ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചപ്പോള്‍ ഗ്രോബാഗിലെ സുഷിരത്തിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നതോര്‍ത്ത് ആശങ്കപ്പെട്ട വിദ്യാര്‍ഥികളാണ് ഈ സ്‌കൂളിലെ കൗതുകം.  ചെടി നടുന്നതിനുള്ള ഗ്രോബാഗില്‍ വെള്ളം ഒഴിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുക?  തൃശൂരിലെ വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്ററായ സോണിയയ്ക്ക് തമാശ നിറഞ്ഞ കൃഷിയനുഭവങ്ങളാണ് ഓര്‍ക്കാനുള്ളത്. എങ്ങനെ ചെടി വളരും എന്ന് അറിയാത്ത കുട്ടികള്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ സ്‌കൂള്‍ മുറ്റത്തെ കൃഷിയിലൂടെ മനസിലാക്കിക്കൊടുക്കുകയാണ് ഇവര്‍.

സോണിയ ചിരിച്ചു കൊണ്ട് പറയുന്നത് ഇതാണ് , ' ടീച്ചറേ, ഗ്രോബാഗില്‍ വെള്ളമൊഴിച്ചപ്പോള്‍ വെള്ളം മുഴുവന്‍ പുറത്തേക്ക് പോകുകയാണ് എന്ന് പറഞ്ഞ കുട്ടികളാണ് ഇവിടെ. അത്രപോലും കുട്ടികള്‍ അറിയുന്നില്ല......ചെടികള്‍ നടുന്നതെങ്ങനെയെന്ന്'. 

പക്ഷേ ഇവര്‍ ഒന്നാന്തരം കൃഷിക്കാരാണ്. കൃഷിപാഠങ്ങള്‍ ഓരോന്നായി പഠിച്ചെടുത്ത ഇവര്‍ 275 ഗ്രോബാഗുകളിലായി വെണ്ട, വഴുതനങ്ങ, പച്ചമുളക്, തക്കാളി,കരിമ്പ്, ചേന, ഇഞ്ചി എന്നിവ സ്‌കൂള്‍ ഗ്രൗണ്ടില്‍ കൃഷി ചെയ്യുന്നു. സ്‌കൂളിലെ നാച്വര്‍ ക്ലബിലെ കുട്ടികളാണ് മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നത്. എളവള്ളി കൃഷി ഭവന്റെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ചെയ്യാനിറങ്ങിയത്.  

vidya

'ടീച്ചറേ, ഞങ്ങളെ വിളിച്ചോളൂ. ഞങ്ങള്‍ പാടത്തിറങ്ങാനും ചെളിയിലിറങ്ങാനും തയ്യാര്‍. വേണമെങ്കില്‍ ഒരു അവാര്‍ഡ് തന്നെ നമ്മള്‍ അടിച്ചെടുക്കും' ഇതാണ് കുട്ടികളുടെ ഡയലോഗ്. 

' ഗ്രോബാഗ് നിറയ്ക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് കൃഷി ഭവനില്‍ നിന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ തന്നു. മണ്ണ്, ചകിരിച്ചോറ്, ജൈവവളം എന്നിവ തുല്യമായി എടുത്താണ് ഗ്രോബാഗില്‍ തൈകള്‍ നടുന്നത്. പച്ചക്കറിത്തൈകള്‍ കൃഷി ഓഫീസില്‍ നിന്നുതന്നെ തന്നതാണ്. കഴിഞ്ഞ വര്‍ഷം 100 ഗ്രോബാഗിലാണ് കൃഷി ചെയ്തത്. ഈ വര്‍ഷം സ്‌കൂളിലെ കൃഷി ഒന്നുകൂടി വിപുലപ്പെടുത്താനായി കൃഷി ഓഫീസറെ സമീപിച്ചു. അങ്ങനെയാണ് 275 ഗ്രോബാഗുകളില്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കൃഷി ചെയ്തത്.'  സോണിയ പറയുന്നത് കുട്ടികളുടെ താത്പര്യത്തെക്കുറിച്ചുതന്നെ.

ഈ വര്‍ഷം 600 ഗ്രോ ബാഗുകളിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് ഇവര്‍ കരുതുന്നത്. ഡ്രിപ്പ് ഇറിഗേഷന്‍ വഴിയുള്ള ജലസേചനമാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം കൃഷിയുടെ കാര്യത്തില്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് സോണിയ വ്യക്തമാക്കുന്നു. agri

70 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യാനുള്ള പദ്ധതിയും സ്‌കൂള്‍ അധികൃതര്‍ക്കുണ്ട്. 'കൃഷി ചെയ്യാന്‍ സമയപരിമിതി അനുഭവപ്പെടുന്നുണ്ട്. ക്ലാസില്‍ പഠിപ്പിക്കണം. അതിനിടയിലാണ് ഈ പണിയും നടക്കുന്നത്. ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. കുട്ടികള്‍ക്ക് കൃഷി ചെയ്യാന്‍ താത്പര്യം കൂടി വരുന്നുണ്ട്. ക്ലാസിലിരുന്ന് പഠിക്കുന്നതിനേക്കാളും പുറത്തിറങ്ങാനും ചെടികള്‍ നനയ്ക്കാനും കള പറിയ്ക്കാനുമൊക്കെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ' 100  ഔഷധ സസ്യങ്ങളുള്ള തോട്ടവും സ്‌കൂളിലുണ്ടെന്ന് ഈ അധ്യാപിക പറയുന്നു. കുട്ടികള്‍ക്ക് ഔഷധ സസ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാനുള്ള അവസരം നല്‍കുന്നു. 

കൃഷി ചെയ്തുണ്ടാക്കുന്ന വിളവുകള്‍ അവര്‍ക്കു തന്നെ നല്‍കി വീണ്ടും കൃഷിയിലേക്കിറങ്ങാനുള്ള പ്രചോദനമാണ് ഇവര്‍ നല്‍കുന്നത്. എളവള്ളി പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാലയത്തിനുള്ള അവാര്‍ഡ് വിദ്യാ വിഹാര്‍ സ്‌കൂളിന് ലഭിക്കുകയുണ്ടായി. തോളൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് നടത്തിയ എക്‌സിബിഷന്‍ സ്റ്റാളില്‍ ഈ സ്‌കൂളിലെ പച്ചക്കറികളും ഇടം പിടിച്ചു. ഗ്രോബാഗില്‍ പൈനാപ്പിളും കരിമ്പും നെല്ലുമെല്ലാം പരീക്ഷിച്ചു നോക്കുകയാണ് ഇവര്‍.