നാരകം നട്ടിടം മുടിയും... എന്നാണല്ലോ ചൊല്ല്. ആസ്വദിച്ച് കഴിക്കുമെങ്കിലും നാരകം നട്ടു വളർത്താന്‍ പലരും മടിക്കുന്നതിന് പിന്നില്‍ ഈ ചൊല്ല് ഉണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. എന്നാല്‍ കോട്ടയം, പാലാ സ്വദേശി ബാബു ജേക്കബിന് ഇത് വെറും ചൊല്ല് മാത്രമാണ്. ഒരു നാരകമല്ല, നാരകത്തോട്ടം തന്നെയാണ് ഈ കര്‍ഷകന്‍ വീട്ടുവളപ്പില്‍ പരിപാലിക്കുന്നത്. 

പരമ്പരാഗതമായി കാര്‍ഷിക കുടുംബമായിരുന്നു ബാബു ജേക്കബിന്റേത്. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മറ്റ് വിളകള്‍ കൃഷി ചെയ്ത് നീങ്ങുമ്പോഴാണ് ചെറുനാരകം കൃഷി ചെയ്താലോ എന്ന ചിന്തവരുന്നത്. തറവാട്ടിലുണ്ടായിരുന്ന നന്നായി കായ്ക്കുന്ന നാരകം തന്നയായിരുന്ന അതിന് പ്രേരണ. ആ മരത്തിന്റെതന്നെ പതിവെച്ച് വളര്‍ത്തിയ തൈകളാണ് നട്ടത്. തുടക്കത്തില്‍ ഏഴ് സെന്റില്‍ 14 നാരകത്തൈകളാണ് നട്ടത്. 

babu jacob
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം

നാല് വര്‍ഷത്തിലേറെ പ്രായമുള്ള ഈ 14 നാരകങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം വിളവെടുത്ത് വിറ്റത് ഏതാണ്ട് 1000 കിലോ ചെറുനാരങ്ങയാണ്. നാടന്‍നാരങ്ങ എന്ന നിലയില്‍ 100 രൂപ വിലയിലായിരുന്നു വില്‍പ്പന. ഇത് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ ധൈര്യത്തിലാണ് രണ്ട് ഏക്കറില്‍ കൂടി നാരക കൃഷി വ്യാപിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തുന്നത്. റീപ്ലാന്റേഷന് വേണ്ടി റബര്‍ വെട്ടി, ആ ഭൂമിയിലാണ് ഇപ്പോള്‍ നാരക കൃഷി.

babu jacob
തോട്ടത്തിലെ ഹൈബ്രിഡ് പേര തൈകള്‍

ആദ്യഘട്ടത്തില്‍ തൈകൾ വളര്‍ത്തിയെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല. തൈകള്‍ പിടിച്ചു കിട്ടാത്തതായിരുന്നു തുടക്കത്തില്‍ നേരിട്ട പ്രതിസന്ധി. ആദ്യ അഞ്ച് വര്‍ഷക്കാലം പരാജയം തന്നെയായിരുന്നുവെന്ന് ബാബു ജേക്കബ് പറയുന്നു. ഒരാള്‍ പൊക്കത്തില്‍ തൈ വളര്‍ന്ന് കായ്കളുമുണ്ടാകുമെങ്കിലും പിന്നീട് ചെടി ഉണങ്ങിപ്പോകുന്നതായിരുന്നു പതിവ്. കൃഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. നാരകം കൃഷി ചെയ്യുന്നവര്‍ കുറവായിരുന്നതിനാല്‍ കൃത്യമായ ഉപദേശങ്ങള്‍ കിട്ടാനുള്ള വഴിയുമില്ലായിരുന്നു. ഒടുവില്‍ മണ്ണ് പരിശോധിച്ചപ്പോള്‍ സൂക്ഷ്മ മൂലകങ്ങളുടെ അഭാവമുണ്ടെന്ന് മനസിലായി. ആ കുറവ് പരിഹരിച്ചതോടെ തൈകളില്‍ നിന്ന് നല്ല ഫലം കിട്ടി തുടങ്ങി. 

ഏത് പഴമായാലും ആദ്യം ശല്യം ചെയ്യുന്നത് വൗവ്വാലാണെന്ന് ഈ കര്‍ഷകന്‍ പറയുന്നു. പറമ്പിലെ ജാതിയോ, പേരക്കയോ, സപ്പോര്‍ട്ടയോ ഒന്നും വൗവ്വാല്‍ വെറുതേ വിടാറില്ല. റംബുട്ടാന്‍ വലയിട്ടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ നാരകത്തിന്റെ കാര്യത്തില്‍ അത്തരം പേടികളൊന്നും വേണ്ടെന്നും അദ്ദേഹം അനുഭവത്തില്‍ നിന്ന് പറയുന്നു. കൂര്‍ത്ത മുള്ളുകള്‍ ഉള്ളതിനാല്‍ ഒരു വിധം മൃഗങ്ങളുടെ ഒന്നും ആക്രമണം നാരകത്തിനില്ല. പുളിയുള്ളതിനാല്‍ തന്നെ കുരങ്ങനോ, വൗവ്വാലോ, മലയണ്ണാനോ എന്തിന് വീണു കിടന്നാല്‍ എലി പോലും അടുക്കില്ല. 

