മുഹമ്മദ് അഷ്റഫ് ഇരുപതേക്കറിന്റെ ഒരറ്റത്തുനിന്ന് കൈചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കിയപ്പോള്‍ പഴങ്ങളുടെ വിളസമൃദ്ധി നല്കുന്ന കാഴ്ചയുടെ വസന്തം. എടപ്പറ്റയിലെ പഴത്തോട്ടത്തില്‍ ഇത് വിളവെടുപ്പുകാലം. രണ്ടുവര്‍ഷം മുന്‍പ് നട്ടുപിടിപ്പിച്ച തോട്ടത്തിലെ ആദ്യവിളവെടുപ്പ്. ഇവിടെ വിളഞ്ഞിരിക്കുന്നത് നൂറിലേറെ വിദേശ ഇനം പഴങ്ങള്‍. തൈകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെത്തിച്ചവ.
ജബോട്ടിക്കബ, ബ്രസീസില്നിന്ന് കൊണ്ടുവന്ന ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയന്, മങ്കോസ്റ്റിന്, ഈന്തപ്പഴം, തായ്ലന്ഡ് ചാമ്പ, ഇലന്തപ്പഴം, ലബനീസ് ഓറഞ്ച്, ബിരുന്തി, വെസ്റ്റ്ഇന്ത്യന്‍ ചെറി, പീനട്ട് ബട്ടര്‍, പിയര്‍ ആപ്പിള്‍ തുടങ്ങി നൂറിലേറെ വിദേശ പഴങ്ങളുണ്ട് ഇവിടെ. പിസ്തയും ഒലിവുംപോലെ കേരളത്തിലെ കാലാവസ്ഥയില്‍ വളരില്ലെന്നുകരുതിയിരുന്നവ വേറെയും. വിദേശ ഇനങ്ങള്‍ക്കുപുറമേ നാടന്‍ പഴങ്ങളും കൃഷിചെയ്യുന്നുണ്ട്. പേര, മാങ്ങ തുടങ്ങിയവയുടെ പത്തിലധികം വ്യത്യസ്ത ഇനങ്ങള്‍.
തെങ്ങിന്‍തോപ്പായിരുന്നു ഈ ഇരുപതേക്കര്‍ സ്ഥലം. മഞ്ചേരിയിലെ പഴക്കച്ചവടക്കാരനായ കെ.സി. ബാപ്പുട്ടി എന്ന മുഹമ്മദ് അഷ്റഫാണ് ഇറക്കുമതിചെയ്ത് വില്‍ക്കുന്ന പഴങ്ങള്‍ ഇവിടെത്തന്നെ വിളയിച്ചാലെന്തെന്ന് ചിന്തിച്ചത്. എടപ്പറ്റ കൃഷി ഓഫീസറായ ടി.ടി. തോമസുമായി ഇക്കാര്യം പങ്കുവെച്ചു. കൃഷിവകുപ്പിന്റെ മുഴുവന്‍ പിന്തുണയും അറിയിച്ചതോടെ ഈ തെങ്ങിന്തോപ്പ് മുഹമ്മദ് അഷ്റഫ് തന്റെയും മക്കളുടെയുംപേരില് വാങ്ങുകയായിരുന്നു.

ഇന്ത്യയിലെ മികച്ച കാര്‍ഷിക സര്‍വകലാശാലകളില്‍നിന്നുള്ള തൈകളും ഇറക്കുമതിചെയ്ത തൈകളുമാണ് ഇവിടെ കൃഷിചെയ്യുന്നത്. കൃഷിചെയ്യാന്‍ തയ്യാറാകുന്നവരെ സഹായിക്കാനായി നഴ്സറിയും ഫാമില്‍ ആരംഭിച്ചു. എല്ലുപൊടി, ചാണകം, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. മണ്ണുപരിശോധന നടത്തി ആവശ്യമെങ്കില്‍മാത്രം രാസവളങ്ങള്‍.
ഓരോ ഇനത്തില്‍നിന്നും പ്രതീക്ഷകള്‍ക്കപ്പുറത്ത് വിളവുലഭിക്കുന്നതാണിപ്പോള് ഉടമകളെ ഏറെ സന്തോഷിപ്പിക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ അഞ്ഞൂറുചെടികളാണുള്ളത്. തുടക്കത്തില്‍ത്തന്നെ രണ്ടായിരം കിലോയിലധികം വിളവെടുത്തു. ഒരുകിലോയ്ക്ക് 300 രൂപവരെ ലഭിക്കുന്നു. 100 ചെടികളാണ് എലന്തപ്പഴത്തിന്റേതുള്ളത്. 500 കിലോയിലധികം വിളവെടുത്തു. ലെബനീസ് ലൈം എന്ന ഓറഞ്ച് ഇനം 250 ചെടികളില്‍നിന്ന് ഒന്നര ടണ്‍ പഴങ്ങള്‍ നല്കി. കുതിരസവാരിയടക്കമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രം ആക്കിമാറ്റുകയാണ് അഷ്റഫിന്റെ ലക്ഷ്യം.
Content Highlights: Malappuram farm with more than 100 exotic fruit varieties