മൈക്രോഗ്രീന്‍ സജീവമാവുകയാണ് നമ്മുടെ നാട്ടിലും. എന്താണ് മൈക്രോഗ്രീന്‍സ് എന്നല്ലേ. മുളപ്പിച്ച് കഴിക്കുന്ന ഭക്ഷണത്തെ തളിര്‍പ്പിച്ചു കഴിക്കുന്നതാണ് ഒറ്റവാക്കില്‍ മൈക്രോഗ്രീന്‍സ്. പഞ്ചനക്ഷത്ര ഭക്ഷണം എന്ന നിലയില്‍ പ്രശസ്തമാണ് പണ്ടേ ഈ പൊടിപ്പുകള്‍. എന്നാല്‍, പുതിയ കാലത്ത് ആരോഗ്യം നോക്കി ഭക്ഷിക്കുന്നവര്‍ക്ക് പ്രിയങ്കരമാവുന്നു മൈക്രോഗ്രീന്‍സ്.

എല്ലാ പൊടിപ്പുകളും മൈക്രോഗ്രീന്‍സ് അല്ല. ജനിതകമാറ്റം വരാത്ത വിത്തുകള്‍ വേണം. പരാഗണം നടക്കാത്തവ വേണം, ഹൈബ്രീഡ് പാടില്ല എന്നിങ്ങനെ നിബന്ധനകള്‍ നിരവധി. മുപ്പതോളം ഇനങ്ങളാണ് പ്രധാനമായും ഇന്ന് ഈ വിഭാഗത്തില്‍ ഭക്ഷ്യയോഗ്യമായി കരുതുന്നത്. തക്കാളി, മുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ പൊടിപ്പുകള്‍ ഭക്ഷിക്കാന്‍ ഉപയോഗിക്കുന്നില്ല. സൂര്യകാന്തി, ചോളം, കടുക്, ബീറ്റ് റൂട്ട്, ചീര, തുടങ്ങിയവയെല്ലാം ഭക്ഷിക്കാന്‍ വളര്‍ത്തുന്നുമുണ്ട്.

microgreens

പ്രത്യേകം ട്രേകളിലാണ് മൈക്രോഗ്രീന്‍ വളര്‍ത്തുന്നത്. ദ്വാരമുള്ളതും ഇല്ലാത്തുമായ ട്രേകള്‍ വേണം. ദ്വാരമുള്ള ട്രേയില്‍ ചകിരിച്ചോറ് നിറയ്ക്കണം. ഇതില്‍ വിത്തുകള്‍ വിതയ്ക്കുന്നു. രണ്ടാമത്തെ ട്രേ ഉപയോഗിച്ച് മൂടിവയ്ക്കുന്നു. ഇന്‍ക്യുബേറ്ററിന്റെ അവസ്ഥയിലേക്കാണ് ഇപ്പോള്‍ വിത്തുകള്‍ക്ക്. മൂന്നുനാലു ദിവസം കൊണ്ട് ഇവ മുള പൊട്ടും. അപ്പോള്‍ ട്രേ മലര്‍ത്തി വയ്ക്കുന്നു. ഫലത്തില്‍ അദ്യ ട്രേയില്‍ തന്നെ ഒരിഞ്ചു വരെ വളരാന്‍ പാകത്തില്‍ ഉയരം കിട്ടും. വൈകാതെ ദ്വാരമില്ലാത്ത ട്രേയില്‍ വെള്ളം നിറച്ച് മുള പൊട്ടിയ ട്രേ ഇതിലേക്ക് ഇറയ്ക്കു വയ്ക്കുന്നു. ചകിരിച്ചോറിലൂടെ വേരിറങ്ങി വൈകാതെ ചെടി ജലം ആഗിരണം ചെയ്യും.

പരമാവധി രണ്ടാഴ്ചയോളമാണ് മൈക്രോഗ്രീന്‍ ചെടികളുടെ ആയുസ്സ്. അതിനാല്‍ വളം ഉപയോഗിക്കേണ്ടതില്ല, മറ്റ് കേടുകളുമില്ല. പരമാവധി 25 ഗ്രാം മാത്രം കഴിച്ചാല്‍ മതി എന്നതാണ് മൈക്രോഗ്രീന്‍സിന്റെ സവിശേഷത. പച്ചയ്ക്ക് കഴിക്കാം. എല്ലിന് ആരോഗ്യം കിട്ടാന്‍ ഈ പൊടിപ്പുകള്‍ നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്നതാണ് മറ്റൊരു ഗുണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനാവും. ചെറുപ്പം നിലനിര്‍ത്താനും തളിരുകള്‍ മികവുറ്റതാണ്.

microgreens

ദോശയില്‍ ചേര്‍ത്തും ചമ്മന്തിയായും എല്ലാം ഈ തളിരുകള്‍ പച്ചയ്ക്ക് കഴിക്കാം. വിഭവങ്ങള്‍ തീന്‍മേശയില്‍ എത്തിക്കുമ്പോള്‍ അലങ്കരിക്കാനും ഇവ ഉപയോഗിക്കുന്നു. എറണാകുളം സൗത്ത് ചിറ്റൂരിലെ അജയ് ഗോപിനാഥിന്റെ ഗ്രോ ഗ്രീന്‍സാണ് ആദ്യം മൈക്രോ ഗ്രീന്‍സില്‍ തുടക്കമിട്ടത്. സംസ്ഥാനത്ത് ആറിടത്ത് ഇപ്പോല്‍ ഗ്രോ ഗ്രീന്‍സിന് ഫ്രാഞ്ചൈസികളാവുകയാണ്. വെറും 80 ചതുരശ്ര അടിയില്‍നിന്ന് 50,000 രൂപ സമ്പാദിക്കാമെന്ന് പറയുന്നു അജയ്.

അജയ് ഗോപിനാഥ് ഫോണ്‍: 73062 99044

Content Highlights: Microgreens, Health Benefits, Nutrition and How to Grow Them