സ്വാദേറിയ പഴങ്ങള്‍ എവിടെക്കണ്ടാലും അതിന്റെയൊരു തൈ സജി മാത്യു സ്വന്തമാക്കും. വീട്ടിലെത്തിയാല്‍ ബഡ്ഡിങ് നടത്തി മികവേറ്റി നട്ടുവളര്‍ത്തും. റംബൂട്ടാനും മാംഗോസ്റ്റീനുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന കൂരാച്ചുണ്ട് കല്ലാനോട്ടെ കടുകന്‍മാക്കല്‍ പറമ്പില്‍ ഡ്രാഗണ്‍ ഫ്രൂട്ടും വിപുലമായി കൃഷിചെയ്ത് തുടങ്ങിയിരിക്കുകയാണിപ്പോള്‍. സപ്പോട്ട, ഫുലാസാന്‍, ലോഗന്‍, മട്ടോവ, ബട്ടര്‍, ദുരിയാന്‍ എന്നിങ്ങനെ നാടനും വിദേശിയുമായി 150-ഇനം പഴങ്ങള്‍ വിളയുന്നുണ്ടിവിടെ. വര്‍ഷത്തില്‍ മുക്കാല്‍ലക്ഷത്തോളം രൂപ ഇതിന്റെ വില്‍പ്പനയിലൂടെ ലഭിക്കും.

നോവ- സജിയുടെ സ്വന്തം ജാതിത്തൈ

സംസ്ഥാന സര്‍ക്കാരിന്റെ 2012-ലെ മികച്ച ബഹുവിള കര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്‌കാരം നേടിയ സജി മാത്യു മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകനാണ്. ഏതുസമയവും കൃഷിയിടത്തിലാണ് ഈ 55-കാരനെ കാണുക. പാരമ്പര്യമായി കര്‍ഷകകുടുംബമാണ്. എട്ടേക്കര്‍സ്ഥലത്ത് കൃഷിയുണ്ട്. തെങ്ങും കുവുങ്ങും റബ്ബറും ജാതിയുംമുതല്‍ ഇഞ്ചിയും മഞ്ഞളും കപ്പയുംവരെ.

അത്യുത്പാദനശേഷിയുള്ള നോവ ജാതിത്തൈകളുടെ പിറവിക്ക് പിന്നിലും കഠിനാധ്വാനത്തിന്റെ വിജയഗാഥയുണ്ട്. നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയ വേറിട്ട പരീക്ഷണമായിരുന്നു അത്. കൃഷിയിടത്തിലെ ഗുണമേന്മയുള്ള ജാതിത്തൈകള്‍ കണ്ടെത്തി ഗ്രാഫ്റ്റിങ് നടത്തി തുടര്‍ന്ന ശ്രമങ്ങള്‍ക്കൊടുവിലാണ്

നോവയുടെ പിറവി. 2002-കാലത്ത് സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ജാതിത്തൈക്ക് ഏകമകളുടെ പേരുമിട്ടു. മേന്മയും തൂക്കവും കൂടിയ ഇനമെന്നനിലയില്‍ നോവയ്ക്ക് മികച്ച വിപണിസ്വീകാര്യതയും കിട്ടി. എട്ടുവര്‍ഷം പ്രായമായ ജാതിയില്‍നിന്ന് രണ്ടായിരത്തോളം കായകള്‍ ലഭിക്കുമെന്ന് സജി പറയുന്നു. നല്ലവിലയുള്ള സമയത്താണെങ്കില്‍ ഒരുമരത്തില്‍നിന്ന് വര്‍ഷം 20,000 രൂപയോളം വരുമാനം ഉറപ്പ്.

സമ്മിശ്രക്കൃഷിയിലെ വിജയം

സമ്മിശ്രമാണ് സജിയുടെ കൃഷിയിടം. ഇരുനൂറോളം തെങ്ങും നൂറ്റിയെഴുപത്തഞ്ചോളം റബ്ബറുമുണ്ട്. വര്‍ഷത്തില്‍ നാലഞ്ച് ക്വിന്റല്‍ ജാതി വിളവെടുക്കും. മൂന്നുപശുവും ഒരു എരുമയുമുള്ളതിനാല്‍ വളം യഥേഷ്ടം. ബയോഗ്യാസ് പ്ലാന്റില്‍നിന്നുള്ള സ്ലറിയാണ് പ്രധാന വളം. പറമ്പില്‍ വലിയൊരു കുളവും രണ്ടു കുഴല്‍ക്കിണറുമുള്ളതിനാല്‍ വെള്ളത്തിനും ബുദ്ധിമുട്ടില്ല. 2500-ഓളം തിലോപ്പിയ മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. 20 തേനീച്ചക്കൂട്ടില്‍നിന്ന് ചെറുതേനും ലഭിക്കുന്നു. നേന്ത്രനും പൂവനുമെല്ലാമായി വാഴക്കൃഷിയും പതിവ്.

2011-12 വര്‍ഷം ആത്മപദ്ധതിയില്‍ മികച്ച ഉദ്യാനകര്‍ഷകനായി സജി മാത്യു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്, സി.പി.സി.ആര്‍.ഐ. കാസര്‍കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, ഓള്‍ കേരള ഫാര്‍മേഴ്സ് അസോസിയേഷന്‍ തുടങ്ങിയവയുടെ പുരസ്‌കാരവും തേടിയെത്തി.

ഭാര്യ ഉഷയും മകള്‍ പി.ജി. വിദ്യാര്‍ഥിനിയായ നോവയും സജിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. മഞ്ഞപ്പിത്തത്തിനും മൈഗ്രേനുമെല്ലാം പാരമ്പര്യ പച്ചമരുന്ന് ഉപയോഗിച്ചുള്ള ഒറ്റമൂലി ചികിത്സകന്‍ കൂടിയാണ് ഇദ്ദേഹം.

Content highlights: Over 150 varieties of exotic fruits in saji's farm