഗബാധകള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനഷ്ടം,യുവജനങ്ങള്‍ കൃഷിയിലേക്ക് കടന്നുവരാത്തത് എന്നിവയെല്ലാം തന്നെ നെല്‍ക്കൃഷിയെ തളര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ്. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷ്യോത്പാദനവും കൈവരിക്കുന്നതിന് മുമ്പ് നമുക്ക് നെല്‍ക്കൃഷി കൂടിയേ തീരൂ. ഇതിനായി നെല്‍ക്കൃഷി ആകര്‍ഷകമാക്കേണ്ടത് അനിവാര്യമാണ്. 

paddy

നെല്‍ക്കൃഷി ആയാസരഹിതവും ആനന്ദകരവുമാക്കാനും കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനുമുതകുന്ന ചെറുസാങ്കേതിക വിദ്യയാണ് ' പറക്കും ഞാര്‍'.  കൊല്ലം ജില്ലയില്‍ ചിറക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വര്‍ഷങ്ങളായി തരിശ് കിടന്ന ഉളിയനാട് ഏലായില്‍ പാരച്യൂട്ട് കൃഷിയിലൂടെ മികച്ച വിളവുണ്ടാക്കാന്‍ കഴിഞ്ഞു.  120 ദിവസം മൂപ്പുള്ള പ്രത്യാശ എന്നയിനം നെല്‍വിത്താണ് ഉപയോഗിച്ചത്.

ഒരു സെന്റില്‍ നിന്ന് 16 കിലോ നെല്ല് ഉത്പാദിപ്പിക്കാന്‍ സഹായിച്ച ഈ രീതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണ വിത്ത് വിതച്ച് അല്ലെങ്കില്‍ ഞാര്‍ നട്ട് വിള കൊയ്യുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ കണ്ടങ്ങളിലേക്ക് വയല്‍ വരമ്പില്‍ നിന്നുകൊണ്ട് ഞാറ് ആയാസരഹിതമായി എറിഞ്ഞ് മണ്ണില്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് പാരച്യൂട്ട് കൃഷി എന്നുപറയുന്നത്. 

parachute

ഞാറുകള്‍ തയ്യാറാക്കുന്ന വിധം 

പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്രേകളിലാണ് ഞാറുകള്‍ തയ്യാറാക്കുന്നത്. ഇതിനായി വയല്‍ ചെളിയും ട്രൈക്കോഡെര്‍മയെന്ന കുമിള്‍നാശിനി ഇട്ട് സമ്പുഷ്ടീകരിച്ച ജൈവവളവും വാമും (VAM)  കൂടി ചേര്‍ത്ത് മാധ്യമം തയ്യാറാക്കി ട്രേകളില്‍ നിറയ്ക്കുന്നു. പിന്നീട് ഇവയില്‍ ജൈവകുമിള്‍ നാശിനിയില്‍ കുതിര്‍ത്ത നെല്‍വിത്ത് പാകി മുളപ്പിച്ച് തയ്യാറാക്കുന്നു. 12-15 ദിവസം പ്രായമായ തൈകള്‍ നിര്‍ദേശ പ്രകാരമുള്ള ജൈവവളവും കുമ്മായവും ചേര്‍ത്ത് പൂട്ടി പതം വരുത്തിയ കണ്ടങ്ങളില്‍ വയല്‍ വരമ്പില്‍ നിന്നും എറിഞ്ഞു നടുന്നു. 

വയല്‍ച്ചെടിയുടെ ഭാരം മൂലം ഞാറുകള്‍ ചുവട് കുത്തിയാണ് മണ്ണില്‍ പതിക്കുന്നത്.  എന്നാല്‍ കുറച്ച് വലിയ കണ്ടങ്ങളില്‍ ഓരോ ഞാറായി നിര തെറ്റാതെ നിശ്ചിത അകലത്തിലിട്ട് പോകാവുന്നതാണ്. ഒരു സെന്റിന് ഏകദേശം 100 കുഴികളുള്ള 5 ട്രേകള്‍ മതിയാകും. 50 സെന്റിന് 250 ട്രേ തൈകള്‍ മതിയാകും. വെള്ളം യഥേഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്ന കണ്ടങ്ങളില്‍ ഈ രീതിയിലുള്ള മികച്ച വിളവ് ലഭിക്കും.

paddy field

ഉളിയനാട്  ഏലായില്‍ ഇത്തരത്തില്‍ കൃഷി നടപ്പിലാക്കിയപ്പോള്‍ ഒരു ചുവട്ടില്‍ നിന്നും ഏകദേശം 80 ചിനപ്പുകള്‍ പൊട്ടിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഞാര്‍ നടുമ്പോള്‍ 10-15 ചിനപ്പുകള്‍ മാത്രമേ ഉണ്ടാകുന്നുള്ളു. കൂടാതെ ഈ ചിനപ്പുകള്‍ എല്ലാം തന്നെ കതിരണിയുകയും ചെയ്തു.

paddy field

മേന്മകള്‍

1. ഞാറ്റടി തയ്യാറാക്കുന്നതിന്റെ ചിലവോ ബുദ്ധിമുട്ടോ ഇല്ല

2. തൈകള്‍ എളുപ്പത്തില്‍ പ്രോട്രേകളില്‍ തയ്യാറാക്കാം

3. വളരെ കുറച്ചു വിത്ത് മാത്രമേ ആവശ്യമുള്ളു. (നിലവിലുള്ള ശുപാര്‍ശയുടെ 5 %  മാത്രം മതി. ) 

4.  പറിച്ചു നടുന്നതിന്റെ ചിലവ് ഇല്ല

5. ചെറിയ കണ്ടങ്ങളില്‍ കര്‍ഷകന് നേരിട്ട് എറിഞ്ഞു നടാം

6.  ചിലവ് 25-30 ശതമാനം വരെ കുറയ്ക്കുന്നതിന് സാധിക്കും

7. ഞാറ് നിന്നുകൊണ്ട് തന്നെ എറിഞ്ഞു നടുന്നതിനാല്‍ ആയാസ രഹിതവും ആനന്ദകരവുമാണ്

8. നടീല്‍ക്കാരെ ആവശ്യമില്ല

9.ആയാസരഹിതമായി ഒറ്റഞാര്‍ കൃഷിയുടെ ഗുണവും മികച്ച വിളവും ലഭിക്കുന്നു

10.ഞാര്‍ 15 ദിവസത്തിനകം നടുന്നതു മൂലം ധാരാളം ചിനപ്പുകള്‍ പൊട്ടി വിളവ് കൂടുന്നു

11. ഇത്തരത്തില്‍ യുവാക്കളെയും കുട്ടികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാവുന്നതാണ്. 


(ചിറക്കര കൃഷി ഭവനിലെ കൃഷി ഓഫീസറാണ് ലേഖിക)  

Content highlights: Agriculture, Organic farming, Paddy field, Parachute farming