വടകര: ഇവിടെ കൃഷിയും കൃഷിക്കാരുമല്ല താരം. കിഴക്കെ മട്ടന്നൂര്‍ എന്ന രണ്ടുനില ഓടിട്ട വീടാണ്. ഈ വീടുള്ളതുകൊണ്ടാണ് കിഴക്കെ മട്ടന്നൂര്‍ പങ്കജാക്ഷിയും കുടുംബവും ചിപ്പിക്കൂണ്‍ കൃഷിയിലേക്ക് തിരിഞ്ഞത്. ആ കഥ ഇങ്ങനെ. 

mushroomപങ്കജാക്ഷിയും മകള്‍ പ്രീതയും പ്രീതയുടെ ഭര്‍ത്താവ് പ്രഭാകരനും മകന്‍ അമലും തറവാട് വീടിനു തൊട്ടുമുന്നിലുള്ള പുതിയ വീട്ടിലാണ് താമസം. തറവാട് വീട് വാടകയ്ക്ക് നല്‍കി. ഇതിനിടെ താഴത്തെനില വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തി. ബി.ടെക് കഴിഞ്ഞ അമല്‍ കോഴിക്കോട് നടന്ന കൂണ്‍കൃഷി പരിശീലനക്ലാസില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. കൂണ്‍കൃഷിക്ക് ഇരുട്ടുമുറിയും അധികം സൂര്യപ്രകാശം കടക്കാത്ത മുറികളുമെല്ലാം വേണം. അന്തരീക്ഷത്തിലെ ചൂടും അന്തരീക്ഷ ആര്‍ദ്രതയുമെല്ലാം കൃത്യമായ അളവിലുമായിരിക്കണം. അമല്‍ പരിശോധന നടത്തിയപ്പോള്‍ 82 വര്‍ഷം പഴക്കമുള്ള വീടിന്റെ ഉള്‍വശം എന്തുകൊണ്ടും കൂണ്‍കൃഷിക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. എട്ട് വിത്തുകള്‍ കൊണ്ടുവന്ന് ഇവിടെ കൂണ്‍കൃഷി തുടങ്ങി. ഇത് വിജയമെന്ന് കണ്ടതോടെ നൂറ് വിത്തുകള്‍ എത്തിച്ചു. 

രണ്ടുമാസം പിന്നിട്ടതോടെ വീടിന്റെ അകങ്ങള്‍ കൂണിന്റെ വിളനിലമായി. 300 ബാഗുകളിലാണ് ഇപ്പോള്‍ കൃഷിയുള്ളത്. ദിവസം വിളവെടുക്കുന്നത് നാല് കിലോ ചിപ്പിക്കൂണ്‍. ഒരു കിലോ കൂണിന് 300 രൂപ ലഭിക്കും. കൂണ്‍ക്കൊണ്ട് വിവിധവിഭവങ്ങള്‍ ഉണ്ടാക്കി പങ്കജാക്ഷിയും കുടുംബവും വൈവിധ്യവത്കരണത്തിന്റെ പാതയും തുറക്കുന്നു. അമലാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 

അമ്മ പ്രീതയും അമ്മൂമ്മ പങ്കജാക്ഷിയും എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്. മടപ്പള്ളിയില്‍ ജെ.സി. ബോസ് ജൈവകൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂണ്‍കൃഷി പ്രോത്സാഹനപരിപാടി സംഘടിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഇവര്‍ വഴിയാണ് അമല്‍ കൂണ്‍വിത്തുകള്‍ വാങ്ങുന്നത്. 

വീടിന്റെ താഴത്തെ നിലയിലെ നാല് മുറികളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഒരു മുറി സൂര്യപ്രകാശം തീരെ കടക്കാത്തവിധം സജ്ജീകരിച്ചു. 

തിളയ്ക്കുന്ന വെള്ളത്തില്‍ പുഴുങ്ങിയെടുത്ത് അണുവിമുക്തമാക്കിയ വൈക്കോല്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പ്രത്യേകരീതിയില്‍ അടുക്കിവെച്ച് ഇതിനിടയില്‍ വിത്തുകള്‍ നിക്ഷേപിക്കണം. 18 ദിവസം വരെ ഈ ബാഗുകള്‍ ഇരുട്ടുമുറിയിലാണ് കെട്ടിത്തൂക്കേണ്ടത്. ചെറിയ മുകുളങ്ങള്‍ പുറത്തേക്ക് വരുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത മുറിയിലേക്ക് ഇവ മാറ്റണം. അന്തരീക്ഷത്തിലെ ചൂട് 27 ഡിഗ്രിയാണ് വേണ്ടത്. ഇതിനെല്ലാം അനുയോജ്യമായ സൗകര്യം തറവാട്ടില്‍ ഉണ്ടെന്നതാണ് സൗകര്യമായത്. 

21-ദിവസം കഴിഞ്ഞാല്‍ കൂണ്‍ വിളവെടുക്കാം. കൂണ്‍സഞ്ചികളുടെ കാലാവധി കഴിയുന്നതിനനുസരിച്ച് പുതിയ സഞ്ചികളില്‍ വിത്ത് നിറച്ച് തൂക്കിയിടും. പരിസരശുചിത്വമാണ് കൃഷിക്ക് അത്യാവശ്യം. ഇടയ്ക്കിടെ കൈ ഡെറ്റോള്‍ പോലുള്ള അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കണം. വടകരയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ജൈവകടകളിലുമാണ് കൂണ്‍ വില്‍പ്പന നടത്തുന്നത്. 

ബാക്കിവരുന്നവ ഉപയോഗിച്ച് പങ്കജാക്ഷിഅമ്മ അച്ചാറും കട്ലറ്റും ചമ്മന്തിപ്പൊടിയുമെല്ലാം ഉണ്ടാക്കും. ഇവര്‍ പാചകം ചെയ്യുന്ന കൂണ്‍കറിയും അതിവിശിഷ്ടമാണ്. പാചകരീതിയൊക്കെ എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുകയും ചെയ്യും. വിളവെടുപ്പിനുശേഷം അവശിഷ്ടം ഉപയോഗിച്ച് പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട് ഇവര്‍. വൈകാതെ ത്തന്നെ പാല്‍ക്കൂണ്‍ കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണ് അമല്‍.

Content highlights: Agriculture, Organic farming, Mushroom