babu jacob
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം

ഇപ്പോള്‍ പാലാ, പച്ചാത്തോട്, കുമ്പളത്താനത്തെ വീട്ടില്‍ രണ്ട് ഏക്കറിലായി 250 നാരകത്തൈകള്‍ നട്ടിട്ടുണ്ട്. എന്നാല്‍ നാരകം മാത്രമല്ല തോട്ടത്തിലുള്ളത്. പേരയും കൃഷി ചെയ്യുന്നു. 60 പേരമരങ്ങളാണ് നട്ടിരിക്കുന്നത്. നിലത്ത് നിന്ന് പറിക്കാവുന്ന ഹൈബ്രിഡ് ഇനമാണ് നട്ടിരിക്കുന്നത്. ഒപ്പം സീഡ്ലസ് ലമണ്‍ എന്ന് വിളിക്കുന്ന സാലഡ് ലമണും തോട്ടത്തിലുണ്ട്. കവുങ്ങ്, റബര്‍, റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നു. 

നാരകത്തില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാമെന്നു മാത്രമല്ല പരിശ്രമിച്ചാല്‍ കൃഷിയില്‍ വിജയിക്കാമെന്നും ബാബു ജേക്കബ് പറയുന്നു. നല്ല പരിചരണവും വളവും വെള്ളവും നല്‍കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടമാകണം. മരച്ചില്ലകളൊക്കെയുണ്ടെങ്കില്‍ നാരകത്തില്‍ കായ പിടിക്കില്ല. എന്നാല്‍ തുടക്കക്കാര്‍ ഒന്നോ രണ്ടോ നാരകച്ചെടികള്‍ നട്ടു നോക്കിയിട്ട് വേണം കൃഷി വ്യാപിപ്പിക്കാനെന്നും അദ്ദേഹം പറയുന്നു. 

babu jacob
സീഡ് ലസ് ലമണ്‍

ആദ്യം നട്ട 14 തൈകളില്‍ ഒരെണ്ണത്തില്‍ നിന്ന് മാത്രം വര്‍ഷം ശരാശരി 80 മുതല്‍ 100 കിലോ വരെ വിളവ് ലഭിച്ചു. മൂന്നു സീസണുകളിലായാണ് സാധാരണ നാരങ്ങ കിട്ടുന്നത്. എന്നാല്‍ ഇവിടെ നാരകം വര്‍ഷം മുഴുവന്‍ കായ്ഫലം ലഭിക്കുന്നതാണ്. നല്ല മണവും നീരുമുള്ള ഇത് പത്ത് കിലോ തൂക്കം ലഭിക്കാന്‍ 160-170 നാരങ്ങ മതി. 14 തൈകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 1,000 കിലോ ചെറുനാരങ്ങയാണ് വിറ്റത്. കിലോയ്ക്ക് നൂറു രൂപ കിട്ടി. പ്രദേശത്തെ കടകളും സ്വാശ്രയ സംഘങ്ങളും ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളുമായിരുന്നു ഉപഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം നല്ല വിപണി കിട്ടിയെങ്കില്‍ ഈ സീസണില്‍ അത്ര നല്ല സമയമല്ല. കോവിഡും മറ്റും മൂലമുണ്ടായ ഇടിവ് നാരകത്തേയും ബാധിച്ചുവെന്ന് ബാബു ജേക്കബ് പറയുന്നു.

babu jacob
നേഴ്‌സറിയിലെ നാരക തൈകള്‍

നാരക തൈകള്‍ വില്‍ക്കാനായി വീട്ടിലൊരു നേഴ്‌സറിയും ബാബു ഒരുക്കിയിട്ടുണ്ട്. ലെമണ്‍ മഡോസ് എന്നാണ് നേഴ്‌സറിയുടെ പേര്. നാടന്‍ തൈകളും ഹൈബ്രിഡ് തൈകളും ഇവിടെ വില്‍ക്കുന്നുണ്ട്. കുരു മുളപ്പിച്ചാണ് നാടന്‍ ചെറുനാരങ്ങ തൈയുണ്ടാക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നു കൊണ്ടുവന്ന ഹൈബ്രിഡ് തൈകളും വില്‍പ്പനയ്ക്കുണ്ട്.

ഫോണ്‍: 95625 49231

Content Highlights: Pala Native Farmer's success story in Lime Fruit Cultivation