രാജ്യത്തെ മികച്ച 10 കര്‍ഷകരിലൊരാളായി പത്തിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുന്‍ ബാങ്ക് മാനേജരും. പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ശാഖാ മാനേജര്‍ കൊറ്റിനാട്ട് ബംഗ്ലാവില്‍ എം. ഗോപാലകൃഷ്ണപിള്ളയാണ് ഈ നേട്ടത്തിനുടമ. കേരളത്തില്‍നിന്നുള്ള ഏക പുരസ്‌കാര ജേതാവാണ് ഗോപാലകൃഷ്ണപിള്ള.

ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള നാഷണല്‍ അക്കാദമി ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് ആണ് മികച്ച കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. സ്വന്തമായുള്ള ഒരു ഹെക്ടര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷി. തെങ്ങ്, പശു ഫാം, സംയോജിത ഇടവിള കൃഷി, മീന്‍ വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയാണ് ചെയ്യുന്നത്.

ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സി.പി.സി.ആര്‍.ഐ. (സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) മുഖേന ജില്ലയില്‍ നടപ്പാക്കുന്ന ഫാര്‍മര്‍ ഫസ്റ്റ് പദ്ധതിയിലെ മികച്ച കര്‍ഷകനാണ് ഇദ്ദേഹം. സി.പി.സി.ആര്‍.ഐ.യുടെ വിവിധ സാങ്കേതിക സഹായത്തോടെ നിരവധി പദ്ധതികളും ഗോപാലകൃഷ്ണപിള്ള നടപ്പില്‍ വരുത്തി. 

കുളമ്പ് രോഗത്തിനെതിരേയുള്ള കൗ മാറ്റ്, അകിടുവീക്കം തടയുന്നതിനുള്ള മാസ്റ്റിറ്റീസ് കിറ്റ്, തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് എത്തിച്ചുനല്‍കിയ തീറ്റപ്പുല്‍ കൃഷി, ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യയില്‍ ചോളം കൃഷി, പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി ക്രീം സെപ്പറേറ്റര്‍ എന്നിവ ഇവയിലുള്‍പ്പെടും.

സി.പി.സി.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. അനിതകുമാരി, ഡോ. അല്‍ക്ക ഗുപ്ത, ഡോ. മുരളീധരന്‍ എന്നിവരാണ് പദ്ധതികളിലെ പിന്‍ബലം. വിവിധ ഇനങ്ങളിലുള്ള 49 പശുക്കളും 20 കിടാരികളും ഗോപാലകൃഷ്ണപിള്ളയുടെ ഫാമിലുണ്ട്. ദിവസേന 350 ലിറ്റര്‍ പാല്‍ ലഭിക്കും. നേരിട്ടുള്ള വിപണനമാണ്. അതിനാല്‍ നല്ല വില ലഭിക്കുന്നു. ഗുണമേന്മയുള്ള പാല്‍ ആയതിനാല്‍ ദൂരെസ്ഥലത്തുനിന്നുപോലും പാല്‍ വാങ്ങാന്‍ ആളുകളെത്തുന്നുണ്ട്.

ഒരു വര്‍ഷം അഞ്ച് ടണ്‍ കമ്പോസ്റ്റാണ് വില്‍ക്കുന്നത്. കരട്ടി, തിലാപ്പിയ എന്നിവയാണ് മത്സ്യ കൃഷി. പത്തിയൂരില്‍ കര്‍ഷകര്‍ക്ക് സ്ഥിരവിപണി സൗകര്യം ഒരുക്കാന്‍ ഫാര്‍മര്‍ ഫസ്റ്റ് പദ്ധതിയില്‍ തുടങ്ങിയ ഓടനാട് കാര്‍ഷിക ഉത്പാദന കമ്പനിയുടെ സ്ഥാപക ഡയറക്ടറുമാണ്. ഉഷയാണ് ഭാര്യ.

Content Highlights: M gopalakrishna pillai bags National Academy of Agricultural Research Award